1 GBP = 106.30
breaking news

“അങ്ങനെ ഒരു വെള്ളിയാഴ്ച” ഷോർട്ട് ഫിലിം; പ്രവാസ ജീവിതത്തിൻ്റെ തനിയാവർത്തനം…. അണിയറ പ്രവർത്തകർ ആവേശത്തോടെ…

“അങ്ങനെ ഒരു വെള്ളിയാഴ്ച” ഷോർട്ട് ഫിലിം; പ്രവാസ ജീവിതത്തിൻ്റെ  തനിയാവർത്തനം…. അണിയറ പ്രവർത്തകർ ആവേശത്തോടെ…

പ്രവാസജീവിതത്തിനിടയിൽ എവിടെയൊക്കെയോ കണ്ടുമറന്ന ചില കഥാപാത്രങ്ങളെ വളരെ കുറഞ്ഞ സമയം കൊണ്ട് ചിട്ടയോടെ ഒരു സിനിമ  കാണുന്നതുപോലെ തന്നെ അനുഭവ വേദ്യമാക്കി തന്ന “അങ്ങനെ ഒരു വെള്ളിയാഴ്ച’ എന്ന ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ തികച്ചും അഭിനന്ദനം അർഹിക്കുന്നുണ്ട്. തകർന്ന ഭൂതകാല പ്രതാപങ്ങൾ  സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങൾ ഒരു ശരാശരി മലയാളി പ്രവാസിയുടെ രണ്ട് കരകളിലായി പരന്ന് കിടക്കുന്ന വിശാലമായതും കയറ്റിറക്കങ്ങൾ നിറഞ്ഞതുമായ ജീവിതം നന്നായി അവതരിപ്പിക്കുന്നുണ്ട് ഈ ഹ്രസ്വ ചിത്രത്തിൽ.ഗൾഫ് പ്രവാസികളുടെ ഒഴിവുദിനമായ വെള്ളിയാഴ്ച തന്നെ ഒരു പ്രധാന കഥാപാത്രമായി ബോധ്യപ്പെടുത്തുന്നുമുണ്ട്. വ്യത്യസ്ത സ്വഭാവക്കാരായ കുറെ പേർ ഒരു ഗ്രൂപ്പായി ഒരിടത്ത് ഒരുമിച്ച് താമസിക്കുന്നതും സുഖദുഃഖങ്ങൾ പങ്കുവെച്ച് പരസ്പരം സഹായിച്ചും ചിലപ്പോൾ കലഹിച്ചും താല്പര്യമുള്ള സ്വകാര്യതയ്ക്ക് സമയം കണ്ടെത്തിയും ഒരുമിച്ചുള്ള ജീവിതം  അവിടെ എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്ന ഒരു കാരണവരും ഉണ്ടാവും. അത്തരം പരിചിത മുഖങ്ങളെ കൃത്യമായി വരച്ചുകാട്ടിയിരിക്കുന്നു ഇവിടെ. നല്ല തിരക്കഥ, നല്ല ക്രാഫ്റ്റ്. ആരും അതിപ്രശസ്തമായ നടീനടന്മാരൊന്നുമല്ല. എങ്കിലും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളായി പരമാവധി താദാത്മ്യം പ്രാപിച്ചിരിക്കുന്നു അഭിനേതാക്കളെല്ലാവരും.

ഏത് സമ്പന്നതയിലും ഏത് നിമിഷവും കൈവിട്ട് പോകാവുന്ന ഒരു പളുങ്ക് പാത്രമാണ് ജീവിതമെന്ന് ഓർമ്മപ്പെടുത്തുന്നു പവിത്രൻ എന്ന കഥാപാത്രം. ജീവിതം വഴിയിൽ കൈവിട്ട് പോയെങ്കിലും എല്ലാം വിറ്റും കടം വീട്ടാൻ ശ്രമിക്കുമ്പോളും തന്റെ ആത്മസഖിയായി കരുതിയിരുന്നവൾ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ കെട്ടുതാലി കാര്യമില്ലെങ്കിലും സൂക്ഷിച്ചുവെയ്ക്കുന്ന പവിത്രൻ എന്ന മലയാളി മനുഷ്യന്റെ ഭാവങ്ങൾ നിറവോടെ അവതരിപ്പിച്ചിരിക്കുന്നു ശ്രീ ജോസ് ചാക്കോ. ഒരു സംഭാഷണം പോലും ഇല്ലാതെ അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിട്ട ശ്രീമതി അനു നരേഷ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അത് സംവിധായകന്റെ പ്രതിഭയുടെ മിന്നലാട്ടം വെളിവാക്കുന്നതായി തോന്നി. എല്ലാവർക്കും വേണ്ടപ്പെട്ടവനായി ഒരു കാരണവനെ പോലെ ഉപദേശിച്ചും നിയന്ത്രിച്ചും സഹായിച്ചും സമന്വയിപ്പിച്ചും പോകുന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ മറന്നുപോയ പീറ്ററേട്ടൻ എന്ന കഥാപാത്രത്തെ ഭാവം കൊണ്ടും ചലനം കൊണ്ടും ശബ്ദക്രമീകരണം കൊണ്ടും മികവുറ്റതാക്കി പഴയകാല നാടക നടൻ ആയ ശ്രീ ജോസ് അമ്പൂക്കൻ. 

ഇത്തരം കൂട്ടായ്മകളിൽ ഒഴിവുദിനങ്ങളിലെ പ്രത്യേക പാചകത്തിന് ഓരോരുത്തർക്കു ചാർജ് കൊടുക്കുക പതിവുണ്ട്. അത്തരത്തിൽ ഈ വെള്ളിയാഴ്ച യൂട്യൂബ് പാചകം നടത്തുന്ന സൗമ്യനും സാരസനുമായ ചെറുപ്പക്കാരന്റെ വേഷം ശ്രീ റോബിൻ മെട്ടയിൽ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more