എഡിറ്റോറിയൽ
ഇന്ന് ഒക്ടോബർ രണ്ട്, ഗാന്ധിജയന്തി ദിനം. ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളുമായി ഒരു രാജ്യത്തെ സാധാരണക്കാരും നിരാലംബരുമായ ജനവിഭാഗത്തെ സംഘടിപ്പിച്ച് നിരായുധരായി,ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രതിഷേധത്തെ എല്ലായ്പ്പോഴും പ്രതിനിധാനം ചെയ്തത്.
ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളുമായി അഹിംസാ സിദ്ധാന്തത്തെ മുൻനിർത്തി എതിരാളികളെ നിഷ്പ്രഭരാക്കുന്ന മറു തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. മറ്റാർക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം. അതുകൊണ്ട് തന്നെ ഓരോ വർഷവും ഒക്ടോബർ രണ്ട് എന്നത് വിശേഷപ്പെട്ട ദിനം തന്നെയാണ് ഓരോ ഇന്ത്യക്കാരനും.
ഇന്ത്യയെ സ്വാതന്ത്ര്യത്തിൻറെ മനോഹരമായ കവാടത്തിലേയ്ക്ക് നയിച്ച മഹാരഥൻ ഭൂമിയിൽ പിറവിയെടുത്ത ദിനമാണ് ഒക്ടോബർ രണ്ട്. ജീവിതത്തിലുടനീളം ഒരിക്കൽ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിൻറെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ് ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്.
1869 ൽ ഒക്ടോബർ 2 ന് പോർബന്ദറിൽ ജനിച്ച മോഹൻദാസ് കരം ചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന പദവിയിലെത്തുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിത മുഹൂർത്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, രാജ്യത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കാൻ നിയോഗിക്കപ്പെട്ടതുപോലെ, അതിനായി മാത്രം ജീവിച്ചതായി മാത്രമേ നമുക്ക് കാണാൻ കഴിയൂ. ആക്രമണവും അസഹിഷ്ണുതയുമില്ലാതെ അഹിംസാ മാർഗത്തിലൂടെയായിരുന്നു ഗാന്ധിജിയുടെ ഓരോ പ്രവൃത്തികളും എന്നതിനാൽ അഹിംസയെന്ന ഉയർന്ന ദർശനത്തിൻറെ ഏറ്റവും മികച്ച വക്താവായും രാജ്യം അദ്ദേഹത്തെ കരുതിപ്പോന്നു. അതുകൊണ്ട് തന്നെ ഗാന്ധിജി ജനിച്ച ഒക്ടോബർ 2 അഹിംസാ ദിനമായും ആചരിക്കുന്നു.
ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയർക്കും യുക്മ ദേശീയ സമിതിയുടെ ഗാന്ധിജയന്തി ആശംസകൾ…
click on malayalam character to switch languages