അനുപമം ജീവിതം’ എന്ന ആത്മകഥയിലാണ് കരുണാകരനെതിരെയുള്ള ശങ്കരനാരായണൻ്റെ വെളിപ്പെടുത്തൽ
പാലക്കാട്: കെ കരുണാകരൻ തന്നെ വ്യക്തിപരമായി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ ആത്മകഥ. ഇന്നലെ പുറത്തിറങ്ങിയ ‘അനുപമം ജീവിതം’ എന്ന ആത്മകഥയിലാണ് കെ കരുണാകരൻ തന്നെ ഒരുപാടു വട്ടം നശിപ്പിക്കാൻ ശ്രമിച്ചതായി ശങ്കരനാരായണൻ വെളിപ്പെടുത്തുന്നത്.
തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് തടസം നിൽക്കുന്ന ഇടപെടലുകൾ കരുണാകരന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നാണ് ശങ്കരനാരായണൻ ആത്മകഥയിൽ പറയുന്നത്. 1984 ൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ശങ്കരനാരായണനെയായിരുന്നു. ഹൈക്കമാന്റ് ഉൾപ്പടെ ഇതിന് അംഗീകാരം നൽകി.എന്നാൽ കരുണാകരൻ ഇടപെട്ട് ഈ സീറ്റ് പിഎ ആൻറണിയ്ക്ക് നൽകേണ്ടി വന്നതായും ശങ്കരനാരായണൻ പറയുന്നു. ശങ്കരനാരായണനു വേണ്ടി ചുവരെഴുത്ത് വരെ നടന്നിരുന്നു. അതിനു ശേഷമാണ് കരുണാകരന്റെ ഇടപെടൽ ഉണ്ടായത്. ഇതേക്കുറിച്ച് ശങ്കരനാരായണൻ ഇങ്ങനെ പറയുന്നു,
“അപ്രതീക്ഷിതമായിരുന്നു … ആ കരുനീക്കം. ഞാൻ ഡൽഹിയ്ക്ക് പോയാൽ എന്റെ രാഷ്ട്രീയ മേൽവിലാസം തന്നെ മാറിയേക്കുമെന്ന ഭയപ്പാടായിരിയ്ക്കാം കരുണാകരനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഒടുവിൽ പെട്ടിയും തൂക്കി കെ ആർ നാരായണന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കാൻ ഒറ്റപ്പാലത്തേക്ക് മടങ്ങുമ്പോൾ വഴിയോര ചുവരിൽ ‘ കെ ശങ്കരനാരായണൻ നമ്മുടെ സ്ഥാനാർത്ഥി ‘ എന്നെഴുതിക്കണ്ടത് എന്റെ ഉള്ളിലുണ്ടാക്കിയ ദു:ഖം ആർക്കും തിരിച്ചറിയാവുന്നതിനുമപ്പുറമായിരുന്നു. “
തനിയ്ക്കെതിരെ കരുണാകരൻ നടത്തിയ നീക്കങ്ങളോരോന്നും ശങ്കരനാരായണൻ ആത്മകഥയിൽ വിമർശിയ്ക്കുന്നുണ്ട്. മറ്റൊരു നേതാവിനുമെതിരെ ഇത്രയേറെ വിമർശന ശരങ്ങൾ ഇല്ല. 1987 ൽ പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ് എം എൽ എ മാരുടെ പിന്തുണയുണ്ടായിട്ടും ആ സ്ഥാനത്തേക്ക് കരുണാകരൻ വന്നത്, 1993 ൽ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചതും, ഒടുവിൽ മുസ്ലീംലീഗിലെ അബ്ദുസമദ് സമദാനിയെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതുമെല്ലാം ശങ്കരനാരായണൻ വിവരിക്കുന്നു.
രാജ്യസഭാ സീറ്റ് നൽകാതെ വെട്ടിയതോടെ ശങ്കരനാരായണനും കരുണാകരനും അകന്നു. അതിനെക്കുറിച്ച് ശങ്കര നാരായണൻ ഇങ്ങനെയെഴുതി, “ഈ സംഭവത്തോടെയാണ് ഞങ്ങൾ തുറന്ന പോരിലേക്ക് നീങ്ങുന്നത്. ഒരിക്കലല്ല, ഒരുപാടു വട്ടം എന്നെ വ്യക്തിപരമായി നശിപ്പിക്കാനെന്നോളം ശ്രമിച്ചത് സഹിക്കാനായില്ലെന്നും ശങ്കരനാരായണൻ പറയുന്നു.
ബാല്യകാലവും രാഷ്ട്രീയ പ്രവർത്തനവും ഗവർണർ കാലഘട്ടവുമല്ലാം വിവരിക്കുന്ന ആത്മകഥയിൽ കോൺഗ്രസിന്റെ പിളർപ്പും അടിയന്തിരാവസ്ഥ കാലവുമെല്ലാം കടന്നു വരുന്നുണ്ട്. പിളർപ്പുണ്ടാക്കിയ ക്ഷീണത്തിൽ നിന്നും കോൺഗ്രസിന് ഇന്നോളം കരകയറാനായിട്ടില്ലെന്ന് ശങ്കര നാരായണൻ പറയുന്നു. പ്രാദേശിക പാർടികൾ ശക്തിപ്പെടാൻ കാരണം പിളർപ്പാണ്.
അടിയന്തിരാവസ്ഥ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഈ കാലത്ത് ചില കോൺഗ്രസ് നേതാക്കൾ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചതായും ശങ്കരനാരായണൻ ആത്മകഥയിൽ വിവരിക്കുന്നു. ഇന്നലെയാണ് പുസ്തകം പുറത്തിറങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന പുസ്തകം പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദ്യ പ്രതി ഏറ്റുവാങ്ങി. പാലക്കാട് നടന്ന സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു.
click on malayalam character to switch languages