1 GBP = 110.31

രാജ്യത്ത് ജയിലിൽ 4.83 ലക്ഷം തടവുകാർ; ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലെന്ന് NCRB റിപ്പോർട്ട്

രാജ്യത്ത് ജയിലിൽ 4.83 ലക്ഷം തടവുകാർ; ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലെന്ന് NCRB റിപ്പോർട്ട്

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ വാർഷിക ‘പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ 2020’ റിപ്പോർട്ട് പുറത്തുവിട്ടു. 2020 അവസാനം വരെ രാജ്യത്തെ ജയിലുകളിൽ കഴിയുന്നത് 4.83 ലക്ഷം ഇന്ത്യൻ പൗരന്മാരെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാരിന്റെ പുതിയ കണക്കുകൾ പ്രകാരം, ജയിലിൽ കഴിയുന്നവരിൽ 76 ശതമാനത്തിലധികം പേരും വിചാരണത്തടവുകാരും 23 ശതമാനം പേർ കുറ്റവാളികളുമാണ്. രാജ്യത്തുടനീളമുള്ള ജയിലിൽ തടവുകാരിൽ 3,549 (അല്ലെങ്കിൽ ഒരു ശതമാനത്തിൽ താഴെ) പേർ രാഷ്ട്രീയതടവുകാരാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നു.

2020 അവസാനത്തോടെ രാജ്യത്തെ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട വിദേശ വംശജരുടെ എണ്ണം 4,926 ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജയിലുകളിൽ കഴിയുന്ന ഭൂരിഭാഗം വിചാരണത്തടവുകാരും 18-30 വയസ് പ്രായമുള്ളവരാണെന്നും ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും 30-50 വയസ്സിനിടയിലുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൊത്തം തടവുകാരിൽ 1.11 ലക്ഷം പേർ (23.04 ശതമാനം) കുറ്റവാളികളും 3.68 ലക്ഷം (76.17 ശതമാനം) പേർ വിചാരണത്തവടവുകാരുമാണ്. 3,549 (0.73 ശതമാനം) പേർ രാഷ്ട്രീയ തടവുകാരാണ്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻസിആർബിയുടെ കണക്കുകൾ പ്രകാരം 4.83 ലക്ഷം തടവുകാരിൽ 96 ശതമാനം പുരുഷന്മാരും 3.98 ശതമാനം സ്ത്രീകളും 0.01 ശതമാനം ട്രാൻസ്ജെൻഡർമാരും (70 പേർ) ജയിലിൽ കഴിയുന്നുണ്ട്. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തടവുകാരുള്ളത് ഉത്തർപ്രദേശിലാണ് (1.06 ലക്ഷം പേർ അല്ലെങ്കിൽ 22.1 ശതമാനം). തൊട്ടുപിന്നാലെ ബീഹാർ (51,849 അഥവാ 10.7 ശതമാനം), മധ്യപ്രദേശ് (45,456 അഥവാ 9.4 ശതമാനം) സംസ്ഥാനങ്ങളാണുള്ളത്.
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ശിക്ഷിക്കപ്പെട്ട തടവുകാരെയും പാർപ്പിച്ചിരിക്കുന്നത്, (26,607 പേർ അല്ലെങ്കിൽ 23.9 ശതമാനം). ശിക്ഷിക്കപ്പെട്ട തടവുകാരുടെ എണ്ണം, മധ്യപ്രദേശിൽ – 13,641 അല്ലെങ്കിൽ 12.2 ശതമാനം, ബീഹാറിൽ – 7,730 അല്ലെങ്കിൽ 6.9 ശതമാനം എന്നിങ്ങനെയാണ്.

പ്രായ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും 30-50 വയസ് പ്രായമുള്ളവരുമാണ് (55,653 പേർ അല്ലെങ്കിൽ 49.9 ശതമാനം). പിന്നാലെ 18-30 വയസ് പ്രായമുള്ളവരാണ് (28.7 ശതമാനം അല്ലെങ്കിൽ 31,935 പേർ), 50 വയസും അതിനുമുകളിലും ശിക്ഷിക്കപ്പെട്ടവർ 21.4 ശതമാനം (23,856 പേർ) ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

വിചാരണത്തടവുകാരുടെ കാര്യത്തിലും ഏറ്റവും കൂടുതൽ തടവുകാരെ പാർപ്പിച്ചിരിക്കുന്നത് ഉത്തർപ്രദേശിലാണ് (80,267 പേർ അഥവാ 21.8 ശതമാനം). പിന്നാലെ ബിഹാർ (44,113 അഥവാ 12 ശതമാനം), മധ്യപ്രദേശ് (31,695 അഥവാ 8.6 ശതമാനം) സംസ്ഥാനങ്ങളും വരുന്നു.

പ്രായ അടിസ്ഥാനത്തിൽ വിചാരണത്തടവുകാരിൽ 18-30 വയസ് പ്രായമുള്ള 48.8 ശതമാനം പേരും (1.79 ലക്ഷം) 30-50 വയസ് പ്രായമുള്ള 40.6 ശതമാനം (1.49 ലക്ഷം) പേരും 50 വയസും അതിനു മുകളിലും പ്രായമുള്ള 10.6 ശതമാനം (39,136) പേരുമാണുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more