1 GBP = 106.82
breaking news

നോമ്പ് ചിന്തകളെ മഹനീയമാക്കാൻ ‘നെഞ്ചിൽ തറഞ്ഞ ക്രൂശിത മുഖം’ ഏറ്റെടുത്ത് ജനങ്ങൾ

നോമ്പ് ചിന്തകളെ മഹനീയമാക്കാൻ  ‘നെഞ്ചിൽ തറഞ്ഞ ക്രൂശിത മുഖം’ ഏറ്റെടുത്ത് ജനങ്ങൾ

നോമ്പിന്റെ വിശുദ്ധിയിലേക്ക് മനുഷ്യഹൃദയങ്ങളെ വഴിമാറ്റി ചിന്തിപ്പിക്കുന്ന ഏതു മനസ്സും ദൈവതിരുമുമ്പിൽ വിലമതിക്കപ്പെടും. കഴിഞ്ഞ രണ്ടു വർഷമായി കുരിശിലൊരിടം, കണ്ണിമചിമ്മാതെ ക്രൂശിതനി ലേയ്ക്ക്,നെഞ്ചിൽ തറഞ്ഞ ക്രൂശിത മുഖം എന്നീ നോമ്പ് ചിന്തകളാൽ വേദനിക്കുന്ന മനസ്സിന്റെ ഭാരത്തെ ലഘൂകരിക്കാനും, ഈശോയുടെ പീഡാസഹനങ്ങളിലും ഉത്ഥാനത്തിലും പങ്കാളികളാകുവാനും നമ്മെ ഒരുക്കുകയും ചെയ്ത ഒരു നല്ല വ്യക്തിത്വമാണ് ഫാദർ മാത്യൂസ് പയ്യപ്പിള്ളി.
 
സംഗീതം ദൈവത്തിലേക്കുള്ള എളുപ്പവഴിയാണത്രേ!! അതിൽ ആരോഹണവും അവരോഹണവുമുണ്ട്. ഈ ആരോഹണ അവരോഹണ ത്തിലൂടെയുള്ള  പ്രയാണത്തിൽ, മനുഷ്യഹൃദയങ്ങളെ യഥാർത്ഥ സംഗീതത്തിലൂടെ തൊടുവാൻ കഴിയുമെന്ന് തന്റെ സംഗീതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ വൈദികൻ. സ്വന്തം പിതാവിൽ നിന്ന് ലഭിച്ച സംഗീതത്തിന്റെ അഗ്നിയും പേറി, വിശുദ്ധ കുർബാനയുടെ കൂട്ടിരിപ്പുകാരനായി ഇറങ്ങി തിരിച്ചിട്ട് 20 വർഷത്തിലേറെയായി.

 “നിന്നെ അറിഞ്ഞ നാൾ മുതൽ നിന്നെ ഞാൻ മറന്നിട്ടില്ല, അന്നുമുതൽ നീ എന്റെ ഹൃദയത്തിൽ നിരന്തരം ഉണ്ട് ” എന്നുമൊഴിഞ്ഞ വിശുദ്ധ അഗസ്റ്റിനെ പോലെ ജീവിത പന്ഥാവിലെ വിഘ്നങ്ങളെല്ലാം അതിയായ ആത്മബലത്താൽ മറികടന്ന് ദിവ്യകാരുണ്യ മിഷനറി സഭയ്ക്കും സഹോദരങ്ങൾക്കും മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ഫാദർ മാത്യൂസ് പയ്യപ്പിള്ളി.

ജീവിതത്തിലെ നൊമ്പരങ്ങളെ മിഴിനീർ ലിപികളിൽ പകർത്തിയാണ് അച്ഛന്റെ സംഗീത വഴി ആരംഭിക്കുന്നത്. സഹനത്തിന്റെയും, സ്നേഹത്തിന്റെയും വിരലടയാളം പതിപ്പിച്ച അച്ഛന്റെ തന്നെ ലിപികളിൽ വിരിഞ്ഞ ഗാനങ്ങൾക്ക് മനുഷ്യഹൃദയങ്ങളെ ആകർഷിക്കാൻ അതിയായ കഴിവുണ്ടുതാനും. കൊച്ചു കുഞ്ഞുങ്ങളിൽ പോലും സംഗീതത്തിന്റെ ചാരുത വളർത്തിയെടുക്കുവാൻ അച്ഛൻ കാണിക്കുന്ന നല്ല മനസ്സ് പുതിയ തലമുറയ്ക്ക് പ്രചോദനമേകുന്നു.

