1 GBP = 110.28

കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്; സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം

കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്; സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ കടകളിൽ എത്താൻ കോവിഡ് ഇല്ലെന്ന രേഖ നിർബന്ധം. കടകളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഒന്ന് നിർബന്ധമാക്കുമെന്നാണ് ജില്ലാ കളക്ടർമാർ അറിയിച്ചിരിക്കുന്നത്. വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. എന്നാൽ ഇതടക്കമുള്ള കാര്യങ്ങൾ അപ്രായോഗികവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണെന്നുമാണ് വിമർശനം ഉയരുന്നത്.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുത്തവരിൽ അധികവും പ്രായമേറിയവരാണ്. 18 വയസിന് മുകളിലുള്ളവർ അടക്കം ലക്ഷക്കണക്കിന് പേർ ഇനിയും വാക്സിനെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യുവാക്കൾക്ക് അടക്കം കടകളിൽ പോകുന്നതിന് നിയന്ത്രണം വരുന്നത് എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.

ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. തിരുവനന്തപുരത്തടക്കം കടകളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് ഇല്ലാ സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശ സ്ഥാപന പ്രതിനിധികൾ പറയുന്നത്.


അതിവ്യാപനമുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. WIPR എന്നത് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ചിട്ട് പഞ്ചായത്തിലോ നഗര വാര്‍ഡിലോ ഉള്ള മൊത്തം ജനസംഖ്യയെക്കൊണ്ട് ഹരിക്കുന്നതാണ്. 10 -ല്‍ കൂടുതല്‍ WIPR ഉള്ള പഞ്ചായത്തുകള്‍ നഗര വാര്‍ഡുകളില്‍ പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും വൈകുന്നേരത്തോടെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇതനുസരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് അത് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കടകൾ ആഴ്ചയിൽ ആറു ദിവസം തുറക്കാൻ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും കടകളിലേക്ക് വരുന്നവർ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്നുമുള്ള നിർദേശങ്ങളൊക്കെ തിരിച്ചടിയാകുമെന്ന നിലപാടിലാണ് വ്യാപാരികൾ. പൊലീസ് ശക്തമായ പരിശോധന കൂടി തുടങ്ങിയാൽ കടകളിലേക്ക് ആളുകൾ എത്താൻ മടിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോ​ഗം ചേരുന്നുണ്ട്. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലാണ് യോഗം. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുൾപ്പെടെയുളള അൺലോക്ക് നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും.

കുറഞ്ഞത് രണ്ടാഴ്ച്ചയ്ക്ക് മുന്‍പെങ്കിലും കോവിഡ് 19 വാക്‌സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള RTCH: ‘നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കോ അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ (തൊഴിലാളികള്‍, സന്ദര്‍ശകര്‍ ) മാത്രമേ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനാനുമതിയുള്ളൂവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more