1 GBP = 107.49
breaking news

ആർക്കു വേണം നാണയത്തുട്ടുകൾ? കുട്ടികൾക്ക് പോക്കറ്റ് മണി നല്കാൻ ഇനി പ്രീപെയ്ഡ് കാർഡുകൾ!!

ആർക്കു വേണം നാണയത്തുട്ടുകൾ? കുട്ടികൾക്ക് പോക്കറ്റ് മണി നല്കാൻ ഇനി പ്രീപെയ്ഡ് കാർഡുകൾ!!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ, യുക്മ ന്യൂസ്) 

കുട്ടികൾക്ക് കടകളിലും മറ്റുമായി ചെലവഴിക്കാനുള്ള പണം അവരുടെ പ്രീപെയ്ഡ് കാർഡുകളിലേക്കു ഇനി മാതാപിതാക്കൾക്ക് തങ്ങളുടെ കയ്യിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് മാറ്റാവുന്നതാണ്. കറൻസി, നാണയങ്ങൾ മുതലായവയുടെ ഉപയോഗം ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ അവയുടെ സ്ഥാനം കാർഡുകൾ തട്ടിയെടുക്കുന്ന പ്രവണത ആശ്ചര്യപെടുത്തുന്ന ഒന്നല്ലാതായി മാറിക്കഴിഞ്ഞു!

പോക്കറ്റ് മണി എന്നാൽ ശനിയാഴ്ച രാവിലെകളിൽ മക്കളുടെ കൈകളിലേക്ക് കൈമാറ്റം ചെയ്യാറുള്ള കുറെ നാണയത്തുട്ടുകളായിരുന്നു ഇക്കാലം വരെയും! കവല മുക്കിലെ കടകളിലെ വർണ്ണക്കടലാസിൽ പൊതിഞ്ഞ മിട്ടായികൾക്കായി അത് വാങ്ങിവെച്ചതിനെക്കാളും വേഗത്തിൽ ചെലവഴിക്കുന്ന കാഴ്ചയും നാം ഒരുപാടു കണ്ടതാണ്! എന്നാൽ അധികം വിദൂരമല്ലാത്ത ഭാവിയിൽ തന്നെ നാണയങ്ങളുടെ സ്ഥാനം സ്മാർട്ട് കാർഡുകൾ ഏറ്റെടുത്തേക്കും.

കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഈ കാർഡുകളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്മാർട്ട്ഫോൺ ‘ടാപ്പ്’ ചെയ്തും സാധനങ്ങൾ വാങ്ങിക്കാവുന്നതാണ്.

പോക്കറ്റ് മണി ആപ്പ് ആയ ‘റൂസ്റ്റർമണി’ (RoosterMoney) ആണ് ഏറ്റവും ഒടുവിൽ കുട്ടികൾക്കുള്ള പ്രീപെയ്ഡ് കാർഡുമായി രംഗത്ത് വന്ന കമ്പനി. കുടുംബാംഗങ്ങൾക്കോ, ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ എളുപ്പത്തിൽ ഈ പ്രീ-പെയ്ഡ് കാർഡുകളിലേക്കു പണം മാറ്റാവുന്നതും, തുടർന്ന് കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ ഷോപ്പിങ്ങിനും, ഇൻറർനെറ്റിൽ സാധന-സേവനങ്ങൾ വാങ്ങുന്നതിനും കൂടാതെ എ.ടി.എം മെഷീനുകളിൽനിന്നു പണം പിൻവലിക്കുന്നതിനും ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.