എന്റെ കുഞ്ഞേ നീയൊന്നു തേങ്ങിയാൽ, നിഴൽ പോലെ,അപ്പമായി തീർണീടുവാൻ, നെഞ്ചിലെ നെരിപ്പോടിൽ വിരിഞ്ഞൊരപ്പം, ഒരിടം തരണേ, കണ്ടു ഞാൻ കാസയിൽ, കരയാൻ കണ്ണീരില്ല നാഥാ, നീയെൻ ചങ്കല്ലേ, ഗാഗുൽത്താ മല മുകളിൽ, നിന്റെ കണ്ണിൽ ശ്രേഷ്ഠമായി നീ എന്നെ കണ്ടുവോ നാഥാ, തിരുവിലാവിൽ നിന്നൊഴുകും എന്നിങ്ങനെ അനേക ഗാനങ്ങളുടെ പിന്നിൽ ചുക്കാൻപിടിച്ച  ഈ സംഗീതപ്രേമി “ഈശോയുടെ പാട്ടുകാരൻ ‘എന്ന അപരനാമത്താലാണ് അറിയപ്പെടുന്നത്..ഉടനെ റിലീസ് ആകാൻ കാത്തിരിക്കുന്ന മലയാളത്തിൽ ആദ്യമായി ‘പരിശുദ്ധ അമ്മയോടൊപ്പം കുരിശിന്റെ വഴിയേ’, കരുണയുടെ ജപമാലയിൽ ഈശോയുടെ തിരുമുറിവുകളുടെ ധ്യാനം, വിശുദ്ധ ഔസേപ്പിതാവിന്റെ നൊവേന, ‘ഈശോയുടെ തിരുത്തോളിലെ മുറിവ്’ എന്നിങ്ങനെ നീളുന്നു ഈ സ്വർഗ്ഗീയ സംഗീതജ്ഞന്റെ പ്രയത്നങ്ങൾ.

ഈ വർഷത്തെ നോമ്പ് ചിന്തകളെ മഹനീയമാക്കുന്ന ‘നെഞ്ചിൽ തറഞ്ഞ ക്രൂശിത മുഖം’ എന്ന ഗാനം അനേകായിരങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ മനുഷ്യന്റെ നൊമ്പരങ്ങളെ ക്രൂശിതന്റെ മുൻപിൽ സമർപ്പിച്ചുള്ള ഹൃദയം നുറുങ്ങിയ പ്രാർത്ഥനയാണിത്. ഈ ഗാനത്തിന്റെ പൂർണ്ണരൂപം ഫാദർ മാത്യൂസ് പയ്യപ്പിള്ളി ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. അഞ്ജലി ആർ വാര്യർ മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ, ബാജിയോ ബാബുവും, എഡിറ്റിംഗ് ഫാദർ സജോ പടയാട്ടിയും ആണ് നിർവഹിച്ചിരിക്കുന്നത്. എല്ലാം തക്കസമയത്ത് ക്രമീകരിച്ചു നൽകുന്ന നല്ല ദൈവത്തിനു മുൻപിൽ താഴ്മയോടെ ജീവിക്കുന്ന ഈ സംഗീത പ്രതിഭയുടെ മുന്നോട്ടുള്ള പ്രയാണം അനുഗ്രഹ പ്രദമാകട്ടെ എന്ന് ആശംസിക്കുകയാണ് ഞങ്ങളും. വീണ്ടും നല്ല ഗാനങ്ങൾക്കായി നമുക്ക് കാത്തിരിക്കാം

Please click the below link to watch the vedio
https://www.youtube.com/watch?v=k791Y82ugb8&feature=youtu.be

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more