1 GBP = 106.56
breaking news

ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; ‘മലയാളനാടിന്റെ പെരുമ’ പകര്‍ന്ന് ദീപ നായര്‍…

ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; ‘മലയാളനാടിന്റെ പെരുമ’ പകര്‍ന്ന് ദീപ നായര്‍…

2021 ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ എക്‌സലന്‍സ് ഡയറക്ടർ രാഗസുധ വിഞ്ചമുറിയുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി രസകരമായ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തി ഭാരതത്തിന്റെ സവിശേഷമായ ഭാഷാവൈവിധ്യം നിറഞ്ഞ് നില്‍ക്കുന്ന ഒരു കലാവിരുന്നായിരുന്നു. വംശനാശഭീഷണി നേരിടുന്ന ചില ഭാഷകള്‍ ഉള്‍പ്പെടെ 27 വ്യത്യസ്ത ഭാരതീയ ഭാഷകളില്‍ നിന്നുള്ള കവിതകള്‍ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കവികളും കവയത്രികളും ചേര്‍ന്ന് അവതരിപ്പിച്ചു. കവിതകള്‍ അവതരിപ്പിക്കുന്നത് കൂടാതെ അതത് ഭാഷകളെ പറ്റി വിശദീകരിക്കുന്നതിനുള്ള അവസരം കൂടി ഉള്‍പ്പെടുത്തിയിരുന്നത് കൊണ്ട്  നമ്മുടെ മാതൃരാജ്യത്തിന്റെ സമ്പന്നമായ ഭാഷാ വൈവിധ്യത്തെക്കുറിച്ച് അറിയാനും കാവ്യാഞ്ജലി ഒരു വേദി നല്‍കി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് ഓണ്‍ലൈനില്‍ ഈ പരിപാടി വീക്ഷിക്കുന്നതിനായി എത്തിയത്. 

നയതന്ത്രജ്ഞര്‍, പ്രശസ്ത സാഹിത്യകാരന്മാര്‍, ഗായകര്‍, സാംസ്ക്കാരിക നായകര്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് ‘കാവ്യാഞ്ജലി’ നടത്തുന്നതിലെ പ്രസക്തിയും പ്രാധാന്യവും എടുത്ത് പറഞ്ഞ് സംഘാടകരെ മുക്തകണ്ഠം പ്രശംസിച്ചു. മുന്‍ മാലദ്വീപ് ഡിപ്ലോമാറ്റ് ഹസ്സന്‍ ഷിഫൗ, ലണ്ടനിലെ നേപ്പാള്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് റോഷന്‍ ഖനാല്‍, ‘അറ്റ്ലസ് ഓഫ് എന്‍ഡേഞ്ചേര്‍ഡ് ആല്‍ഫബറ്റ്സ്’ സ്ഥാപകന്‍ ടിം ബ്രൂക്ക്സ് (യു.എസ്.എ) എന്നിവര്‍ സംസാരിച്ചു. പ്രശസ്ത സംഗീതസംവിധായകന്‍ റിഞ്ചന്‍ വാച്ചര്‍ (ലഡാക്ക്), അമരീന്ദര്‍ ബോബി (പഞ്ചാബ്), നേപ്പാളി കവി ആചാര്യ ദുര്‍ഗ പ്രസാദ് പോഖ്രെല്‍ എന്നിവരുടെ സാന്നിധ്യവും ആലാപനവും പരിപാടിയുടെ മാറ്റ് കൂട്ടി. 

മലയാളത്തെ പ്രതിനിധീകരിച്ച ദീപ നായര്‍ കേരളത്തിന്റെ പ്രത്യേകത ഉയര്‍ത്തിക്കാട്ടുന്ന മനോഹരമായ മലയാളം കവിത അവതരിപ്പിച്ചിരുന്നു. മലയാളനാടിലെ തനതായ നൃത്തരൂപങ്ങള്‍, പ്രകൃതി സൗന്ദര്യം, ഉത്സവങ്ങള്‍, സംസ്കാരം എന്നിവ വിവരിച്ച  ‘മലയാളനാടിന്റെ പെരുമ’ എന്ന കവിത ദീപയുടെ സ്വന്തം രചനയാണ്.

മലയാളനാടിന്‍ പെരുമ

അംബരചുംബിയാം സഹ്യാദ്രിയോളം മഹത്തരം എന്‍ മലയാളനാടിന്‍ പെരുമ
പൂവണിപ്പാടങ്ങളും പൊന്‍കതിര്‍വയലുകളും മിഴിവേകുംഎന്‍ മലയാളനാടിന്‍ പെരുമ
തായമ്പകയും പൂരങ്ങളും പട്ടം കെട്ടിയ ഗജവീരന്മാരും പ്രഭവിടര്‍ത്തും എന്‍ മലയാളനാടിന്‍ പെരുമ
സ്വര്‍ണ്ണക്കസവിന്‍ പുടവയുടുത്ത് കൊണ്ടകെട്ടി പൂചൂടി മോഹിനികള്‍ തന്‍ ലാസ്യഭംഗിയാല്‍ മനംകവരും എന്‍ മലയാളനാടിന്‍ പെരുമ
പുലരുവോളും തിരിതെളിച്ച് വര്‍ണ്ണാഭമാം മോടിയില്‍ ദേവചരിതങ്ങള്‍ സഭ നിറയ്ക്കും കഥകളി തന്‍ കഥ പറയും എന്‍ മലയാളനാടിന്‍ പെരുമ
കുരുത്തോല പുടവ കെട്ടി സിന്ദൂരവര്‍ണ്ണത്തില്‍ ആറാടി അഗ്നിയെപ്പോലും മെതിയ്ക്കുന്ന തെയ്യങ്ങള്‍ നിറഞ്ഞാടും  എന്‍ മലയാളനാടിന്‍ പെരുമ
പുലികളിയും തിരുവാതിരയുമായി വള്ളംകളി തന്‍ ആര്‍പ്പുവിളിയുമായ് ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കും എന്‍ മലയാളനാടിന്‍ പെരുമ
എത്രെ പ്രകീര്‍ത്തിച്ചാലും മതി വരില്ല, പാണന്മാര്‍ പാടിയുറപ്പിച്ച എന്‍ മലയാളനാടിന്‍ പെരുമ

ദീപ നായര്‍ (നോട്ടിങ്ഹാം) യുക്മ കലാഭൂഷണം ജേതാവും കലാഭവന്‍ ലണ്ടന്‍ അവതരിപ്പിച്ച് വരുന്ന ‘വീ ഷാല്‍ ഓവര്‍കം’ ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ കോര്‍ഡിനേറ്ററുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more