1 GBP = 110.31

യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങി; സ്ഥിരീകരിച്ച് ബ്രിട്ടണ്‍; ഉടന്‍ ഉപരോധം ഏര്‍പ്പെടുത്തും

യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങി; സ്ഥിരീകരിച്ച് ബ്രിട്ടണ്‍; ഉടന്‍ ഉപരോധം ഏര്‍പ്പെടുത്തും

യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിക്കഴിഞ്ഞതായി സ്ഥിരീകരിച്ച് ബ്രിട്ടണ്‍. ഈ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് ഉടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കി. അധിനിവേശം ആരംഭിച്ചതില്‍ ആശങ്ക രേഖപ്പെടുത്തിയ ബ്രിട്ടണ്‍ ഉപരോധത്തിനുള്ള തീരുമാനം ഉടന്‍ ഹൗസ് ഓഫ് കോമണ്‍സിന് മുന്നില്‍ വെയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ നിന്ന് മൂലധനനേട്ടമുണ്ടാക്കുന്ന റഷ്യന്‍ കമ്പനികളെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ബ്രിട്ടണ്‍ കടക്കാനിരിക്കുകയാണ്.

യുക്രൈനില്‍ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച മേഖലകളില്‍ റഷ്യന്‍ സേന പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമാധാന നീക്കങ്ങള്‍ക്ക് റഷ്യ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും യുക്രൈന്റെ പരമാധികാരത്തെ മാനിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി ആരോപിച്ചു. അധിനിവേശ ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ റഷ്യ വലിയ വിലകൊടുക്കേണ്ടിവരുമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് വീണ്ടും പ്രകോപനമെന്നതാണ് ഏറെ ശ്രദ്ധേയം. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ സേന അതിര്‍ത്തി കടന്നതിന്റെ സൂചനകള്‍ ലഭിക്കുന്നത്. അമേരിക്കേന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സെലന്‍സ്‌കിയെ ഇന്ന് വിളിച്ച് യുക്രൈന്‍ പരമാധികാരം സംരക്ഷിക്കുമെന്ന് വീണ്ടും ഉറപ്പുകൊടുത്തിട്ടുണ്ട്.

റഷ്യയുടെ പ്രകോപനത്തില്‍ ലോകരാജ്യങ്ങള്‍ ആശങ്കയറിയിച്ചിട്ടുണ്ട്. നോണ്‍സെന്‍സ് എന്നാണ് പുതിയ നടപടിയോട് ബൈഡന്‍ പ്രതികരിച്ചത്. 2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.

1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. യുക്രൈന്‍ ജനതയ്ക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസിലാക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയത്. റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ലണ്ടന്‍ വിപണിയ്ക്കുണ്ടെന്നതിനാല്‍ തന്നെ ബോറിസ് ജോണ്‍സന്റെ ഉപരോധ ഭീഷണി റഷ്യയ്ക്ക് നിസാരമായി തള്ളിക്കളയാനാകില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more