1 GBP = 107.78
breaking news

സ്‌കൂള്‍ തുറക്കല്‍: ഉന്നതതല യോഗം ചേര്‍ന്നു

സ്‌കൂള്‍ തുറക്കല്‍: ഉന്നതതല യോഗം ചേര്‍ന്നു

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡിഡി, ആര്‍ഡിഡി, എഡി, ഡിഇഒ തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ യോഗമാണ് ചേര്‍ന്നത്.
ഫെബ്രുവരി 14 മുതല്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ വീണ്ടും ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ തവണ സ്‌കൂള്‍ തുറക്കുമ്പോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്‌കൂളുകള്‍ തുറക്കുക. നിശ്ചയിച്ച പാഠഭാഗങ്ങളില്‍ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എല്‍ സിയില്‍ ഏതാണ്ട് 90% വും ഹയര്‍ സെക്കണ്ടറിയില്‍ 75 % വും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കി പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള നടപടികള്‍ കൈക്കൊള്ളും. ബി ആര്‍ സി റിസോര്‍സ് അധ്യാപകരുടെയും എസ് എസ് കെ ,ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര – പിന്നാക്ക മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.
അധ്യാപകരിലെ കൊവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കില്‍ ദിവസവേതന നിരക്കില്‍ താല്‍ക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും ജില്ലകള്‍ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകള്‍ ഉണ്ടാകും. പരീക്ഷാ തീയതികളില്‍ മാറ്റമില്ല. മോഡല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 16 ന് ആരംഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more