ബ്രിട്ടനിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ മാർച്ച് 23 തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജ്യവ്യാപകമായി ഓഫീസുകളും അത്യാവശ്യ സാധനങ്ങൾ വില്കുന്നതോഴിച്ചുള്ള കടകമ്പോളങ്ങളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയുണ്ടായി.
ഇതിനെത്തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടം ഷോപ്പുകളിൽ ഇരച്ചു കയറി സാധനങ്ങൾ മൊത്തമായി വാങ്ങിക്കൂട്ടുന്ന പ്രവണത നാം കണ്ടതാണ്. ദുരാഗ്രഹികളായ ഏതാനും ആളുകളുടെ അനാവശ്യമായ ഷോപ്പിംഗ് മൂലം മറ്റുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ കിട്ടാതെ വന്ന ദുരവസ്ഥ പലയിടത്തും പ്രകടമായിരുന്നു. ഗർഭിണികളും, പ്രായമായവരും, ചലനക്ഷമത കുറഞ്ഞ ആൾക്കാരും വളരെ കഷ്ടപ്പെടുന്ന വേദനാജനകമായ ഒരു സ്ഥിതിവിശേഷമായിരുന്നു സ്വാർത്ഥത നിറഞ്ഞ ഏതാനും ആളുകളുടെ ദീര്ഘ വീക്ഷണമില്ലാത്ത ഇത്തരം പ്രവർത്തികളുടെ അനന്തര ഫലം.
സിനിമ സംവിധായകനും കോഴിക്കോട് നിവാസിയുമായാ ശ്രീ. രഞ്ജിത്ത് രാഘവനും സുഹൃത്തുക്കളും ചേർന്ന് ഈയൊരു പ്രമേയത്തെ ആധാരമാക്കി മെനഞ്ഞെടുത്ത ഹ്രസ്വചിത്രം നമ്മുടെ സാമൂഹ്യ പ്രതിബദ്ധതക്ക് നേരെ ചോദ്യചിഹ്നമുയർത്തുന്നു. ‘കൊറോണ ടൈംസ്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ നിർമാണം ശ്രീ. കുര്യാക്കോസ് ഉണ്ണിട്ടണും സർഗാത്മക ആവിഷ്കാരം ശ്രീ സുരേന്ദ്രൻ ആരക്കോട്ടും നിർവഹിച്ചു.
അഭിനേതാക്കളായി മലയാളികളായ ശ്രിമതി റൈനി ജോസഫും ബാലതാരമായി ജൈറസ് കുര്യാക്കോസും ഇംഗ്ലീഷുകാരനായ ശ്രീ ബ്രെറ്റോസ് ഇവാഞ്ചലസും പ്രവർത്തിച്ചപ്പോൾ പിന്നണിയിൽ ശബ്ദം നൽകിയത് മലയാളിയായ നക്ഷത്ര രഞ്ജിത്ത് ആയിരുന്നു.
ലണ്ടന് സമീപമുള്ള ഡാർട്ഫോർഡ് നഗരത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ശ്രീ. രഞ്ജിത്ത് മലയാള സിനിമയിലെ അതികായന്മാരായ പവിത്രൻ, ടി.വി ചന്ദ്രൻ, തോമസ് സെബാസ്റ്റ്യൻ, ചിന്ത രവി, ശ്രീപ്രകാശ്, പ്രദീപ്, ജെയിംസ് എന്നിവരുടെ കൂടെ അസ്സോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്.
click on malayalam character to switch languages