യുക്മ ഭാഷാ കേസരി സൈറാ മരിയ ജിജോ ആലപിച്ച “അമ്മ മാതാവിൻ” പരിശുദ്ധ അമ്മയുടെ സ്തുതി ഗീതം വണക്കമാസത്തിൽ വൈറലാവുന്നു….
May 07, 2021
മാതാവിന്റെ വണക്ക മാസത്തിൽ പരിശുദ്ധ അമ്മയുടെ സ്തുതിക്കായി ഒരു മനോഹരഗാനവുമായി സൈറാ മരിയ ജിജോ. യുക്മ ഭാഷാ കേസരി സൈറാ മരിയ ജിജോ ആലപിച്ച “അമ്മ മാതാവിൻ” എന്ന പരിശുദ്ധ അമ്മയുടെ സ്തുതി ഗീതം വണക്കമാസത്തിൽ വൈറലാവുന്നു.മാതാവിന് പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ ( വണക്കമാസം)ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും കത്തോലിക്കാ വിശ്വാസികളുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. വണക്കമാസത്തിലെ ജപമാല പ്രാര്‍ത്ഥനയ്ക്കായി പാടി സ്തുതിക്കുവാൻ നിരവധി ഗാനങ്ങളുമുണ്ട്. അങ്ങനെയുള്ള പാട്ടുകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പുതിയൊരു ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത “അമ്മ മാതാവിന്‍” എന്ന് തുടങ്ങുന്ന മരിയന്‍ഭക്തിഗാനം.
നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ എസ് തോമസ് ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. വയലറ്റ് ഫ്രെയിംസ് മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ സിബി, ലീന പൂഴിക്കാല എന്നിവരാണ് നിര്‍മ്മാണം. സൈറ മരിയ ജിജോ, സോണി ഇരിങ്ങാലക്കുടയുടെയും ശബ്ദങ്ങളില്‍ ഈ ഗാനം കേള്‍ക്കാം.
മനോരമ മ്യൂസികും, ശാലോം ടിവിയിൽ പാട്ടുകൾ അവതരിപ്പിക്കുന്ന കാൻഡിൽസ് ബാൻഡിലൂടെയും യഥാക്രമം ഈ ഗാനങ്ങള്‍ റീലിസ് ചെയ്തിട്ടുണ്ട്. ജിജോ തോമസാണ് എഡിറ്റിംങ്, സിന്റോ കനകമലയുടേതാണ് ഓർക്കസ്ട്രേഷൻ. പരിശുദ്ധ അമ്മയുടെ പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മെയ് മാസത്തില്‍ ഈ ഗാനത്തിന് പ്രത്യേക സൗന്ദര്യവും ഭക്തിയും ആകര്‍ഷണവുമുണ്ട്. നമ്മുടെ വീടുകളിലും കൂട്ടായ്മകളിലും ഇനി ഈ ഗാനത്തിന്റെ ചുവടുപിടിച്ച്പരിശുദ്ധ അമ്മയെ അനുസ്മരിക്കാം.
പിറവം കോറപ്പള്ളിയിൽ ജിജോ ഉതുപ്പിൻ്റെയും യുക്മ ദേശീയ ഉപാദ്ധ്യക്ഷയും ഉഴവൂർ മാനംമൂട്ടിൽ ലിറ്റി ലൂക്കോസിൻ്റെയും മൂത്ത മകളാണ് സൈറാ മരിയ ജിജോ. ബർമിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയിലൂടെ (BCMC) യുക്മ നാണൽ, റീജിയണൽ കലാമേളകളിലെ നിറസാന്നിധ്യമാണ് സൈറ. ഹാട്രിക് നേട്ടവുമായി സൈറയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ യുക്മ ഭാഷ കേസരി പട്ടം അലങ്കരിക്കുന്നത്. സെൻ്റ്. പോൾസ് സ്കൂൾ ഫോർ ഗേൾസിൽ ഒൻപതാം ക്ലാസിൽ വിദ്യാർത്ഥിനിയാണ് സൈറ. റെബേക്കാ ജിജോ സൈറയുടെ ഏക സഹോദരിയാണ്.
ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക്കിലെ ആരതി അരുണിൻ്റെ കീഴിൽ കഴിഞ്ഞ നാല് വർഷമായി സംഗീതം അഭ്യസിക്കുന്നുണ്ട് സൈറ. യു കെയിലെ പുതു തലമുറയിലെ വളർന്ന് വരുന്ന മികച്ച ഗായികയായ സൈറാ മരിയ ജിജോക്ക് യുക്മ ദേശീയ സമിതി എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു. ഭാവിയിൽ സംഗീതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും പ്രാർത്ഥിക്കുന്നു.
സൈറാ മരിയ ജിജോ ആലപിച്ച “അമ്മ മാതാവിൻ” ഗാനം കേൾക്കാം.
click on malayalam character to switch languages