മയിലാടുതുറൈ: ക്ഷേത്രത്തിലെ രണ്ട് വിഗ്രഹങ്ങൾ കൈവശം വച്ച 75കാരനായ പൂജാരി പിടിയിൽ. സീർകാഴിക്കടുത്ത് നെമ്മേലി ഗ്രാമത്തിലാണ് സംഭവം. എൻ. സൂര്യമൂർത്തി എന്നയാളാണ് താൻ പൂജ ചെയ്തിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായ നെമ്മേലി ഗ്രാമത്തിലെ ശ്രീ വിശാലാക്ഷി വിശ്വനാഥർ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ രഹസ്യമായി കൈവശം വച്ചത്. ശ്രീ പ്രദോഷനായഗർ, ശ്രീ പ്രദോഷനായഗി എന്നിവരുടെ വിഗ്രഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് മാന്നാങ്കോവിൽ ശ്രീ നല്ലകത്തായി ക്ഷേത്രത്തിൽ നിന്ന് കാണാതായ നാല് വിഗ്രഹങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരായ എഡിഎസ്പി ആർ രാജാറാം, സബ് ഇൻസ്പെക്ടർമാരായ എസ് തമിഴ്സെൽവൻ, പി ബാലചന്ദ്രൻ, എം ചിന്നത്തുറൈ എന്നിവരടങ്ങുന്ന സംഘം പൂജാരിയെ പിടികൂടിയത്. ശ്രീ നല്ലകത്തായി ക്ഷേത്രത്തിൽ നിന്ന് കാണാതായത് ശ്രീ നല്ലകത്തായി, ശ്രീ കാഞ്ഞമലേശ്വരർ, ശ്രീ വിനായക, ശ്രീ ആഞ്ജനേയർ എന്നിവരുടെ വിഗ്രഹങ്ങളാണ്.
സൂര്യമൂർത്തിയും അദ്ദേഹത്തിന്റെ പിതാവ് നടേശനും സീർകാഴിക്കടുത്തുള്ള ഏതാനും ക്ഷേത്രങ്ങളിൽ പൂജ ചെയ്തിരുന്നതായും സുരക്ഷിതമായി സൂക്ഷിക്കാനെന്ന വ്യാജേന ഇരുവരും നല്ലകത്തായി ക്ഷേത്രത്തിൽ നിന്ന് നിരവധി വിഗ്രഹങ്ങൾ വീട്ടിൽ കൊണ്ടുപോയിരുന്നുവെന്നും എഡിഎസ്പി ആർ രാജാറാം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടപ്പോൾ, അവർ ഇതിൽ ചിലത് തിരികെ നൽകിയതായും” അദ്ദേഹം പറഞ്ഞു. 2003ൽ നടേശൻ അന്തരിച്ചു. ശ്രീ പ്രദോഷനായഗർ, ശ്രീ പ്രദോഷനായഗി വിഗ്രഹങ്ങൾ വിൽക്കാൻ സൂര്യമൂർത്തി പദ്ധതിയിട്ടിരുന്നതായും എഡിഎസ്പി പറഞ്ഞു. മൂന്ന് കിലോയോളം തൂക്കം വരുന്ന ഈ വിഗ്രഹങ്ങൾ ഒരു കോടി രൂപയോളം ലഭിക്കുമായിരുന്നു.
തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് 42 വർഷം മുമ്പ് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം അടുത്തിടെ തിരികെയെത്തിച്ചിരുന്നു. ലണ്ടനിൽ നിന്ന് കണ്ടെടുത്ത വിഗ്രഹമാണ് രാജ്യത്ത് തിരികെ എത്തിച്ചത്. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ 42 വർഷം മുമ്പ് മോഷണം പോയതാണ് ഈ വിഗ്രഹം. 1978-ലാണ് നാല് വെങ്കല വിഗ്രഹങ്ങൾ – പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. സീതാ-രാമ-ലക്ഷ്മണ-ഹനുമാൻ വിഗ്രഹങ്ങളാണ് അന്ന് മോഷണം പോയത്. ഇതിൽ മൂന്നെണ്ണമാണ് ഇപ്പോൾ തിരിച്ചു കിട്ടിയത്. ഹനുമാൻ വിഗ്രഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് 1978ൽ പൊരയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും വിഗ്രഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിരീക്ഷിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ വിവരത്തെത്തുടർന്ന്, മോഷ്ടിച്ച നാല് വിഗ്രഹങ്ങളിൽ മൂന്നെണ്ണം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലണ്ടനിലെ ഒരു പുരാവസ്തുക്കൾ ശേഖരിക്കുന്ന വ്യക്തിയിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
click on malayalam character to switch languages