1 GBP = 107.62
breaking news

കാവല്‍ മാലാഖ (നോവല്‍ 14)

കാവല്‍ മാലാഖ (നോവല്‍ 14)

അനുജത്തിമാര്‍ ടിവിയില്‍ ജ്യോഗ്രാഫിക് ചാനലോ ആനിമല്‍ പ്ലാനറ്റോ മറ്റോ കാണുകയാണ്. ആഴക്കടലിന്‍റെ നിഗൂഢതകള്‍ ടിവി സ്ക്രീനില്‍ നിറയുമ്പോള്‍ സൂസന്‍റെ മനസ് അപ്പന്‍റെയും വല്യപ്പച്ചന്‍റെയും ഒപ്പമായിരുന്നു. മടങ്ങിപ്പോകാനുള്ള ദിവസങ്ങള്‍ അടുത്തു വരുന്നു. മകനെ തിരിച്ചു കൊണ്ടു പോകണോ, അതോ ഇവിടെ നിര്‍ത്തിയിട്ടു പോകണോ, അവള്‍ക്കൊരു തീരുമാനമെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ചാര്‍ലി മോനെ കൊണ്ടു പോകുന്നത് അപകടമാണ്. ആ സൈമണ്‍ അവിടെ എന്ത് അക്രമമാകും കാട്ടുകയെന്ന് ആര്‍ക്കും പറയാനാകില്ല. ഇവിടെയാണെങ്കില്‍ ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടാകുമെന്നു കരുതാം. അവിടെ തനിക്ക് ആരുണ്ട്. മോനെ കൊണ്ടുപോകേണ്ടെന്നു തന്നെ റെയ്ച്ചലും ജോണിയും ആന്‍സിയും ഡെയ്സിയും ഉറപ്പിച്ചു പറഞ്ഞു.

അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് അവനെ വളര്‍ത്താന്‍ അവന്‍റെ അമ്മയായ തനിക്കല്ലാതെ ആര്‍ക്കാണു കഴിയുക. പക്ഷേ, അതിലൊക്കെ വലുത് അവന്‍റെ സുരക്ഷിതത്വമല്ലേ. അവിടെയായാലും അവനെ ചില്‍ഡ്രന്‍സ് ഹോമിലാക്കേണ്ടി വരും. മുഴുവന്‍ സമയം തനിക്ക് അടുത്തിരിക്കാന്‍ കഴിയില്ലല്ലോ. ഒരു പരിചയവുമില്ലാത്ത മദാമ്മമാരെക്കാള്‍ നല്ലത് തന്‍റെ സ്വന്തം അമ്മയും അനുജത്തിമാരും നോക്കുന്നതു തന്നെയാകും. ഒടുവില്‍ സൂസന്‍റെ മനസ് ആ വഴിക്കു തന്നെ സഞ്ചരിക്കുകയായിരുന്നു. തിരിച്ചു പോക്ക് ഒറ്റയ്ക്കു മതി. അവനെ കൊണ്ടുപോകാം, സ്കൂളില്‍ ചേര്‍ക്കാന്‍ പ്രായമാകുമ്പോള്‍ മാത്രം. പഠനം ഏതായാലും അവിടെ മതി.

തത്കാലം അവിനിവിടെ ഒരു കുറവുമുണ്ടാകാതെ അമ്മയും ഡെയ്സിയും നോക്കിക്കോളും. ആന്‍സിയും തൊട്ടടുത്തു തന്നെയുണ്ട്.

ചിന്തകള്‍ അവിടെ വരെ എത്തിയപ്പോള്‍ തന്നെ ഉറങ്ങിക്കിടന്ന ചാര്‍ലിയുടെ കരച്ചില്‍ കേട്ടു. അമ്മ അവനെ വിട്ടുപോകുകയാണെന്ന് ആ കുഞ്ഞുമനസ് അറിഞ്ഞുകഴിഞ്ഞോ. മുറിയിലേക്കു പോകാന്‍ എണീക്കുമ്പോഴേക്കും ആന്‍സി അവനെയുമെടുത്ത് കൊഞ്ചിച്ച് പുറത്തേക്കു വന്നുകഴിഞ്ഞിരുന്നു.

