Thursday, Jan 23, 2025 10:56 PM
1 GBP = 106.83
breaking news

വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങി വാവ സുരേഷ്; പിടികൂടിയത് മൂര്‍ഖനെ

വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങി വാവ സുരേഷ്; പിടികൂടിയത് മൂര്‍ഖനെ

അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റ് വിശ്രമത്തിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങി. ആലപ്പുഴ ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടില്‍ മൂര്‍ഖനെ കണ്ടതോടെയാണ് വാവയെത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കണ്ടെത്തിയ മൂര്‍ഖനെയാണ് വാവ സുരേഷ് പിടികൂടിയത്.

രണ്ട് ബൈക്കുകളാണ് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്നത്. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തി വിടര്‍ത്തിയ മൂര്‍ഖനെ കാണുന്നത്. പേടിച്ച് ഉടന്‍ തന്നെ അഖില്‍ വാഹനത്തില്‍നിന്ന് ചാടിയിറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലരാണ് വാവ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം വാവ സുരേഷ് എത്തുമെന്ന് അറിഞ്ഞതോടെ പ്രദേശത്ത് ജനങ്ങള്‍ തടിച്ചുകൂടി.

സുരേഷ് രാത്രി എട്ടരയ്ക്കാണ് ചാരുംമൂട്ടിലെത്തിയത്. ബൈക്കിന്റെ ഹാന്‍ഡിലില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കി. ആശുപത്രി വിട്ടശേഷം പുറത്തു പോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും രണ്ട് വയസുള്ള ചെറിയ മൂര്‍ഖനാണിതെന്നും വാവ പറഞ്ഞു.

വാവ സുരേഷിന് കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ച് ജനുവരി 31 നാണ് പാമ്പ് കടിയേല്‍ക്കുന്നത്. മൂര്‍ഖനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാവയ്ക്ക് കാല്‍ മുട്ടിന് മുകളിലായി കടിയേറ്റത്. ആറടിയിലേറെ നീളമുള്ള മൂര്‍ഖനായിരുന്നു വാവ സുരേഷിനെ കടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയാണ് വാവയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. നേരത്തെയും പല തവണ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് കടിയേറ്റിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more