1 GBP = 106.56
breaking news

‘വേനൽക്കാല അവധിദിനങ്ങൾ ആസൂത്രണം ചെയ്യാൻ വരട്ടെയെന്ന്’ ഗതാഗത വകുപ്പ് മന്ത്രി ഗ്രാന്റ് ഷാപ്പ്സ്!

‘വേനൽക്കാല അവധിദിനങ്ങൾ ആസൂത്രണം ചെയ്യാൻ വരട്ടെയെന്ന്’ ഗതാഗത വകുപ്പ് മന്ത്രി ഗ്രാന്റ് ഷാപ്പ്സ്!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

നിലവിലെ ലോക്ക്ഡൌൺ അടുത്ത 3 ആഴ്ചത്തേക്ക് കൂടി നീട്ടിയതായി ഇന്നലെ ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിക്കുകയുണ്ടായി. അടച്ചു പൂട്ടലിന് വിരാമമിടാനുള്ള ഒരു നിർഗമന തന്ത്രം ഉടനെയൊന്നും രൂപപ്പെടാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ബ്രിട്ടീഷുകാർ വേനൽക്കാല അവധിദിനങ്ങൾ ബുക്ക് ചെയ്യുന്നത് നിർത്തിവയ്ക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗ്രാന്റ് ഷാപ്പ്സ് ഇന്ന് നിർദ്ദേശിച്ചു.

വൈറസ് നിർമാർജന യജ്ഞത്തിൽ വൈകാതെതന്നെ പുരോഗതി ഉണ്ടാകുമെന്നതാണ് തന്റെ പ്രതീക്ഷയെന്ന് അടച്ചു പൂട്ടൽ കാലാവധി ദീർഘിപ്പിക്കുന്ന വേളയിൽ വിദേശ കാര്യാ മന്ത്രി ഡൊമിനിക് റാബ് പ്രസ്താവിച്ചിരുന്നു. വൈറസ് പടരുന്നത് തടയാൻ പൊതുജനങ്ങൾ ക്ഷമ കാണിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ഏതെങ്കിലും നടപടികളിൽ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യത്തിനും നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നാശമുണ്ടാക്കുമെന്നാണ് ആപത്ഘട്ട ശാസ്ത്രീയ ഉപദേഷ്ടാക്കളുടെ സംഘം (SAGE) നൽകുന്ന ഉപദേശം. അടച്ചു പൂട്ടൽ നടപടികളിൽ ഇളവ് വരുത്താൻ നാം തിരക്കുകൂട്ടുകയാണെങ്കിൽ, ഇതുവരെ ആരോഗ്യപ്രവത്തകർ എടുത്ത ത്യാഗങ്ങളും നമ്മൾ കൈവരിച്ച പുരോഗതിയും പാഴാകാൻ സാധ്യതയുണ്ടെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ജനങ്ങൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ, അവ പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിൽ കഴിയുന്നത്ര ഫലപ്രദമാക്കുന്നതിനുള്ള നടപടികളെ ക്രമീകരിക്കുമെന്നും അതേസമയം തന്നെ സാമ്പത്തികവും സാമൂഹികവുമായ ചില പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കുമെന്നും ഡൊമിനിക് റാബ് പറയുകയുണ്ടായി.

അടച്ചു പൂട്ടലിൽ നിന്നുള്ള നിർഗമന തന്ത്രങ്ങൾ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി അഞ്ച് മാനദണ്ഡങ്ങൾ കൈവരിച്ചുവെന്നു ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് മിസ്റ്റർ റാബ് ഇന്നലെ രാത്രി പ്രസ്താവിച്ചു:

  • വൈറസ് വ്യാപനം എൻ.എഛ്.എസിന്റെ ചികിത്സാശേഷിക്ക് വെല്ലുവിളി ഉയർത്താതിരിക്കുക
  • മരണനിരക്കിൽ സ്ഥിരമായ കുറവ്
  • പകർച്ചവ്യാധി വ്യാപനം താങ്ങാവുന്ന നിലയിൽ ആയിരിക്കുക
  • വ്യാപകമായ വൈറസ് പരിശോധനയും വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും ഒരുക്കൽ
  • രണ്ടാമതൊരു തവണ വൈറസ് വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാകൽ

ബഹുഭൂരിപക്ഷം ജനങ്ങളിലും വൈറസ് പരിശോധന നടക്കുന്നതുവരെ നിയന്ത്രണങ്ങൾ ലഘൂകരിക്കാനാവില്ലെന്ന് സർക്കാരിന്റെ സ്വന്തം ഉപദേഷ്ടാക്കളിൽ ഒരാൾ ഇന്നലെ മുന്നറിയിപ്പ് നൽകി.

ഒരു വാക്സിൻ ഉൽ‌പാദിപ്പിക്കുന്നതുവരെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്ന്
പ്രൊഫസർ നീൽ‌ ഫെർ‌ഗ്യൂസൺ‌ തറപ്പിച്ചു പറയുന്നു. രോഗലക്ഷണങ്ങളുള്ള എല്ലാവർ‌ക്കും, അതുപോലെ തന്നെ അവരുമായി സമ്പർക്കം പുലർത്തുന്ന എല്ലാവർ‌ക്കും വൈറസ് പരിശോധന സൗകര്യം ഒരുക്കുന്നത് വരെ സ്കൂളുകളും വാണിജ്യ സ്ഥാപനങ്ങളും തുറക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു നിർഗമന തന്ത്രവും രൂപപ്പെടുത്താതെ അടച്ചു പൂട്ടൽ നീട്ടിക്കൊണ്ട് പോകുന്നതിൽ പല കോണുകളിലും വ്യാപകമായ അമർഷം പ്രകടമാകുന്നുണ്ട് എന്നതൊരു വസ്തുതയാണ്. പ്രതിപക്ഷ പാർട്ടി നേതാവായ സർ കിയർ സ്റ്റാർമെർ സർക്കാരിന്റെ വിമുഖതയെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ് – “ഉടനീളം തീരുമാനങ്ങൾ എടുക്കുന്നതിൽ അവർ കഷ്ടപ്പെട്ടിരുന്നുവെന്ന് ഞാൻ കരുതുന്നു! പ്രധാനമന്ത്രിയുടെ അഭാവത്തിൽ സ്വന്തം നിലയിൽ ഒരു നിർഗമന തന്ത്ര൦ പ്രാവർത്തികമാക്കാനുള്ള വിമുഖതയാണ് ഡൊമിനിക് റാബിനെന്നും ഞാൻ മനസ്സിലാക്കുന്നു”.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more