പരമാവധി എത്ര പണം കുട്ടികൾക്ക് ചെലവഴിക്കാനാവും എന്നത് മാതാപിതാക്കൾക്കു മുൻകൂട്ടി സജ്ജമാക്കാനും ഈ കാർഡുകളിൽ സൗകര്യമുണ്ട്. അതേപോലെ, ആവശ്യമെങ്കിൽ കാർഡിന്റെ പ്രവർത്തനം നിര്ജീവമാക്കാനും കഴിയും. ആൽക്കഹോൾ, സിഗരറ്റ്, പെട്രോൾ, വിമാന ടിക്കറ്റ് എന്നിങ്ങനെ കുട്ടികൾക്ക് വർജ്യമായ സാധനങ്ങൾ – സേവങ്ങൾ വാങ്ങുന്നത് തടയാനുള്ള സംവിധാനവും ഈ കാർഡുകൾക്കുണ്ട്. വാങ്ങിക്കുന്ന സാധനങ്ങളുടെ രസീതി അയക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രീ-പെയ്ഡ് കാർഡ് സേവനത്തിനായി ഒരു ചെറിയ തുക വരിസംഖ്യ ഇനത്തിൽ മാസത്തിൽ അടക്കേണ്ടി വരും (തുക എത്രയെന്നു ഇതേ വരെ വെളിപ്പെടുത്തിയിട്ടില്ല).

റൂസ്റ്റർ മണി (RoosterMoney) പോലെ മറ്റു പ്രീ-പെയ്ഡ് കാർഡുകളും മാർക്കറ്റിൽ ഇപ്പോൾ ലഭ്യമാണ്. നിംപിൾ (Nimble – മാസവരി£2.49), ഓസ്‌പേർ (Osper – മാസവരി£2.50), ഗോഹെൻറി (goHenry – മാസവരി £2.99).

റൂസ്റ്റർ മണിയും നിമ്പിളും 6 വയസ്സായ കുട്ടികൾക്കാണെങ്കിൽ ഓസ്‍പെരും ഗോഹെന്രിയും 8 വയസ്സായ കുട്ടികൾക്കുള്ളതാണ്.

പല മാതാപിതാക്കൾക്കും ഇത്രയും ചെറുപ്പത്തിൽ കുട്ടികൾക്ക് പണം ചിലവഴിക്കാൻ ഡെബിറ്റ് കാർഡ് കൊടുക്കുന്നതിനോട് വിയോജിപ്പുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ, ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണെന്നും, ചെറുപ്പത്തിലേ പണം സൂക്ഷിച്ചു ഉപയോഗിക്കുന്നത് പഠിപ്പിക്കുന്നത് വഴി ഭാവിയിൽ കടബാധ്യതകളിൽ ചെന്ന് ചാടുന്നത് ഒഴിവാക്കാൻ പ്രയോജനപ്പെടുമെന്നും കരുതുന്നു.

ഏതായാലും, കാർഡ് ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുൻപ് രക്ഷിതാക്കളും കുട്ടിയും തമ്മിൽ പണവും, അതിന്റെ ഉപയോഗവും, അമിതോപയോഗവും തുടങ്ങിയ കാര്യങ്ങളിൽ ഒരു തുറന്ന ചർച്ച അനിവാര്യമാണെന്നതിനെക്കുറിച്ചു ആർക്കും ഒരു തർക്കവുമില്ല.

പണത്തെക്കുറിച്ചു സംസാരിക്കാൻ പ്രേരിക്കപ്പെടുകയും, സ്വന്തം പണം ഉത്തരവാദിത്ത ബോധത്തോടുകൂടി ചെലവഴിക്കുകയും ചെയ്യുന്ന കുട്ടികൾ പിൽക്കാലത്തു സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ അർജവമുള്ളവരായി തീരുമെന്നാണ് ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികൾക്ക് ചെറിയ തുക ചെലവാക്കാനായി നൽകുന്നത് അവരുടെ സാമ്പത്തിക സ്വഭാവത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ചെലവാക്കുന്ന തുകയിലല്ല, മറിച്ചു ചെലവിടുമ്പോൾ കാണിക്കുന്ന ഉത്തരവാദിത്ത ബോധമാണ് പ്രധാനമെന്ന് കാലക്രമേണ അവർ മനസ്സിലാക്കി തുടങ്ങും.

ദീർഘകാലം നീണ്ടു നിൽക്കുന്ന പല സാമ്പത്തിക നിലപാടുകളും ജീവിതത്തിൽ ഉരുത്തിരിയുന്നത് 7 വയസ്സുമുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കഴിയുന്നത്ര വേഗത്തിൽ കുട്ടികളോട് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു eസംസാരിക്കാൻ തുടങ്ങേണ്ടത് ഇക്കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more