അവന്‍ നിക്കറില്‍ മൂത്രമൊഴിച്ചിരിക്കുന്നു. ആന്‍സി അവനെ കുളിമുറിയില്‍ കൊണ്ടു പോയി കഴുകി വൃത്തിയാക്കി ഉടുപ്പൊക്കെ മാറ്റി. അവള്‍ അവനെ കിന്നിരിക്കുന്നതിനു സൂസന്‍ ചെവിയോര്‍ത്തിരുന്നു. ജനിച്ച് ഈ നാട്ടില്‍ വരുന്നതു വരെ ഇത്രയും പേരുടെ ഇത്രയും സ്നേഹം തന്‍റെ മോന്‍ അനുഭവിച്ചിട്ടില്ല. ഇവിടെ വന്നു കഴിഞ്ഞാണെങ്കില്‍ അവനെ ഒന്നെടുക്കാന്‍ പോലും തനിക്ക് ഇവരുടെയൊക്കെ അനുവാദം വേണമെന്നായിരിക്കുന്നു. അവനും ഇപ്പോ അമ്മയെ വലിയ മൈന്‍ഡ് ഒന്നുമില്ല. വല്യമ്മച്ചിയും ആന്‍റിമാരും മതി.

ലണ്ടനില്‍ കഴിഞ്ഞ ദിനങ്ങള്‍ ഓരോന്നും അവനു കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു. മദ്യഗന്ധവും സിഗരറ്റ് പുകയും തെറിവാക്കുകളും നിറഞ്ഞ തടവറയില്‍ ആലംബമില്ലാതെ കഴിയുകയായിരുന്നു അവന്‍.

ഇനി സൈമണ്‍ അവനെ സ്വന്തമാക്കാന്‍ ലണ്ടനില്‍ കേസിനു പോയാല്‍ അവനെ അവിടെ ഏതായാലും ഹാജരാക്കേണ്ടി വരും. അതൊക്കെ അപ്പോള്‍ ആലോചിക്കാം. മകനെ വളര്‍ത്താനുള്ള ആഗ്രഹവും ആവേശവും പുത്ര സ്നേഹവുമൊന്നും സൈമണില്ലെന്ന് ഉറപ്പാണ്. പക്ഷേ, തന്നെ വേദനിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി ചാര്‍ലിയെ തന്നില്‍നിന്ന് അകറ്റുകയായിരിക്കുമെന്നും അയാള്‍ക്കറിയാം. അതിനു വേണ്ടി എന്തും ചെയ്യാനും അയാള്‍ മടിക്കില്ല.
കേസ് കൊടുക്കട്ടെ. തന്‍റെ ഭാഗം കോടതിക്കു മുന്നില്‍ തെളിയിക്കാന്‍ കഴിയുമെന്നാണു വിശ്വാസം. ജയിച്ചാല്‍, തന്‍റെ കുഞ്ഞിന്‍റേ മേലുള്ള ഊരാക്കുടുക്കുകള്‍ എന്നേക്കുമായി അഴിഞ്ഞു പോകും. പിന്നെ അവന്‍റെ അവകാശം ചോദിച്ചു വരാനുള്ള ധൈര്യം ആര്‍ക്കും, ഒരാള്‍ക്കും ഉണ്ടാകില്ല, അതുറപ്പ്.

എന്നും സൈമനെ പേടിച്ച് അവനെ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയില്ലല്ലോ. അതിനു നിയമത്തിന്‍റെ സംരക്ഷണം തന്നെ നേടുന്നതാണ് ഏറ്റവും സുരക്ഷിതം.

