കൊച്ചി: വിമശർനഹാസ്യത്തിലൂടെ മലയാള കവിതക്ക് ചിരിയുടെ മുഖം നൽകിയ കവി ചെമ്മനം ചാക്കോ (92) അന്തരിച്ചു. കാക്കനാട് പടമുകളിലെ വസതിയില്‍ രാത്രി 11.50നായിരുന്നു അന്ത്യം. വാര്‍ധക്യസഹജ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിതത്തിലായിരുന്നു.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം ഗ്രാമത്തിൽ വൈദികനായ യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി 1926 മാർച്ച് ഏഴിനാണ് ജനനം. കുടുംബപ്പേരാണ് ചെമ്മനം. പിറവം സെൻറ് ജോസഫ്‌സ് ഹൈസ്കൂൾ, ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെൻറ് ജോസഫ്‌സ് ഹൈസ്കൂൾ, പാളയംകോട്ട സെൻറ് ജോൺസ് കോളജ്, തിരുവനന്തപുരം മാർഇവാനിയോസ് കോളജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായും 1968 മുതൽ 1986 വരെ കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമി, ഒാതേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
1946ൽ ‘ചക്രവാളം’ മാസികയിൽ പ്രസിദ്ധീകരിച്ച ‘പ്രവചനം’ ആണ് ആദ്യകവിത. 1947ൽ ‘വിളംബരം’ എന്ന കവിതാസമാഹാരം പുറത്തിറങ്ങി. 1965ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലൂടെയാണ് വിമർശനഹാസ്യത്തിലേക്ക് തിരിഞ്ഞത്. 1967ൽ ‘കനകാക്ഷരങ്ങൾ’ എന്ന വിമർശന കവിത സമാഹാരം പ്രസിദ്ധീകരിച്ചു. കാലത്തിെൻറ പൊരുത്തക്കേടുകളെ നർമബോധത്തോടെ നോക്കിക്കാണുകയും അതിനെതിരെ ആക്ഷേപഹാസ്യത്തിെൻറ മൂർച്ചയുള്ള വാക്കുകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്നതായിരുന്നു ചെമ്മനത്തിെൻറ രചനകൾ. ഇത് പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്തു.
പ്രധാന കൃതികൾ: നെല്ല്, അസ്ത്രം, ദുഃഖത്തിെൻറ ചിരി, ആവനാഴി, ദാഹജലം, അമ്പും വില്ലും, ആളില്ലാക്കസേരകൾ, ഒറ്റയാൾ പട്ടാളം, അക്ഷരപ്പോരാട്ടം (കവിതകൾ), ചക്കരമാമ്പഴം, നെറ്റിപ്പട്ടം, വർഗീസ് ആന (ബാലസാഹിത്യം), കിഞ്ചന വർത്തമാനം, ചിരിമധുരം, ഭാഷാതിലകം, വള്ളത്തോൾ-കവിയും വ്യക്തിയും (ലേഖനങ്ങൾ), തോമസ് 28 വയസ്സ് (ചെറുകഥാസമാഹാരം).
കേരള സാഹിത്യ അക്കാദമി കവിത പുരസ്കാരം, ഹാസ്യസാഹിത്യ അവാർഡ്, ഉള്ളൂർ കവിത അവാർഡ്, ആശാൻ പുരസ്കാരം, സഞ്ജയൻ അവാർഡ്, പി. സ്മാരക പുരസ്കാരം, മൂലൂർ അവാർഡ്, ജി. സ്മാരക പുരസ്കാരം, കുട്ടമത്ത് അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം തുടങ്ങിയ ഒേട്ടറെ ബഹുമതികൾ നേടിയിട്ടുണ്ട്. ഭാര്യ: ബേബി. മക്കൾ: ഡോ. ശോഭ, ഡോ. ജയ. സംസ്കാരം പിന്നീട്.
click on malayalam character to switch languages