1 GBP = 107.12
breaking news

മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിച്ച “സുഗതാഞ്ജലി” കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു; ആഗോളതല ഫൈനൽ മത്സരം മാർച്ച് 6 , 7 തീയതികളിൽ..

മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിച്ച “സുഗതാഞ്ജലി” കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു; ആഗോളതല ഫൈനൽ മത്സരം മാർച്ച് 6 , 7 തീയതികളിൽ..

എബ്രഹാം കുര്യൻ

പ്രശസ്ത കവിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവർപ്പിച്ച് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കുന്നതിനായി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി നടത്തിയ “സുഗതാഞ്ജലി”കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ- സീനിയർ വിഭാഗങ്ങളിലായി യുകെയിലെ ആറ് മേഖലകളിലെ പഠന കേന്ദ്രങ്ങളിൽ നിന്നും നിരവധി കുട്ടികളാണ് പങ്കെടുത്തത് .ജൂനിയർ വിഭാഗത്തിൽ സൗത്ത് ഈസ്റ് റീജിയണിലെ ബേസിംഗ്‌സ്‌റ്റോക്ക് മലയാളം സ്കൂളിൽനിന്നുമുള്ള ആൻ എലിസബത്ത് ജോബിയും, ആരോൺ തോമസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
മിഡ്‌ലാൻഡ്‌സ് റീജിയണിലെ കേരള സ്കൂൾ കവൻട്രിയിൽ നിന്നുള്ള മാളവിക ഹരീഷിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്.

സീനിയർ വിഭാഗത്തിൽ യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണിലെ സമീക്ഷ മലയാളം സ്കൂൾ ന്യൂകാസിലിൽ നിന്നുമുള്ള ഭാവന ഉഷ ബിനൂജിനാണ് ഒന്നാം സ്ഥാനം ലഭിച്ചത് . നോർത്ത് മേഖലയിൽ നിന്നുള്ള മാഞ്ചെസ്റ്റെർ മലയാളം സ്കൂളിലെ കൃഷ് മിലാൻ രണ്ടാം സ്ഥാനവും സൗത്ത് ഈസ്റ് റീജിയണിലെ വെസ്റ്റ് സസെക്സ് ഹിന്ദു സമാജം മലയാളം സ്കൂളിലെ ശാരദ പിള്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർക്കാണ് മാർച്ച് 6 , 7 തീയതികളിലായി നടത്തുന്ന ആഗോളതല മത്സരത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള അർഹത നേടിയത് . ആഗോളതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങൾ യു കെ യിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയികളെ യുകെ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

യുകെ ചാപ്റ്റർ വിജയകരമായി സംഘടിപ്പിച്ച “സുഗതാഞ്ജലി” കാവ്യാലാപന മത്സരത്തിന് നേതൃത്വം നൽകിയ ചാപ്റ്റർ പ്രസിഡൻറ്
സി എ ജോസഫ് , സെക്രട്ടറി എബ്രഹാം കുര്യൻ റീജിയണൽ കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക് മുഹമ്മദ് , ജനേഷ് നായർ, ജയപ്രകാശ് എസ് എസ് , റെഞ്ചുപിള്ള, ജിമ്മി ജോസഫ് എന്നിവരെയും കുട്ടികളെ പരിശീലിപ്പിച്ച അദ്ധ്യാപകരേയും മാതാപിതാക്കളേയും കൃത്യമായി വിധി നിർണ്ണയം നടത്തി ഫലപ്രഖ്യാപനം നടത്തുവാൻ സഹായിച്ച വിധികർത്താക്കളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി അഭിനന്ദിച്ചു.

മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ എല്ലാവരും ഉന്നത നിലവാരം പുലർത്തിയെന്നും യുകെയിൽ ജീവിക്കുന്ന കുട്ടികളാണെങ്കിലും സുഗതകുമാരി ടീച്ചറുടെ മലയാളകവിതകൾ അക്ഷരസ്ഫുടതയോടെ അനായാസം ആലപിച്ചിരുന്നുവെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

‘എവിടെയെല്ലാം മലയാളി അവിടെ എല്ലാം മലയാളം’ എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന മലയാളം മിഷൻ്റെ ഭരണ സമിതി അംഗമായിരുന്ന സുഗതകുമാരി ടീച്ചറിൻ്റെ കവിതകൾ ആലപിക്കുന്ന മത്സരമായ സുഗതാഞ്ജലിയെ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മലയാളികൾ നെഞ്ചേറ്റിയതിൻ്റെ തെളിവാണ് ഭൂരിഭാഗം ചാപ്റ്ററുകളും പങ്കെടുക്കുന്ന മാർച്ച് 6, 7 തിയതികളിലെ ഫൈനൽ മത്സരമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ് അഭിപ്രായപ്പെട്ടു. തന്റെ കവിതകൾ നിരാലംബരായ മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങൾക്കുള്ള ലേപനമായും പ്രകൃതിയിലെ ജീവജാലങ്ങൾക്കും വൃക്ഷലതാദികൾക്കും കൈത്താങ്ങായും മലയാളത്തിന് സമർപ്പിച്ച സ്നേഹത്തിന്റെ അമ്മയായ സുഗതകുമാരി ടീച്ചറിനോടുള്ള ലോകമെമ്പാടുമുള്ള
കുട്ടികളുടെ സ്നേഹാദരവാണ് “സുഗതാഞ്ജലി” കാവ്യാലാപന മത്സരത്തിന്റെ അഭൂതപൂർവ്വമായ വിജയത്തിന് കാരണമെന്നും പ്രൊഫ. സുജ സൂസൻ ജോർജ് അനുസ്മരിച്ചു.

“സുഗതാഞ്ജലി”അന്തര്‍ ചാപ്റ്റര്‍ കാവ്യാലാപന മത്സരത്തില്‍ വിജയികളായവരെയും പങ്കെടുത്ത എല്ലാവരെയും മലയാളം മിഷൻ ഡയറക്ടർ അഭിനന്ദിക്കുകയും കൃത്യമായി മത്സരങ്ങള്‍ നടത്തി നിർദ്ദേശിച്ച സമയത്തിനുള്ളില്‍ത്തന്നെ മത്സരഫലം അറിയിക്കുകയും ചെയ്ത സംഘാടകരെയും എല്ലാ ചാപ്റ്റർ ഭാരവാഹികളെയും പ്രത്യേകമായി അനുമോദനം അറിയിക്കുകയും ചെയ്തു.

യു കെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ “സുഗതാഞ്ജലി”കാവ്യാലാപന മത്സരത്തിലെ വിജയികൾക്കുള്ള ക്വാഷ് അവാർഡും സാക്ഷ്യ പത്രവും മലയാളം മിഷനിൽ നിന്ന് ലഭിക്കുന്നനതനുസരിച്ച് വിതരണം ചെയ്യുമെന്ന് യു കെ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സി.എ ജോസഫും സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യനും അറിയിച്ചു. ആഗോളതല മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകളും നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more