1 GBP = 107.06
breaking news

യാത്ര ഇൻഷുറൻസ്: കുറഞ്ഞ ചിലവിലുള്ള പോളിസികൾ കുഴപ്പത്തിൽ ചാടിച്ചേക്കാം!!

യാത്ര ഇൻഷുറൻസ്: കുറഞ്ഞ ചിലവിലുള്ള പോളിസികൾ കുഴപ്പത്തിൽ ചാടിച്ചേക്കാം!!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

സേവന നിരക്ക്-വില താരതമ്യത്തിനായുള്ള വെബ് സൈറ്റുകളിൽ യാത്ര ഇൻഷുറൻസ് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾ മത്സരിക്കുമ്പോൾ, അണിയറയിൽ വർധിപ്പിക്കുന്ന ചാർജുകളെക്കുറിച്ചും വെട്ടിക്കുറക്കുന്ന ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ചും അധികമാരും അറിയുന്നില്ല! ഇങ്ങനെ പ്രത്യക്ഷത്തിൽ ചെലവ് കുറഞ്ഞതെന്നു തോന്നിപ്പിക്കുന്ന പല പോളിസികളും നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഘട്ടമെത്തുമ്പോൾ വളരെ ചെലവേറിയതായി വരുന്നതാണ് സമീപകാലത്തു കണ്ടുവരുന്ന ഒരു പ്രവണത.

ഇൻഷുറൻസ് കമ്പനികൾ കൊള്ളലാഭമുണ്ടാക്കാൻ തേടുന്ന കുറുക്കുവഴികൾ പലതാണ്. അവകാശവാദനിക്ഷേപം (Claim Excess) സൂത്രത്തിൽ ഉയർത്തുക, അസുഖങ്ങൾക്കും യാത്ര റദ്ദാക്കലുകൾക്കുമുള്ള ഇൻഷുറൻസ് പരിരക്ഷയുടെ തുക കുറയ്ക്കുക, സ്വകാര്യ വസ്തുക്കൾ (ആഭരണങ്ങൾ, പണം, ഫോൺ, ഇലക്രോണിക് ഉപകരണങ്ങൾ മുതലായവ) നഷ്ടപ്പെട്ടാൽ അതിന്റെ രസീതുകൾ ഹാജരാക്കാത്തപക്ഷം നഷ്ടപരിഹാരത്തുക നിരാകരിക്കുക എന്നിവ അതിൽ ചിലതുമാത്രമാണ്.

കഴിഞ്ഞ വര്ഷം ‘ദി ഒബ്സർവേർ’ എന്ന വാർത്താമാധ്യമം ബിർമിങ്ഹാമിലെ ജൂലിയസ് തോമസിന്റെ ഒരു കേസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. യാത്ര ഇൻഷുറൻസ് എടുത്തിട്ടും, ഒരു അവധിക്കാല യാത്രക്കിടയിൽ അസുഖമായതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൂലിയറ്റിന്റെ വയറ്റിനുള്ളിൽ മുഴ കണ്ടെത്തുകയും തുടർ ചികിത്സക്കായി £30,000 സ്വന്തം കൈയിൽ നിന്നും ചെലവിടേണ്ടതായും വന്നു. ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നിരസിക്കാൻ കാരണമായി പറഞ്ഞത്, പണ്ടെങ്ങോ ജൂലിയറ്റ് ഉറക്ക ഗുളികകൾ ഉപയോഗിച്ചിരുന്നത് പോളിസി എടുക്കുന്ന സമയത്തു സൂചിപ്പിച്ചില്ലെന്നതാണ്!

നഷ്ടപരിഹാരത്തിന് ഓരോ ഇനത്തിലും വെവ്വേറെ അവകാശവാദനിക്ഷേപം ആവശ്യപ്പെടുന്നതാണ് മറ്റൊരു രീതി. ഒരുദാഹരണത്തിനു, നിങ്ങളുടെ ഭാര്യയുടെ ഫോണും പഴ്സും അടങ്ങിയ ഹാൻഡ്ബാഗ് നഷ്ടപ്പെട്ടു എന്ന് കരുതുക. ഇവിടെ ഫോൺ വ്യക്തിഗത വസ്തുവും (Personal possession) പേഴ്സ് വ്യക്തിഗത പണവുമായി (Personal money) തരാം തിരിക്കുകയും, ഓരോ ഇനത്തിലും (സാധാരണ £300 വരെ) അവകാശവാദ നിക്ഷേപം കൊടുക്കേണ്ടി വരുകയും ചെയ്യും.

നിയമാവലികൾ പൂർണമായി വായിച്ചു ഗ്രഹിക്കാത്തവരെയും കണക്കിൽ വലിയ നൈപുണ്യമില്ലാത്തവരെയും എളുപ്പത്തിൽ പറ്റിക്കാൻ ഈ ഇൻഷുറൻസ് കമ്പനികൾ അതീവ തല്പരരാണ്! ഉദാഹരണത്തിന് ‘മണി സൂപ്പർമാർകെറ്റ്’ എന്ന സേവന നിരക്ക്-വില താരതമ്യത്തിനായുള്ള വെബ്സൈറ്റ് വഴി, ഫ്രാൻ‌സിൽ ഒരാഴ്ചത്തേക്ക് യാത്ര പോകാൻ ഒരു ദമ്പതികൾക്ക് ലഭിച്ച ഇൻഷുറൻസ് ഉദ്ധരണി ഇപ്രകാരമാണ്:

വെങ്കല പാക്കേജ് (Bronze Package) – £8.99
(അവകാശവാദനിക്ഷേപം – £250 വ്യക്തി ഒന്നിന്, പരമാവധി നഷ്ടപരിഹാരത്തുക: യാത്ര റദ്ദാക്കിയാൽ – £750, ബാഗ്ഗജ് നഷ്ടപ്പെട്ടാൽ – £500)

ഏറ്റവും കുറഞ്ഞ നിരക്ക് ഇതായതുകൊണ്ടു സ്വാഭാവികമായും എല്ലാവരും ഈ പോളിസി തിരഞ്ഞെടുക്കും. എന്നാൽ കേവലം 2 പൗണ്ട് കൂടി മുടക്കി തൊട്ടടുത്ത പാക്കേജ് എടുക്കുമ്പോൾ അവകാശവാദ നിക്ഷേപത്തുക കുറയുന്നതും നഷ്ടപരിഹാരത്തുക കൂടുന്നതും ശ്രദ്ധിക്കുക:

സുവർണ പാക്കേജ് (Golden Package) – £10.99
(അവകാശവാദനിക്ഷേപം – £100 വ്യക്തി ഒന്നിന്, പരമാവധി നഷ്ടപരിഹാരത്തുക: യാത്ര റദ്ദാക്കിയാൽ – £1000, ബാഗ്ഗജ് നഷ്ടപ്പെട്ടാൽ – £1000)

പോളിസി എടുക്കുന്നതിനുമുമ്പ് നിബന്ധനകളും വ്യവസ്ഥകളും വിശദമായി വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. ഏതെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കിൽ സേവനദാതാവിനെ വിളിച്ചു സംശയനിവാരണം നടത്തേണ്ടതും അത്യാവശ്യമാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ആരോഗ്യ പരിരക്ഷ യൂറോപ്യൻ യാത്രകൾക്ക് ചുരുങ്ങിയ പക്ഷം 1 മില്യൺ പൗണ്ടും അമേരിക്കൻ യാത്രകൾക്ക് 2 മില്യൺ പൗണ്ടും വേണ്ടതാണ്. ആരോഗ്യസ്ഥിതിയിൽ അത്യാഹിത സാഹചര്യമുണ്ടാകുന്നപക്ഷം സ്വദേശത്തേക്കു മടക്കി കൊണ്ടുവരാനുള്ള പരിരക്ഷ ഉണ്ടെന്നു ഉറപ്പു വരുത്തുക.
  • യാത്ര റദ്ദാക്കൽ / വെട്ടിചുരുക്കൽ പരിരക്ഷ (Cancellation/Curtailment) – നിങ്ങൾ യാത്രക്കായി ചെലവാക്കിയ തുക നഷ്ടം വരാത്തത്രയും പരിരക്ഷ ഉണ്ടെന്നുറപ്പ് വരുത്തുക. (സാധാരണ £2000-മോ അതിൽ കൂടുതലോ ഉണ്ടാവണം).
  • നിങ്ങൾ വിമാനത്തിൽ / ട്രെയിനിൽ സമയത്തിന് എത്തിപ്പെടാൻ പറ്റാതിരുന്നാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക.
  • എല്ലാ പോളിസിയും നഷ്ടപ്പെടുന്ന / വൈകിയെത്തുന്ന ബാഗേജുകൾക്കു നഷ്ടപരിഹാരം തരാറില്ല. ചിലപ്പോൾ നഷ്ടപരിഹാരം തരുന്നതിനുമുന്പ് സാധനങ്ങളുടെ രസീതികൾ ഹാജരാക്കേണ്ടി വരും. ചുരുങ്ങിയ പരിരക്ഷ £1500 എങ്കിലും ഉണ്ടെന്നു ഉറപ്പു വരുത്തുക.
  • താഴെത്തട്ടിലുള്ള (basic) പോളിസികൾ ദന്തപരിചരണം, എയർലൈൻ തകരാറുകൾ, തീവ്രവാദ ആക്രമണം, പണം-ടിക്കറ്റ്-പാസ്പോര്ട്ട് ആയവ നഷ്ടപ്പെട്ടാലുള്ള പരിരക്ഷ എന്നിവ നൽകാറില്ല. ഇവ കൂടി ഉൾപ്പെടുന്ന തൊട്ടടുത്ത പാക്കേജുകൾ ഒരല്പം പണം കൂടി ചെലവിടാമെങ്കിൽ വാങ്ങാവുന്നതാണ്.
  • അവകാശവാദനിക്ഷേപം (claim excess) എത്രയാണെന്ന് ശ്രദ്ധിക്കുക. ഇത് ഓരോ വ്യക്തിക്കും, ഓരോ സെക്ഷൻ പ്രകാരമുള്ള നഷ്ടപരിഹാരത്തിനും ആവശ്യമാണോയെന്നു തിട്ടപ്പെടുത്തുക.
  • അവകാശവാദനിക്ഷേപത്തുക തീരെ ഇല്ലാത്ത പോളിസികളും മാർക്കറ്റിൽ ലഭ്യമാണ്. ഇവ ലാഭകരമാണെന്നു തോന്നിച്ചേക്കാം. പക്ഷെ നഷ്ടപരിഹാരം ഉന്നയിക്കുന്നപക്ഷം ഇവ വളരെ ചെലവേറിയതായി മാറുന്നത് കാണാം!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more