മഴയില്‍ ഒലിച്ചു പോകുന്ന മണ്‍ഭിത്തികളല്ല ഇനി വേണ്ടത്. ഉരുക്കുമതിലുകള്‍ തന്നെ ഉയരണം. അതിനു സൈമണ്‍ കോടതിയില്‍ പോയില്ലെങ്കില്‍ താന്‍ പോകും. വിവാഹമോചനത്തിന്‍റെ കൂടെ കുഞ്ഞിന്‍റെ അവകാശവും തീരുമാനിക്കപ്പെടണമല്ലോ.

ഫോണ്‍ ബെല്ലടിക്കുന്നുണ്ട്. അവള്‍ ചെന്നെടുത്തു. അങ്ങേത്തലയ്ക്കല്‍ അമ്മിണിയുടെ ചിലമ്പിച്ച ഒച്ച.

“മോളേ…, ഞാനാ….”

“മമ്മീ….”

“മോക്ക് എന്നോടൊന്നും തോന്നരുത്. ഞാന്‍ തടയാന്‍ നോക്കിയതാ. കേട്ടില്ല. മോക്കറിയത്തില്ലിയോ. ആരും പറഞ്ഞാ കേക്കുന്ന ആളല്ല.”

“എനിക്കറിയാം മമ്മീ. സാരമില്ല…. മമ്മിക്കു മോനെ കാണണമെന്നില്ലേ…?”

അമ്മിണിയുടെ ഹൃദയം തുടികൊട്ടി. ഇനിയൊരിക്കലും കൊച്ചുമോനെ കാണാന്‍ കഴിയുമെന്നു കരുതിയതല്ല.

ഇത്രയൊക്കെയായിട്ടും മരുമകള്‍ ചോദിക്കുന്നു, കാണണോന്ന്. അവര്‍ക്കു കുറേ നേരം സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല….

“മോളേ….”

ചില നിമിഷങ്ങളുടെ ഇടവേളയില്‍ ശേഖരിച്ച കരുത്തിലും അവരുടെ ശബ്ദം വിറച്ചു.

“മമ്മി പന്തളത്തു വീട്ടിലോ മറ്റോ വരാമെങ്കില്‍ ഞാന്‍ അങ്ങോട്ടു കൊണ്ടുവരാം. നൂറനാട്ടേക്കും വരാന്‍ പേടിയായിട്ടാ. മമ്മി ഇങ്ങോട്ടു വന്നാലും പപ്പ എങ്ങനേലും അറിഞ്ഞാല്‍ കുഴപ്പമൊണ്ടാക്കും. അതാ….”

“ശരി മോളേ, രണ്ടു ദെവസി കഴിയട്ടെ. ഞാന്‍ വിളിക്കാം.”

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് അമ്മിണി ഭര്‍ത്താവിന്‍റെ അനുവാദം വാങ്ങി പന്തളത്ത് സ്വന്തം വീട്ടിലേക്കു പോയി. മാസത്തിലൊരിക്കലെങ്കിലും ഉള്ളതാണ് അങ്ങനെയൊരു യാത്ര. കുഞ്ഞപ്പി കൂടെ പോകുന്ന പതിവൊന്നുമില്ല. അതറിഞ്ഞുകൊണ്ടു തന്നെയാണ് സൂസന്‍ അങ്ങനെയൊരു സ്ഥലം നിര്‍ദേശിച്ചത്.

സൂസനും റെയ്ച്ചലും കുഞ്ഞുമായി പന്തളത്തെത്തി. അവനെ ആവേശത്തോടെ കൈയില്‍ വാങ്ങി അരുമയോടെ ചുംബിക്കുമ്പോള്‍ അമ്മിണിയും മുഖവും കണ്ണുകളും സന്തോഷാതിരേകം കൊണ്ടു പ്രകാശിക്കുന്നതവര്‍ കണ്ടു.
എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെങ്കിലും ഒരു മിന്നാമിനുങ്ങു വെട്ടം പോലെ ആ അമ്മ മനസിലുണ്ട്. ഭര്‍ത്താവിനും മകനും മുന്നില്‍ വെറുമൊരു യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട പാവം സ്ത്രീ.

