1 GBP = 106.79
breaking news

മസ്കിന്റെ ‘ബ്രെയിൻ ചിപ്പ്’ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകാനാവില്ലെന്ന് എഫ്.ഡി.എ

മസ്കിന്റെ ‘ബ്രെയിൻ ചിപ്പ്’ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകാനാവില്ലെന്ന് എഫ്.ഡി.എ

ലോകകോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്കിന്റെ മെഡിക്കൽ ഉപകരണ കമ്പനിയായ ന്യൂറലിങ്ക് വർഷങ്ങളായി മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ പരീക്ഷണങ്ങളിലാണ്. ന്യൂറലിങ്ക് വികസിപ്പിച്ച വിപ്ലവകരമായ മസ്തിഷ്ക ഇംപ്ലാന്റുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിനെ കുറിച്ച് ഇലോൺ മസ്ക് 2019 മുതൽ പല തവണയായി സൂചനകളും തന്നിരുന്നു. 

തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാവുന്ന ഉപകരണമാണ് ന്യൂറലിങ്ക് വികസിപ്പിച്ചുവരുന്നത്. പക്ഷാഘാതം, അന്ധത തുടങ്ങിയ പരിഹരിക്കാനാകാത്ത അവസ്ഥകളെ ചികിത്സിക്കാൻ ചിപ്പ് ഉപയോഗപ്പെടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

2023ന്റെ പകുതിയോടെ മനുഷ്യരിൽ ഇംപ്ലാന്റുകൾ പരീക്ഷിക്കുന്നതിനുള്ള അനുമതിക്കായി ന്യൂറലിങ്ക്, അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (FDA) സമീപിച്ചിരുന്നു. എന്നാൽ, ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി തേടിയുള്ള ന്യൂറലിങ്കിന്റെ അഭ്യർത്ഥന എഫ്.ഡി.എ നിരസിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കമ്പനിയിലെ നിലവിലെ ജീവനക്കാരെയും മുൻ ജീവനക്കാരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് എഫ്.ഡി.എ അനുമതി നൽകാതിരുന്നത്. മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഉപകരണം നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ അവർ പങ്കുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ, ന്യൂറലിങ്ക് ആറ് മാസത്തിനുള്ളിൽ ബ്രെയിൻ ഇംപ്ലാന്റുകളുടെ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചേക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ, എഫ്.ഡി.എയുടെ തീരുമാനം ശതകോടീശ്വരന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more