കെറ്ററിംഗ്:- ഡിസംബർ രണ്ടിന് മരണം വഴി വേർപിരിഞ്ഞ ചങ്ങനാശേരി കുരിശുംമൂട് പാറേൽ പള്ളി ഇടവകാംഗവും മുല്ലപ്പള്ളിൽ റോമിയുടെ ഭാര്യയുമായ പ്രിൻസി റോമി (43) യ്ക്ക് നാളെ ബുധനാഴ്ച കെറ്ററിംഗിൽ അന്ത്യവിശ്രമമൊരുങ്ങും. ഇന്ന് ചൊവ്വ (7/12/21) വൈകുന്നേരം ഭൗതിക ശരീരം സ്വഭവനത്തിലെത്തിക്കും. ഭവനത്തിൽ കുടുംബാംഗങ്ങൾക്ക് മാത്രമാണ് കാണുവാൻ സാധിക്കുന്നത്.
തുടർന്ന് വൈകിട്ട് 6ന് മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സ് ദേവാലയത്തിലെത്തിക്കും. വൈകീട്ട് 6 മുതൽ 9.30വരെ പ്രിൻസിയുടെ ഭൗതികശരീരം സെൻറ്: എഡ്വേർഡ് പള്ളിയിൽ പൊതുദർശനത്തിനു വെക്കുന്നതാണ്. തൽസമയം വിവിധ വൈദീകരുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയും തുടർന്ന് 7മണിക്ക് പള്ളിയിൽ നടക്കുന്ന അനുശോചന യോഗത്തിൽ സെൻ്റ്. ഫൗസ്റ്റീന മിഷൻ വികാരി റവ.ഫാ.എബിൻ നേതൃത്വം നൽകുന്നതും വിവിധ സംഘടനാ പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്. പൊതു ദർശന സമയത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
നാളെ ബുധൻ (08/12/21) രാവിലെ 7.30ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നേത്യത്വം നൽകുന്ന ശുശ്രൂഷകളിൽ മറ്റു വൈദീകരും അത്മായശ്രേഷ്ഠരും പങ്കെടുക്കുന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്ക്ശേഷം മൃതദേഹം സിമിത്തേരിയിലേക്ക് കൊണ്ടു പോകുന്നതാണ്. സിമിത്തേരിയിൽ നടക്കുന്ന അവസാനത്തെ ശുശ്രൂഷകൾക്ക് ശേഷം വാറൻ ഹിൽ ക്രെമറ്റോറിയത്തിൽ സിമിത്തേരിയിലെ ആറടി മണ്ണിൽ പ്രിൻസിക്ക് അന്ത്യവിശ്രമമൊരുങ്ങും.
അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ഡിസംബർ രണ്ടിന് വൈകുന്നേരമാണ് രോഗീലേപനം ഉൾപ്പെടെ തിരുസഭയുടെ എല്ലാ വിധത്തിലുള്ള കൂദാശകളും സ്വീകരിച്ച് പ്രിൻസി ദൈവസന്നിധിയിലേക്ക് യാത്രയായത്. കഴിഞ്ഞ ഒരു വർഷമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാൽ ചികിത്സയിലായിരുന്നു പ്രിൻസി. ഇടക്ക് രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ വന്നതായിരുന്നു. എന്നാൽ പിന്നീട് രോഗം മൂർഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
2002-ൽ യുകെയിലെത്തിയ പ്രിൻസിയും കുടുംബവും 2004 മുതൽ കെറ്ററിംഗിൽ താമസിച്ചു വരികയായിരുന്നു. കെറ്ററിംഗ് എൻഎച്ച് എസ് ഹോസ്പിറ്റലിൽ മെഡിക്കൽ പ്രാക്ടീഷണറായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് റോമി തോമസ്. സാം റോമി (15), ജോഷ്വ റോമി (10), ഹന്ന റോമി (9) എന്നിവരാണ് മക്കൾ. പരേത തുരുത്തി മുയ്യപ്പള്ളിൽ ആഗസ്തി ആഗസ്തിയുടെ (കുറുനപ്പൻ) മകളാണ്.
പൊതുദർശനവും ശുശ്രൂഷകളും നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം :-
St.Edward Catholic Church,
The Grove kettering. NN15 7QQ
കാർ പാർക്കിൻ്റെ വിലാസം:-
London road car park,
NN15 7QA.
സിമിത്തേരിയുടെ വിലാസം:-
WARREN HILL CREMATORIUM
Rothwell road,
Kettering,
NN16 8XE.
click on malayalam character to switch languages