1 GBP = 106.31

“മാതൃഭൂമിക്ക് ഒരു പൊടിമീശയെങ്കിലും ആകാം” മീശയുടെ പ്രസാധകരെ കടന്നാക്രമിച്ച് എൻ എൻ കൃഷ്ണദാസ്

“മാതൃഭൂമിക്ക് ഒരു പൊടിമീശയെങ്കിലും ആകാം” മീശയുടെ പ്രസാധകരെ കടന്നാക്രമിച്ച് എൻ എൻ കൃഷ്ണദാസ്

കൊച്ചി: വിവാദമായതിനെ തുടർന്ന് ‘മീശ നോവൽ’ പിൻവലിച്ച സാഹചര്യത്തിൽ പ്രസാധകരെ വിമർശിച്ച് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്‍റെ സർഗാത്മകപാരമ്പര്യം തകർക്കാൻ നടത്തുന്ന ഭീകരശ്രമങ്ങളുടെ ഭാഗമാണിതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇതിനെ എതിർത്ത് തോൽപ്പിക്കാനുളള ശേഷി കേരളത്തിന് ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്നും എന്നാൽ, ഇതിനിടയിൽ കടന്നുവരുന്ന ചില ആകുലതകൾ കൂടിയുണ്ടെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മറ്റേത് സ്ഥാപനം ആയാലും തങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഒരു വരിയെങ്കിലും ഖേദം പ്രകടിപ്പിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ കേരളം നേടിയെടുത്തതാണ് ആവിഷ്കാര സ്വാതന്ത്ര്യം. അതിന്‍റെ കടക്കൽ കത്തി വീ‍ഴുമ്പോൾ “ഞങ്ങൾ പൊല്ലാപ്പിനൊന്നുമില്ലേ,നിങ്ങളൊക്കെ വന്ന് ശരിയാക്കിത്തരണം”എന്ന് പ്രസാധകർ പറയുമ്പോൾ അതിലെ വൈകൃതം തിരിച്ചറിയപ്പെടാതെ പോകരുതെന്നും കൃഷ്ണദാസ് വ്യക്തമാക്കുന്നു.

എൻ എൻ കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റ്,

മാതൃഭൂമിക്ക് ഒരു പൊടി മീശയെങ്കിലും ആകാം:

സംഘപരിവാർ സംഘടനകളുടെ കടന്നാക്രമണത്തെ തുടർന്ന് മാതൃഭൂമി ആ‍ഴ്ചപ്പതിപ്പിലെ നോവൽ പിൻവലിക്കേണ്ടി വന്നത് കേരളത്തിന്‍റെ ഉൽപതിഷ്ണുതക്കും പാരമ്പര്യത്തിനുമേറ്റ തിരിച്ചടിയാണ്. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്‍റെ സർഗാത്മകപാരമ്പര്യം തകർക്കാൻ നടത്തുന്ന ഭീകരശ്രമങ്ങളുട ഭാഗമാണിത്. ഇതിനെ എതിർത്ത് തോൽപ്പിക്കാനുളള ശേഷി കേരളത്തിന് ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇതിനിടയിൽ കടന്നുവരുന്ന ചില ആകുലതകൾ കൂടിയുണ്ട്.

ഇത്രയും വലിയ കടന്നാക്രമണം നടന്നിട്ടും മാതൃഭൂമി കമ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. മാതൃഭൂമിയുടെ പ്രസാധക പ്രദർശനത്തിന് നേരെ ആക്രമണമുണ്ടായിട്ടും ഇതേ നയമാണ് നമ്മൾ കണ്ടത്. “ഞങ്ങളെ സംരക്ഷിക്കാൻ മറ്റുളളവരെല്ലാം വരണം. എന്നാൽ, ഞങ്ങൾ എണ്ണയിട്ടിരിക്കുന്നു.”ക‍ഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മാതൃഭൂമി പത്രവും ചാനലും ഞാൻ സസൂക്ഷ്മം നിരീക്ഷിച്ചു. ദേശീയപത്രങ്ങൾ കാണിക്കുന്നതു പോലെ, ഒരു പാതി മുഖപ്രസംഗം പോലും എ‍ഴുതാൻ ഇവർ തയ്യാറായിട്ടില്ല. മാതൃഭൂമിയുടെ സാരഥികളാരും ഈ തീവ്രഭ്രാന്തിനെതിരെ രംഗത്തുവന്നിട്ടുമില്ല.” മറ്റുളളവർ ഞങ്ങൾക്ക് വേണ്ടി വെളളം കോരലും വിറകു വെട്ടലും അനുസ്യൂതം തുടരട്ടെ. സംഘപരിവാറുമായുളള ഇരിപ്പുവശം മോശപ്പെടുത്താനില്ല”എന്നതാണ് മാതൃഭൂമി നിലപാട്.

നോമ്പുകാലത്ത് മുസ്ലീങ്ങളെ ഇളക്കിവിട്ട് കലാപം ഉണ്ടാക്കാൻ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം പോലും വളച്ചൊടിച്ച് പ്രതിപാദനം നടത്തിയ മാതൃഭൂമി ചാനൽ അവതാരക പുംഗവന് വേണ്ടി ആ പത്രം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ എന്തൊക്കെയായിരുന്നു?
കടുത്ത വിഷം ചീറ്റിയ അവതാരകനെതിരെ തങ്ങളുടെ മൗലിക പൗരാവകാശം ഉപയോഗിച്ച് കേസ് കൊടുത്ത ഡിവൈഎഫ്ഐക്കാർക്കെതിരെ മാതൃഭൂമി എത്രയിടങ്ങളിലാണ് പ്രമേയം പാസാക്കിപ്പിച്ചത്. സംഭവം എന്താണെന്ന് പോലും അറിയാത്ത വിദേശികളേയും ഡൽഹിക്കാരെയുമൊക്കെ കിടക്കപ്പായയിൽ നിന്ന് എ‍ഴുന്നേൽപ്പിച്ച് പ്രതികരിപ്പിച്ചു.

മറ്റേത് സ്ഥാപനം ആയാലും തങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഒരു വരിയെങ്കിലും ഖേദം പ്രകടിപ്പിക്കും.ഇന്ന് മാതൃഭൂമി പുസ്തകോത്സവം ഡിവൈഎഫ്ഐ സംരക്ഷണ വലയിലാണ് എന്ന് ആ പത്രം തന്നെ എ‍ഴുതുമ്പോൾ അതിലെ കാവ്യനീതി തിരിച്ചറിയപ്പെടാതെ പോകരുത്.

പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ കേരളം നേടിയെടുത്തതാണ് ആവിഷ്കാര സ്വാതന്ത്ര്യം.അതിന്‍റെ കടക്കൽ കത്തി വീ‍ഴുമ്പോൾ “ഞങ്ങൾ പൊല്ലാപ്പിനൊന്നുമില്ലേ,നിങ്ങളൊക്കെ വന്ന് ശരിയാക്കിത്തരണം”എന്ന് മാതൃഭൂമി പറയുമ്പോൾ അതിലെ വൈകൃതം തിരിച്ചറിയപ്പെടാതെ പോകരുത്.
എൻ എൻ കൃഷ്ണദാസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more