സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. അതില്‍ വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്.
ഈ പഞ്ചായത്തുകളിലെ ചുള്ളിയോട് പിഎച്ച്‌സി, ചീരാല്‍ പിഎച്ച്‌സി, പൊഴുതന എഫ്എച്ച്‌സി, സുഗന്ധഗിരി പിഎച്ച്‌സി, വെള്ളമുണ്ട പിഎച്ച്‌സി, പൊരുന്നന്നൂര്‍ സിഎച്ച്‌സി എന്നീ ആശുപത്രികള്‍ ഇതില്‍ പങ്കാളികളായി.
വയനാട് ജില്ലയില്‍ ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 55,703 പേരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗ സാധ്യത വിലയിരുത്തിയത്. ജില്ലയില്‍ ഇല്ലാത്തവരൊഴികെ ഈ പഞ്ചായത്തുകളിലെ 97 ശതമാനത്തോളം പേരെ സ്‌ക്രീന്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ 10,575 പേരാണ് ഏതെങ്കിലും റിസ്‌ക് ഫാക്ടറില്‍ ഉള്ളവര്‍. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു.
സംസ്ഥാന വ്യാപകമായി ഇതുവരെ 17 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ആകെ 17,15,457 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 19.18 ശതമാനം പേര്‍ (3,29,028) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.96 ശതമാനം പേര്‍ക്ക് (1,87,925) രക്താതിമര്‍ദ്ദവും, 8.72 ശതമാനം പേര്‍ക്ക് (1,49,567) പ്രമേഹവും, 4.55 ശതമാനം പേര്‍ക്ക് (69,561) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
click on malayalam character to switch languages