1 GBP = 106.65
breaking news

യുക്മയുടെ പരിശ്രമം നിർണ്ണായകമായി……കേന്ദ്രമന്ത്രിയുടെ ഫലപ്രദമായ ഇടപെടലില്‍ ലണ്ടനിൽനിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ്…

യുക്മയുടെ പരിശ്രമം നിർണ്ണായകമായി……കേന്ദ്രമന്ത്രിയുടെ ഫലപ്രദമായ ഇടപെടലില്‍ ലണ്ടനിൽനിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ്…

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളിൽ  കേരളത്തെകൂടി ഉൾപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തിൽ കേന്ദ്രസര്‍ക്കാര്‍ നടപടികൾ ആരഭിച്ചപ്പോള്‍ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ യു കെ യില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്രമന്ത്രി വി മുരളീധരൻവഴി നിവേദനം നൽകുകയുണ്ടായി.

നിവേദനത്തിന് തുടർച്ചയായി ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള കേന്ദ്രമന്ത്രിയെ ഫോണിലും ഈ ആവശ്യം ഉന്നയിച്ച് പലതവണ ബന്ധപ്പെടുകയുണ്ടായി. യുക്മ ദേശീയ നേതൃത്വത്തിന്റെ തുടർച്ചയായ സമ്മർദ്ദങ്ങളുടെയും ബന്ധപ്പെടലുകളുടെയും ഫലമായി, രണ്ടാം ഘട്ട വിമാന സര്‍വീസുകളില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ചു. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമായി എടുത്ത് പറയുകയും ചെയ്തു.

യു.കെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍  എഴുതാനെത്തിയവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ യു കെയില്‍ കുടുങ്ങിയിരുന്നു. മുതിർന്നവർ, ഗർഭിണികൾ, മെഡിക്കൽ എമർജൻസിയുള്ളവർ, ഉറ്റവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കേണ്ടവർ, ടൂറിസ്റ്റുകളായി എത്തിയവർ എന്നിവർക്കാണ് യാത്രയ്ക്ക് മുൻഗണന നല്കുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് എയർ ഇന്ത്യ ടിക്കറ്റ് നല്കുന്നത്.

യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നവരെ എയർ ഇന്ത്യ ബന്ധപ്പെടുകയും പേയ്മെൻ്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവർക്ക് എയർപോർട്ടിൽ മെഡിക്കൽ സ്ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയർ ഇന്ത്യാ എല്ലാ യാത്രക്കാർക്കും മാസ്കും ഗ്ലൗസും നൽകുന്നതാണ്. ഇന്ത്യയിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ വീണ്ടും മെഡിക്കൽ സ്ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സൈറ്റ് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇതിനു ശേഷം യാത്രക്കാർ എല്ലാവരെയും 14 ദിവസത്തെ നിർബന്ധിത ക്വാറൻറ്റൈൻ ചെയ്യുന്നതിനായി ആശുപത്രികളിലേക്കോ, മറ്റു സ്ഥാപനങ്ങളിലേക്കോ പേയ്മെൻ്റ് അടിസ്ഥാനത്തിൽ സംസ്ഥാന ഗവൺമെന്റ് നിയോഗിക്കും. 14 ദിവസങ്ങൾക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.

ആദ്യ വിമാനത്തില്‍ പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും യുക്മ നേതൃത്വം അറിയിച്ചു. നിര്‍ണ്ണായക ഘട്ടത്തില്‍ മലയാളികള്‍ക്കായി ഫലപ്രദമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് യുക്മ ദേശീയ നേതൃത്വം പ്രത്യേക നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more