ഒന്നര വര്‍ഷത്തെ ജീവിതം ഒരു പകല്‍കൊണ്ടു സൂസന്‍ അമ്മിണിയോടു പറഞ്ഞു തീര്‍ത്തു. മകന്‍റെ മറ്റൊരു മുഖം അമ്മിണിയുടെ മുന്നില്‍ ചുരുളഴിഞ്ഞു. അവര്‍ക്കൊന്നും അവിശ്വസനീയമായി തോന്നിയില്ല. കണ്ണീരോടെ എല്ലാം കേട്ടിരുന്നു.

ഇനിയിവള്‍ തന്‍റെ മരുമകളല്ല. പക്ഷേ, മനസില്‍ ഇവള്‍ക്കുള്ള സ്ഥാനം ഒരിക്കലും നഷ്ടമാകില്ല. അവളോട് ആ അമ്മയ്ക്ക് എന്തൊക്കെയോ പറയാനുണ്ട്. മകന്‍ ചെയ്ത തെറ്റുകള്‍ക്കു മാപ്പിരക്കണമെന്നുണ്ട്.

അവള്‍ നല്ലവളാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അന്നു ഫോണ്‍ ചെയ്തത്. കൊച്ചുമോനെ ഒന്നു കാണണമെന്ന ആഗ്രഹം വാനോളം വളര്‍ന്നിരുന്നു മനസില്‍. പക്ഷേ, ബന്ധം പിരിഞ്ഞ മരുമകളോട് എങ്ങനെ ചോദിക്കാന്‍. എന്നിട്ടും അവള്‍ ഇങ്ങോട്ടു കൊണ്ടുവന്നു കാണിച്ചു പൊന്നുമോനെ. ആത്മേസ്നേഹത്തിന്‍റെ നറവുള്ളവള്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനൊക്കൂ. തന്‍റെ മകന്‍ തന്നെയാവും തെറ്റുകാരന്‍. ഇങ്ങനെയൊരു പെണ്‍കുട്ടിയെ കഷ്ടപ്പെടുത്തിയതിനും നഷ്ടപ്പെടുത്തിയതിനും ഇന്നല്ലെങ്കില്‍ നാളെ അവന്‍ ദുഃഖിക്കേണ്ടി വരും.

അമ്മിണി കൊച്ചുമോനെ മതിയാവോളം കൊഞ്ചിച്ചു, ഇനിയിവനെ കാണാനൊത്തില്ലെങ്കിലോ….

അമ്മിണിയുടെ മനസറിഞ്ഞതു പോലെ സൂസന്‍ പറഞ്ഞു:

“മമ്മിക്ക് എപ്പോ വേണേലും ഇവനെ വന്നു കാണാം. അമ്മച്ചിയോടൊന്നു വിളിച്ചു പറഞ്ഞാ മതി. കൊണ്ടു വരും. ഞാന്‍ നാളെ കഴിഞ്ഞു പോകുവാ. ഇവനെ കൊണ്ടു പോകുന്നില്ല. തല്‍ക്കാലം ഇവിടെത്തന്നെ നിര്‍ത്താന്നു വച്ചു.”

ആ വാക്കുകള്‍ കേട്ട് അമ്മിണിയുടെ ഉള്ളം സന്തോഷത്താല്‍ മഥിച്ചു. ഈ കുരുന്നിനെ ഇനിയും കൈയിലെടുക്കാം താലോലിക്കാം, ദൈവം അതിനു തന്നെ അനുഗ്രഹിച്ചിരിക്കുന്നു.

