1 GBP = 110.31

സിൽവർ ലൈൻ; ബഫർ സോണിൽ മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി

സിൽവർ ലൈൻ; ബഫർ സോണിൽ മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി

സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തേ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതിൽ വ്യക്തത വരുത്തിയത്. സിൽവർ ലൈനുവേണ്ടി ബലം പ്രയോ​ഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബി.ജെ.പി-കോൺ​ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം തവനൂരിലും എറണാകുളം ചോറ്റാനിക്കരയിലും സിൽവർ ലൈനിന് എതിരെ പ്രതിഷേധം തുടരുകയാണ്. തവനൂർ കാർഷിക എൻജിനിയറിം​ഗ് കോളജിലാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും.

പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച തീരുമാനങ്ങളാകും ഇന്ന് കൈക്കൊള്ളുക.

എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകും. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more