ലണ്ടൻ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 71ലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ നഷ്ടത്തിലാണ്. എന്നാൽ പിന്നീട് നില അൽപം മെച്ചപ്പെട്ടെങ്കിലും തകർച്ച ഇനിയും തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ. അസംസ്കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഡോളറിന് ആവശ്യം വർധിക്കുകയും രാജ്യത്തെ വിദേശ മൂലധനം വൻതോതിൽ തിരിച്ചു പോകുകയും ചെയ്തതിനെ തുടർന്നാണ് രൂപ തുടർച്ചയായി കൂപ്പുകുത്തുന്നത്. പൊതുമേഖലാ ബാങ്കുകളും എണ്ണക്കമ്പനികളും വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നുണ്ട്. എന്നാൽ പൗണ്ട് വിനിമയ നിരക്ക് 92.42 ലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.
വ്യാഴാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 70.59ൽ തുടങ്ങിയ രൂപയുടെ മൂല്യം 70.74ലാണ് ക്ലോസ് ചെയ്തത്. 15 പൈസയുടെ ഇടിവാണിത്. ബുധനാഴ്ച 49 പൈസ കുറഞ്ഞ് ഡോളറിന് 70.59 രൂപയിലെത്തിയിരുന്നു.
ക്രൂഡോയിൽ വില വീണ്ടും ഉയരുന്നതാണ് ഇന്ത്യയിൽ ഡോളറിന്റെ ഡിമാൻഡ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണം. ക്രൂഡോയിൽ വാങ്ങൽ നടപടികൾ ഡോളറിലായതിനാലാണ്, എണ്ണക്കമ്പനികളും മറ്റും രൂപയെ വൻതോതിൽ കൈയൊഴിയുന്നത്.
അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനാൽ ഇറാനിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക് എത്തുന്ന ക്രൂഡോയിലിന്റെ അളവ് കുറയുമെന്ന ഭീതിമൂലം ക്രൂഡോയിൽ വില അനുദിനം കൂടുകയാണ്. ഇന്നലെ ബാരലിന് 69.86 ഡോളറിൽ നിന്ന് വില 70.08 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയർന്നു. ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് വീണതും രൂപയെ തളർത്തുന്നുണ്ട്. രണ്ടുനാൾ മുമ്പ് റെക്കോർഡ് ഉയരം കുറിച്ച സെൻസെക്സ്സ് ഇന്നലെ 32 പോയിന്റും നിഫ്റ്റി 15 പോയിന്റും നഷ്ടം രേഖപ്പെടുത്തി.
പ്രവാസികൾ, കയറ്റുമതി രംഗത്തുള്ളവർ, ഐ.ടി, ഔഷധ നിർമാണ കമ്പനികൾക്കും ഡോളറിനെതിരെ രൂപയുടെ വീഴ്ച നേട്ടമാണ്. അതേസമയം ഇറക്കുമതി ചെയ്യുന്ന പെട്രോൾ, ഡീസൽ, സ്വർണം, ഇലക്ടോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ വില ഉയരും.
രൂപയുടെ വിനിമയ നിരക്ക് (വെള്ളിയാഴ്ച രാവിലെ 11.30നുള്ള കണക്ക് പ്രകാരം)
ബ്രിട്ടീഷ് പൗണ്ട് – 92.42
യു.എസ് ഡോളർ- 70.98
യു.എ.ഇ ദിർഹം- 19.32
ബഹ്റൈൻ ദിനാർ- 188.14
കുവൈറ്റ് ദിനാർ- 234.53
സൗദി റിയാൽ- 18.92
ഓസ്ട്രേലിയൻ ഡോളർ- 51.32
കനേഡിയൻ ഡോളർ- 54.54
യൂറോ- 82.91
click on malayalam character to switch languages