തിരിച്ചുവരുമ്പോഴേക്കും സൂര്യന്‍ അന്നത്തേക്കു കത്തിയടങ്ങാറായിരുന്നു. സൂസന്‍ വസ്ത്രം മാറി പുറത്തേക്കിറങ്ങി. കോഴിക്കുഞ്ഞുങ്ങളെ പരുന്തു കൊണ്ടുപോകാതിരിക്കാന്‍ പറമ്പില്‍ അവറ്റകള്‍ക്കു പിന്നാലെ തന്നെ നടക്കുകയാണു റെയ്ച്ചല്‍. ഡെയ്സിക്കായിരുന്നു പകല്‍ അതിനുള്ള ഡ്യൂട്ടി.

അവള്‍ അമ്മയുടെ അടുത്തേക്കു ചെന്നു.

“അപ്പോ ചാര്‍ലിയെ കൊണ്ടുപോകണ്ടാന്നു നീ തീരുമാനിച്ചല്ലോ അല്ലേ, ഇനി മാറ്റമില്ലല്ലോ?”

റെയ്ച്ചലിനു കൊച്ചുമോനെ കൊഞ്ചിച്ചു മതിയായിട്ടില്ല.

“ഇല്ലമ്മേ, അവന്‍ രണ്ടു വര്‍ഷം കൂടി ഇവിടെ നില്‍ക്കട്ടെ. പഠിപ്പിക്കാറാകുമ്പോള്‍ അങ്ങോട്ടു കൊണ്ടുപോകാം. അല്ലെങ്കില്‍ അപ്പോഴേക്കും ഇവിടെ ഒരു ജോലി സംഘടിപ്പിച്ച് ഞാന്‍ ഇങ്ങോട്ടു പോരാം. അതുവരെ അവന്‍ നിങ്ങടെയൊക്കെ കൂടെത്തന്നെ നിന്നോട്ടെ….”

റെയ്ച്ചലിന്‍റെ കണ്ണുകള്‍ തിളങ്ങി. സൂസന്‍ ഇങ്ങനെയൊരു സൂചന നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. എന്നാലും മകനെ പിരിഞ്ഞു നില്‍ക്കാന്‍ അവള്‍ക്കുള്ള വിഷമം നന്നായി അറിയാം. അതുകൊണ്ടു തന്നെ ഉറച്ചൊരു തീരുമാനം ഇതുവരെ പറഞ്ഞിരുന്നില്ല. ഇനി അവള്‍ പോയി സമാധാനമായി ജോലി ചെയ്തോട്ടെ. ചാര്‍ലിയെ തങ്ങള്‍ പൊന്നുപോലെ നോക്കും.

രണ്ടു ദിവസം കഴിഞ്ഞപ്പോല്‍ സൂസനു തിരിച്ചു പോകേണ്ട ദിവസമായി. റെയ്ച്ചലും ആന്‍സിയും ഡെയ്സിയും വിമാനത്താവളം വരെ കാറില്‍ അനുഗമിച്ചു. എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. ആര്‍ക്കും ഒന്നും സംസാരിക്കാനില്ല.

അവര്‍ സൂസനെ കണ്ണീരോടെ യാത്രയാക്കി. അവളൊന്നുകൂടി മകനെ ഉമ്മവച്ച ശേഷം റെയ്ച്ചലിനെ ഏല്‍പ്പിച്ചു. കരയുന്നതു മറ്റാരും കാണാതിരിക്കാന്‍ തിരിഞ്ഞു നോക്കാതെ നടന്നു. അജ്ഞാതമായൊരു ദുഃഖം കുഞ്ഞിക്കണ്ണുകളിലൊളിപ്പിച്ച് കുഞ്ഞ് റെയ്ച്ചലിന്‍റെ കൈയിലിരുന്നു, അവന്‍ കരഞ്ഞില്ല, ചിരിച്ചതിമില്ല, വെറുതേ അങ്ങനെ അനങ്ങാതിരുന്നു, ദൂരേയ്ക്കു നടന്നു മറയുന്ന അമ്മയെയും നോക്കിക്കൊണ്ട്….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more