ന്യൂഡല്‍ഹി : ലോകം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും പരീക്ഷണ ഘട്ടങ്ങള്‍ കടക്കാനുണ്ട്. ഇതിനായി ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ നിര്‍ണായക മൂന്നാംഘട്ട പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു. ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഇത് അനിവാര്യമായ നടപടിയാണെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്‌നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന അഞ്ച് സ്ഥാപനങ്ങൾ. നാഷണല്‍ ബയോഫാര്‍മ മിഷനും ഗ്രാന്‍ഡ് ചലഞ്ചസ് ഇന്ത്യ പ്രോഗ്രാമുമാണ് അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്ന് ഡിബിടി സെക്രട്ടറി പറഞ്ഞു.
ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടേയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും ഒരു വലിയ ഡാറ്റാബേസ് ഉണ്ടായിരിക്കും. പ്രതിരോധ വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍, അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷണങ്ങളുടെ ആദ്യരണ്ടുഘട്ടങ്ങളുടെ പരീക്ഷണഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. വാക്സിൻ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.
ജൂലായ് 20-നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്‌സിന്‍ സുരക്ഷിതമാണെന്നും ശരീരത്തിനുളള ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിന് സഹായിക്കുന്നതായും ശാസ്ത്രജ്ഞന്മാര്‍ പ്രഖ്യാപിക്കുന്നത്. മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തിനുശേഷമായിരുന്നു ഈ പ്രഖ്യാപനം.
click on malayalam character to switch languages