ഡോക്ടർ ജ്യോതിസ് മണലയിലിന് (27) ലിവർപൂളിലെ സെൻറ് ഹെലൻസിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി….. ഹൃദയം തകർന്ന് മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും….. അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് മാർ ജോസഫ് സ്രാമ്പിക്കൽ
Jul 09, 2022
ജൂൺ10 ന് കാറപകടത്തിൽ മരണമടഞ്ഞ ലിവർപൂളിലെ ഡോക്‌ടർ ജ്യോതിസ് മണലയിലിന് ലിവർപൂളിലെ സെൻറ് ഹെലൻസ് ഹോളി ക്രോസ്സ് പള്ളിയിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ചേതനയറ്റ ജ്യോതിസിന്റെ ശരീരം ദേവാലയത്തിൽ എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും പരിസരവും ജനനിബിഢമായിരുന്നു. രാവിലെ 10.30 ന് ഫ്യൂണറൽ ഡയറക്ടേഷ്സ് ജ്യോതിസിന്റെ ഭൌതിക ശരീരം പള്ളിയിൽ എത്തിച്ചതിനെ തുടർന്ന് ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ബാല്യം മുതൽ അൾത്താര ബാലനായി ശുശ്രൂഷ ചെയ്ത ദേവാലയത്തിലെ മദ്ബഹയ്ക്ക് മുന്നിൽ ജ്യോതിസിന്റെ ജീവനറ്റ ശരീരം അന്ത്യശുശ്രൂഷകൾ ഏറ്റുവാങ്ങിയ കാഴ്ച ഹൃദയ ഭേദകമായിരുന്നു.
പ്രിയ പുത്രന്റെ അപ്രതീക്ഷിതമായ വേർപാടിൽ സങ്കടക്കടലായി മാറിയ മാതാപിതാക്കൾ ജോജപ്പനും ജെസിയും ഏക സഹോദരൻ ജോവിസും അന്ത്യാഞ്ജലി അർപ്പിക്കാൻ ദേവാലയത്തിലെത്തിയ മുഴുവൻ പേരുടേയും കണ്ണ് നനയിച്ചു. പഠനത്തിൽ ഏറെ മിടുക്കനായിരുന്ന ജ്യോതിസ് സഹപാഠികളുടെ പ്രിയങ്കരനായിരുന്നു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ശേഷം ലങ്കാഷയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ആരംഭിച്ച ജ്യോതിസ് സഹപ്രവർത്തകർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഡോക്ടർ ജ്യോതിസ് തങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരിന്നു എന്നതിന്റെ തെളിവായി നിറകണ്ണുകളോടെ അന്ത്യ ശുശ്രൂഷകളിൽ പങ്കെടുത്ത സഹപാഠികളും സഹപ്രവർത്തകരും.
മലയാളത്തിലും ഇംഗ്‌ളീഷിലുമായി നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ നേതൃത്വം നൽകി. രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട്, ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ആൻഡ്രൂസ് ചെതലൻ, ഫാ. രാജേഷ് ആനാത്തിൽ, ഫാ. രഞ്ജിത്ത്, ഫാ. മാത്യൂസ് കുരിശുമ്മൂട്ടിൽ, ഹോളി ക്രോസ്സ് ഇടവക വികാരി ഫാ. കെവിൻ എന്നിവർ സഹശുശ്രൂഷകരായി. യേശുക്രിസ്തുവും സെൻറ് ജോണും വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ ദൌത്യം പൂർത്തിയാക്കി ഈ ലോകത്ത് നിന്നും കടന്ന് പോയത് പോലെ ജ്യോതിസും തന്റെ ചുമതലകൾ മാതൃകാപരമായി ചെയ്ത് പൂർത്തിയാക്കിയാണ് കടന്ന് പോകുന്നതെന്ന് ബിഷപ്പ് ശ്രാമ്പിക്കൽ കുർബ്ബാന മദ്ധ്യേ തന്റെ സന്ദേശത്തിൽ പറഞ്ഞു.
പഠനത്തോടൊപ്പം കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യമറിയിച്ച ജ്യോതിസ് ഒരു ബഹുമുഖ പ്രതിഭയായിരുന്നു. കോവിഡ് സമയത്ത് ഏഴ് ദിവസവും ജോലി ചെയ്ത് മാതൃകയായ ജ്യോതിസ് ലളിത ജീവിതത്തിന് ഒരുത്തമ മാതൃകയും ആയിരുന്നു. ചങ്ങനാശ്ശേരി സെൻറ് മേരീസ് കത്തീഡ്രൽ ഇടവക മണലയിൽ കുടുംബാംഗമാണ് ജ്യോതിസ്.
യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയണ് വേണ്ടി പ്രസിഡൻറ് ബിജു പീറ്റർ എന്നിവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരവറിയിച്ചു. ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ (LIMCA) പ്രസിഡൻ്റ് തമ്പി ജോസ്, ലിവർപൂൾ മലയാളി അസ്സോസ്സിയേഷൻ (LIMA) പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ഇടുക്കി ചാരിറ്റി ഗ്രുപ്പ് യു കെ, കുട്ടനാട് സംഗമം യു കെ തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉദ്ദേശം 1.30 ന് ജ്യോതിസിന്റെ മൃതദേഹം റെയിൻഫോർഡിലുള്ള ഗ്രീൻ ഏക്കേഴ്സ് പാർക്കിലെ ക്രിമറ്റോറിയത്തിൽ എത്തിച്ചു. ക്രീമറ്റോറിയത്തിലെ അവസാന ശുശ്രൂഷകൾക്ക് ഫാ. ആൻഡ്രൂസ് ചെതലൻ കാർമ്മികത്വം വഹിച്ചു. ക്രിമറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ജ്യോതിസിന്റെ ഏക സഹോദരൻ ജോവിസും, സഹപ്രവർത്തകരും ജ്യോതിസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ചപ്പോൾ ചടങ്ങിൽ പങ്കെടുത്തവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ജ്യോതിസിന്റെ ശൈശവം മുതൽ മരണം വരെയുള്ള ജീവിത വഴികൾ ഉൾപ്പെടുത്തിയ വീഡിയോ ക്രീമറ്റോറിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.
യുക്മ ദേശീയ കലാമേളയ്ക്കായി ആറു വേദികൾ കവിയൂർ പൊന്നമ്മ നഗറിൽ സജ്ജമാകും; മത്സരങ്ങളുടെ സമയക്രമ പട്ടിക പുറത്തിറക്കി; അവസാനവട്ട ഒരുക്കങ്ങളുമായി ദേശീയ സമിതി /
click on malayalam character to switch languages