ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ എട്ടാം തോല്‍വി. ലക്നൗ സൂപ്പർ ജയന്റ്സിനോട് 36 റണ്‍സിനാണ് മുംബൈ അടിയറവ് പറഞ്ഞത്. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 38 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയും മാത്രമെ മുംബൈക്കായി പൊരുതിയുള്ളു. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി.
മുംബൈയുടെ ഈ സീസണിലെ തുടർച്ചയായ എട്ടാം തോൽവിയാണ്. ഒരു പോയിന്റ് പോലും നേടാനാവാതെ 10-ാം സ്ഥാനത്താണ് രോഹിതും സംഘവും. ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയ നായകൻ ലോകേഷ് രാഹുലിന്റെ സെഞ്ച്വറി (103 നോട്ടൗട്ട്) മികവിലാണ് ലഖ്നോ സൂപ്പർ ജയന്റ്സിന് പൊരുതാവുന്ന സ്കോർ ഉയർത്തിയത്. ആദ്യം ബാറ്റുചെയ്ത ലഖ്നോ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണെടുത്തത്.
രാഹുലിന് സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. മുംബൈ ഇന്ത്യൻസിനെതിരെ ആദ്യ കളിയിലും രാഹുൽ മൂന്നക്കം കടന്നിരുന്നു. മറ്റു ബാറ്റർമാരൊക്കെ നിറംമങ്ങിയപ്പോൾ രാഹുൽ ഒറ്റക്കാണ് ടീമിനെ മുന്നോട്ടുനയിച്ചത്.
62 പന്തിൽ നാലു സിക്സും 12 ബൗണ്ടറിയും സഹിതമാണ് രാഹുലിന്റെ സെഞ്ച്വറി. മനീഷ് പാണ്ഡെ (22), ആയുഷ് ബദോനി (14), ക്വിന്റൺ ഡികോക് (10), ദീപക് ഹൂഡ (10), ക്രുണാൽ പാണ്ഡ്യ (1), മാർകസ് സ്റ്റോയ്നിസ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. ജേസൺ ഹോൾഡർ (0) രാഹുലിനൊപ്പം പുറത്താവാതെ നിന്നു. മുംബൈക്കായി കീറൺ പൊള്ളാർഡും റിലെ മെറഡിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും ഡാനിയൽ സാംസും ഓരോ വിക്കറ്റ് വീതമെടുത്തു.
പതിയെ തുടങ്ങിയ ലഖ്നോക്കായി രാഹുലും ഡികോകും ശ്രദ്ധാപൂർവം ബാറ്റുചെയ്തപ്പോൾ തങ്ങളുടെ മുൻ താരത്തെ പുറത്താക്കി നാലാം ഓവറിലാണ് മുംബൈ ആദ്യ വെടിപൊട്ടിച്ചത്. ബുംറയുടെ പന്തിൽ തിലക് വർമയുടെ കൈയിൽനിന്ന് രക്ഷപ്പെട്ട ഡികോക് തൊട്ടടുത്ത പന്തിൽ രോഹിതിന്റെ ക്യാച്ചിലൊടുങ്ങുകയായിരുന്നു. വൺഡൗണായെത്തിയ പാണ്ഡെ പതിവ് മെല്ലെപ്പോക്കിൽനിന്ന് പുറത്തുകടക്കാനാവാതെ ഉഴറിയപ്പോൾ മറുവശത്ത് രാഹുൽ അടങ്ങിയിരുന്നില്ല. അതിവേഗം ബാറ്റുവീശിയ വലംകൈയ്യൻ സ്കോറുയർത്തി.
click on malayalam character to switch languages