1 GBP = 106.85
breaking news

ഓക്സ്ഫോർഡ്‌ഷെറിലെ കേരളാ പൂരം, കാണേണ്ടിയിരുന്ന പൂരം

ഓക്സ്ഫോർഡ്‌ഷെറിലെ കേരളാ പൂരം, കാണേണ്ടിയിരുന്ന പൂരം

മാത്യു ഡൊമിനിക്

ഇംഗ്ലണ്ടിനും, ലോകത്തിനു തന്നെയും നൂറ്റാണ്ടുകളിലൂടെ വിജ്ഞാനം വിളമ്പിയ അറിവിന്റെ മുത്തശി വിനയാന്വതയായി കുടികൊള്ളുന്ന ഓക്സ്ഫോർഷർ. അവിടെ ഫാർമൂറിൽ കണ്ണുനീർതുള്ളിയോളം തന്നെ നൈർമല്യം സൂക്ഷിക്കുന്ന ശുദ്ധ ജല തടാകം. പച്ചപ്പട്ടുവിരിച്ച പുൽമേടും, കുന്നിൻ ചെരിവുകളും, ഇലച്ചാർത്തുകളാൽ സമ്പന്നമായ മേപ്പിൾ മരങ്ങളും വിലോട്രീകളും, ഏതൊരു സാധാരണകാരനെ പോലും വേഡ്‌സ് വർത്താക്കാൻ പോരുന്ന അപാര പ്രുകൃതി ഭംഗി.

കടുത്ത ശീത കാലത്തെ കീഴടക്കി, തന്റെ തങ്കക്കതിരാൽ ചൂടും സ്വർണ്ണ വർണ്ണവും വിതറി നിൽക്കുന്ന ആദിത്യൻ പതിവില്ലാതെ ഒരു ജനക്കൂട്ടത്തിന്റെ ആരവം അത്ഭുതം കൂറി മരച്ചില്ലികളിൽ നിന്നും തലചെരിച്ചു കൺകോണുകൾ കൊണ്ട് എത്തിനോക്കുന്ന പക്ഷിക്കൂട്ടങ്ങൾ.

അവ്യാചമായ അനുഭൂതി പകരുന്ന ഈ അന്തരീക്ഷത്തിലാണ് യുക്മ നടത്തിയ രണ്ടാമത് നടത്തിയ വള്ളംകളി പൂരം ജൂൺ 30 ന് ഫാർമൂറിൽ അരങ്ങേറിയത്. വാശിയും വീറും ഉള്ളിൽ നിറച്ച് വിവിധ വർണങ്ങളുള്ള ജേഴ്സികൾ ധരിച്ച് തടാകക്കരയിൽ 32 വള്ളങ്ങളുടെ തുഴച്ചിൽ മല്ലന്മാർ അണിനിരന്നപ്പോൾ മാനത്ത് കണ്ടിട്ടുള്ള മഴവില്ല് ഭൂമിയിൽ ഉദിച്ചപോലെ തോന്നി.

ശേഷം, ഉത്സാഹം ആപാദചൂഡം എടുത്തണിഞ്ഞ ഒരു ജനസഞ്ചയം, കലാ പ്രകടനങ്ങൾ അരങ്ങുവാണ സ്റ്റേജുകളും കൈക്കരുത്ത് വേഗതയാക്കിയ അതിവേഗ തോണികളിലെ തുഴച്ചിൽക്കാരും ജനത്തിന്റെ ദൃശ്യ ശ്രവ്യ അനുഭൂതികളെ വിരുന്നൂട്ടികൊണ്ടിരുന്നു.

കേരളത്തിന് മാത്രം സ്വന്തമായ തെയ്യം, കഥകളി, പുലികളി, വേഷങ്ങളും ചെണ്ടമേളങ്ങളും, മുല്ലപ്പൂചൂടി മുത്തുകുടയേന്തി, സ്വർണകരയുള്ള പുടവകൾ അണിഞ്ഞു നീങ്ങിയ തരുണീമണികളും ജനമനസുകളും ആയിരം കാതം അകലെ കേരളമണ്ണിലേയ്ക്ക് കൂട്ടികൊണ്ട് പോയി.

