1 GBP = 105.47

എടികെ മോഹൻ ബഗാൻ ഫൈനലിൽ; ഷൂട്ട്ഔട്ടിൽ ഹൈദരാബാദ് എഫ്‌സി പുറത്ത്.

എടികെ മോഹൻ ബഗാൻ ഫൈനലിൽ; ഷൂട്ട്ഔട്ടിൽ ഹൈദരാബാദ് എഫ്‌സി പുറത്ത്.

2022-23 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി എടികെ മോഹൻ ബഗാൻ. നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ സ്വന്തം തട്ടകത്തിൽ തകർത്താണ് കൊൽക്കത്തൻ ക്ലബ്ബിന്റെ മുന്നേറ്റം. രണ്ടാമത്തെ സെമി ഫൈനലിലും വിജയികളെ തെരഞ്ഞെടുത്തത് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിക്ക് എതിരെ ബംഗളുരു എഫ്‌സി വിജയിച്ചതും പെനാൽറ്റിയിലൂടെയായിരുന്നു.

സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഫലം സമനിലയായിരുന്നു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഫൈനൽ ടിക്കറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് എടികെ മോഹൻ ബഗാൻ ഇറങ്ങിയത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിന്റെ കടിഞ്ഞാൺ എടികെ മോഹൻ ബഗാന്റെ കയ്യിലായിരുന്നു. എന്നാൽ, ഹൈദരാബാദിന്റെ യുവ ഗോൾകീപ്പർ ഗുരുമീത് സിങ്ങിന്റെ പ്രകടനമായിരുന്നു എതിർ നിരക്ക് ഗോൾ നിഷേധിക്കാൻ കാരണം.

അധിക സമയത്തും ഗോൾരഹിത സമനില പാലിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഹാവിയർ സിവേരിയോയുടെ ഷോട്ട് എടികെ മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കേയ്ത് തടഞ്ഞിട്ടതും ബാർത്തലോമിയോ ഓഗ്ബച്ചെയുടേത് ബോക്സിൽ തട്ടി പുറത്തു പോയതും ഹൈദരാബാദിന് തിരിച്ചടിയായി. എടികെയുടെ ബ്രെണ്ടൻ ഹാമിലിന് ഷോട്ട് പിഴച്ചെങ്കിലും വിജയം കൊൽക്കത്തൻ നിരയുടെ ഒപ്പമായിരുന്നു. വിശാൽ കേയ്ത് ആണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
മാർച്ച് 18 ന് ഗോവയിലെ ഫാട്രോഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാം കിരീടം തേടിയാണ് എടികെ ഇറങ്ങുക. ബംഗളുരു ആകട്ടെ രണ്ടാം കിരീടം ലക്ഷ്യമാക്കിയും. നിലവിലെ ഐഎസ്എൽ ജേതാക്കളെയും ഈ സീസണിലെ ലീഗ് ടോപ്പേഴ്സിനെയും അട്ടിമറിച്ച് ഇരു ടീമുകളും ഫൈനലിൽ എത്തുമ്പോൾ കളിക്കളത്തിൽ തീ പാറുമെന്ന് ഉറപ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more