1 GBP = 106.75
breaking news

അമ്പതിന്റെ നിറവില്‍ അമരക്കാരന്‍…

അമ്പതിന്റെ നിറവില്‍ അമരക്കാരന്‍…
യുക്​മ ദേശീയ ജനറല്‍ സെക്രട്ടറി അലക്​സ് വര്‍ഗ്ഗീസിന് അമ്പത് വയസ്സ്. യുക്​മയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ സംഘടന കടന്ന് പോയപ്പോള്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ യുക്​മയെ മികവിന്റെ ഔന്ന്യത്യത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ തന്റെ സംഘാടകമികവിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ച കരുത്തുറ്റ പോരാളി. വിനയം മുഖമുദ്രയാക്കി സൗമ്യതയോടെ ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്.
യു.കെയിലെ മലയാളി സംഘടനാ രംഗത്ത് ഏറെ ശ്രദ്ധേയനായ അലക്സ് വര്‍ഗ്ഗീസ് നോര്‍ത്ത് വെസ്റ്റിലെ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ)ന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സജീവമാകുന്നത്. യുക്​മയുടെ പ്രഥമ ദേശീയ കലാമേളയില്‍ ഏറ്റവുമധികം പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം നേടിയ എം.എം.സി.എയുടെ നെടുംതൂണായി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള  അലക്സ് യുക്മയിലെ ഏറ്റവുമധികം പരിചയസമ്പന്നനായ നേതാവാണ്.
യുക്​മ ദേശീയ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, പി.ആര്‍.ഒ, ജോ. ട്രഷറര്‍, ജോ. സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം യുക്മയുടെ മുഖപത്രമായ യുക്മ ന്യൂസിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്. മാഞ്ചസ്റ്റര്‍  സെന്‍റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുള്ള അലക്സ് മാഞ്ചസ്റ്ററിലെ തന്റെ ജനകീയ അടിത്തറയുടെ പിന്‍ബലത്തില്‍ യുക്​മ സംഘടിപ്പിച്ച പല പരിപാടികളും വന്‍ വിജയമാക്കിയിട്ടുണ്ട്.
അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് യുക്​മയുടെ പത്താമത് “ദേശീയ കലാമേള 2019” മാഞ്ചസ്റ്ററില്‍ വിജയകരമായി സംഘടിപ്പിക്കപ്പെട്ടത്. കഴിഞ്ഞ  ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ഫാമിലി ഫെസ്റ്റ്,  മാഞ്ചസ്റ്ററിലെ മലയാളി സമൂഹം അന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്. കേരളാ പോലീസ് ഉദ്യോഗസ്ഥനായ അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആമ്പല്ലൂർ ചെറുവള്ളിൽ പരേതനായ സി.സി.വർഗീസിൻ്റെയും കൊച്ചുത്രേസ്യാ വർഗീസിൻ്റെയും നാല് മക്കളിൽ മൂത്തയാളാണ് അലക്സ്. ഭാര്യ ബെറ്റിമോൾ, മക്കൾ അനേഖ, അഭിഷേക്, ഏഡ്രിയേൽ. സഹോദരങ്ങൾ ജോസ്, അമ്മിണി, ജിജി.
യുക്​മയുടെ ഏറ്റവും കരുത്തനായ ജനറല്‍ സെക്രട്ടറിയ്ക്ക് ദേശീയ ഭരണസമിതിയുടെ അമ്പതാം പിറന്നാള്‍ ആശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more