അനർഗ്ഗസുന്ദരമായ വാഗ്ധോരണിയാൽ വള്ളംകളിയുടെ തത്സമയ വിവരങ്ങൾ നല്കികൊണ്ടിരുന്ന സംഘം, പുരുഷാരത്തെ, ഉന്മാദത്തോണിയിലേറ്റി തുഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഇളംകാറ്റിൽ ഇളകിക്കളിക്കുന്ന കുഞ്ഞോളങ്ങൾ അതിന്റെ മീതെ തെന്നികുത്തിക്കുന്ന ചുണ്ടൻ വള്ളങ്ങൾ പന്തയക്കുതിരകളെപ്പോലെ പായുന്ന മത്സരങ്ങൾ തടാകക്കരയിൽ ആയിരങ്ങളുടെ വിടർന്ന മിഴികൾ കുതിക്കുന്ന വള്ളങ്ങൾക്കൊപ്പം ഓടിയെത്താൻ പാടുപെടുകയായിരുന്നു.

ജലാശയത്തിന്റെ കരയിൽ തിങ്ങി നിറഞ്ഞ എണ്ണായിരത്തോളം മലയാളികൾ, കേരളത്തനിമയാർന്ന ഭക്ഷണശാലകൾ, കേരളം കലാരൂപങ്ങൾ, കേരളത്തിന്റെ കല പരിപാടികൾ, ഘോഷയാത്രകൾ, കേരളനേതാക്കന്മാരുടെ സാമീപ്യങ്ങൾ, സർവോപരി കേരളത്തിന്റെ വാശിയേറിയ വള്ളം കളി. മലയാള കുളിരണിയിക്കുന്ന ഉച്ചഭാഷണികൾ, തെളിഞ്ഞ ആകാശവും സുന്ദരമായ കാലാവസ്ഥയും.തങ്കസൂര്യനിൽ ഇതൾ വീശി അമൃതകുംഭങ്ങളേന്തിയ കേരനിരകളുടെ അഭാവം ഒന്ന് മാത്രമാണ് ഇത് കേരളമല്ല എന്ന് മനസിനെ ബോധിപ്പിക്കാനുള്ള ഏക ഉപാധിയായി വന്നത്.

സാഹിത്യത്തിന്റെ നീലത്തടാകത്തിൽ തങ്ങളുടെ പ്രതിഭയുടെ കളിയോടങ്ങൾ തുഴഞ്ഞു കളിക്കുന്ന പുതുവാഗ്ദാനങ്ങളെയും ഈ മാമാങ്കത്തിന്റെ വേദിയിൽ ആദരിച്ചു. യുക്മ സാംസ്‌കാരിക വേദി നടത്തിയ സാഹിത്യ മത്സരങ്ങളിൽ വിജയികളായിട്ടുള്ളവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യപ്പെട്ടു. നാളെയുടെ സർഗ്ഗചേതനയാകുന്ന ഇവരുടെ രചനകൾ സാഹിത്യ പുളിനത്തിൽ ഉയർത്താൻ പോകുന്ന ചിറ്റോളങ്ങൾ കൈരളിയുടെ മനോഹര തീരങ്ങളെ പുൽകി ഉണർത്തട്ടെ.

ഗർഷോം ടിവിയുടെ തത്സമയ സംപ്രേക്ഷണം ഈ പരിപാടികൾ ലോകത്തിന്റെ എല്ലാകോണിലും ഉള്ള മലയാളികളിലും എത്തിച്ചു കൊണ്ടിരുന്നു.

ലോക മലയാളി ശ്രീ ശശി തരൂർ എം പി , കേരള നിയമ സഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, എം ൽ എ മാരായ ശ്രീ വി ടി ബൽറാം, ശ്രീ റോഷി അഗസ്റ്റിൻ എന്നീ മഹൽ വ്യെക്തികളുടെ സജീവ സാന്നിധ്യത്താലും ഈ പൂര പറമ്പ് ധന്യമായി.

ഈ എളിയ ലേഖകൻ അവതരിപ്പിച്ച കുട്ടനാടൻ അമ്മച്ചി എന്ന സ്കിറ്റും ഏവർക്കും ഇഷ്ടമായെന്നു കരുതുന്നു.

യുക്മയുടെ ഭാരവാഹികളുടെയും, അംഗ അസ്സോസിയേഷനുകളുടെയും അക്ഷീണ പ്രയത്നത്താൽ യാഥാർഥ്യമായ ഈ കേരളാ പൂരം എല്ലാ അർത്ഥത്തിലും കാണേണ്ട പൂരം തന്നെ ആയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more