1 GBP = 104.26

മലയാളി ബാലനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ അഞ്ചുപേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു

മലയാളി ബാലനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ അഞ്ചുപേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു

ലണ്ടൻ: മലയാളിയായ ജേക്കബ് എബ്രഹാമിനെ കുത്തിക്കൊന്ന കേസിലെ കൗമാരക്കാരായ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 15 വയസ്സുള്ള ആണ്‍കുട്ടിയെയാണ് അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡനത്തിന് ശേഷം കൊന്നത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ ഈ പ്രതികളുടെ പേരുവിവരങ്ങള്‍ ഇതാദ്യമായി പുറത്തുവിട്ടു. കായ് ഫിഷര്‍ ഡിക്‌സണ്‍, ഷൊയിബ് മഹമൂദ്, ട്രെമെയിന്‍ ഗ്രേ, ഒമാറിയോണ്‍ സ്റ്റീഫന്‍സ്, അബ്ദുള്‍ഖാലിദ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് ജേക്കബ് എബ്രഹാമിനെ വീടിന് സമീപം വെച്ച് കൊലപ്പെടുത്തിയത്.

വീടില്ലാത്തവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ അമ്മയെ സഹായിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ വാല്‍താം ക്രോസിലെ ഹഴ്‌സ്റ്റ് ഡ്രൈവില്‍ വെച്ച് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ജേക്കബിനെ കാണാതെ വന്നതോടെയാണ് സഹോദരന്‍ ഐസക് ആണ്‍കുട്ടിയെ തിരക്കി ഇറങ്ങിയത്. കുത്തേറ്റ് കിടക്കുന്ന ജേക്കബിനെയാണ് ഐസക് കണ്ടെത്തിയത്. എട്ട് തവണയാണ് ജേക്കബിന്റെ കാലുകളില്‍ അക്രമികള്‍ വെട്ടിയത്. ഒരു വെട്ട് കൈയിലുമായിരുന്നു. വലത് തുടയിലേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്‍ന്നാണ് രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചത്. 

അക്രമം നടക്കുമ്പോള്‍ വെറും 14 വയസ്സ് മാത്രമാണ് പ്രതികളുടെ പ്രായം. ഇവര്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ നിന്നുള്ളവരാണ് എല്ലാ പ്രതികളും. കൊലപാതക്കുറ്റം നിഷേധിച്ചെങ്കിലും അഞ്ചാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഇവര്‍ കുറ്റക്കാരാണെന്ന് ജൂണ്‍ 25ന് സെന്റ് ആല്‍ബന്‍സ് ക്രൗണ്‍ കോടതി വിധിച്ചു. ഇന്നലെയാണ് ജസ്റ്റിസ് എഡിസ് കുറ്റക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഗ്രേ, സ്റ്റീഫന്‍സ് എന്നിവര്‍ക്ക് 14 വര്‍ഷവും, മുഹമ്മദിന് 13 വര്‍ഷവും, ഫിഷര്‍ ഡിക്‌സണ്‍, മഹമൂദ് എന്നിവര്‍ക്ക് 12 വര്‍ഷവുമാണ് ശിക്ഷ.

എന്‍ഫീല്‍ഡ് കേപ്പല്‍ മാനര്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജേക്കബ് എബ്രഹാം. മനഃപ്പൂര്‍വ്വം വേദനിപ്പിച്ച് കൊല്ലുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് കോടതി കണ്ടെത്തി. അതേസമയം ജേക്കബിന് ചെറിയ തോതില്‍ കഞ്ചാവ് വില്‍പ്പന ഉണ്ടായിരുന്നതായും വ്യക്തമായിരുന്നു. ഇതിന്റെ പേരില്‍ ചില ഗ്യാംഗുകളുമായി പ്രശ്‌നങ്ങളും നിലനിന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more