ലണ്ടൻ: കാർ ഇൻഷുറൻസ് പോലെ തന്നെ സൈക്കിൾ യാത്രക്കാരും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. ജെമ്മ ബുഷാറ്റ് എന്ന 28 കാരിയായ യോഗ ട്രെയ്നറാണ് സൈക്കിൾ അപകടത്തിൽപ്പെട്ടത്. 2015 ജൂലായിൽ റോബർട്ട് ഹെയ്‌സിൽഡീൻ എന്ന ചെറുപ്പക്കാരൻ ജോലി കഴിഞ്ഞു സൈക്കിളിൽ വരവേ ലണ്ടനിലെ കാനൻ സ്ട്രീറ്റിൽ വച്ചാണ് അപകടമുണ്ടായത്. മൊബൈൽ നോക്കി റോഡ് മുറിച്ച് കടക്കുകയായിരുന്ന ജെമ്മക്ക് മേൽ സൈക്കിൾ വന്നിടിക്കുകയായിരുന്നു. ഗ്രീൻ സിഗ്നൽ വഴിയാണ് റോബർട്ട് സൈക്കിളിൽ വന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ തിരക്കേറിയ റോഡിൽ മൊബൈലും നോക്കി റോഡ് മുറിച്ച് കടന്ന ജെമ്മയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെങ്കിലും വിധി റോബർട്ടിന് എതിരായിരുന്നു. കാല്നടയാത്രക്കാരുടെ പെരുമാറ്റങ്ങൾ പൂർണ്ണമായും ശ്രദ്ധിച്ച് വേണം സൈക്കിൾ യാത്രക്കാർ നീങ്ങേണ്ടത് എന്നാണ് ജഡ്ജ് പറഞ്ഞിരിക്കുന്നത്.
ജെമ്മയുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട റോബർട്ട് സൈക്കിളിലെ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയും ബ്രെക്ക് ചവിട്ടിയും സൈക്കിൾ നിറുത്താൻ ശ്രമിച്ചെങ്കിലും സൈക്കിൾ ജെമ്മയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കുകൾ ഗുരുതരമല്ലെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെമ്മ കോടതിയെ സമീപിക്കുകയായിരുന്നു.
4161.79 പൗണ്ടാണ് കോടതി ജെമ്മക്ക് നഷ്ടപരിഹാരമായി വിധിച്ചത്. സൈക്കിൾ ഇൻഷുറൻസ് എടുക്കാത്തത് മൂലം നഷ്ടപരിഹാര തുകയും കോടതിച്ചെലവുമടക്കം ഏകദേശം ഒരു ലക്ഷത്തോളം പൗണ്ടാണ് റോബർട്ട് നൽകേണ്ടി വരുന്നത്. നീണ്ട നാല് വർഷത്തെ പോരാട്ടത്തിനൊടുവിൽ കിട്ടിയ കോടതി വിധി തന്നെ മാനസികമായി തളർത്തിയെന്ന് റോബർട്ട് പറയുന്നു. ഈ തുക നൽകാൻ നിവർത്തിയില്ലാതെ പാപ്പരായി പ്രഖ്യാപിക്കുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും ഇദ്ദേഹം പറയുന്നു.
അതേസമയം അടുത്ത സുഹൃത്തായ ബ്രിട്ടനി ഗോ ഫണ്ട് ഫോർ മി ചാരിറ്റി വഴി റോബർട്ടിനായി പണം സ്വരൂപിക്കാനുള്ള ഒരുക്കത്തിലാണ്. കോടതി വിധി രാജ്യത്തെ മുഴുവൻ സൈക്കിൾ ഉപയോക്താക്കളിലും ആശങ്ക പടർത്തുന്നുവെന്നും ബ്രിട്ടനി പറയുന്നു.
സൈക്കിൾ ഇൻഷുറൻസ് നൽകുന്ന നിരവധി കമ്പനികൾ നിലവിലുണ്ട്. മലയാളികളടക്കമുള്ള് പ്രവാസികളിൽ പലരും സൈക്കിളിനെ ആശ്രയിക്കുന്നവരാണ്. ബ്രിട്ടീഷ് സൈക്കളിംഗ് ക്ലബ്ബ് വഴി ഇൻഷുറൻസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
https://www.britishcycling.org.uk/legalandinsurance
click on malayalam character to switch languages