1 GBP = 105.86

വയനാട് പോര, അമേഠിയിലും രാഹുൽ ​ഗാന്ധി എന്ന അഭ്യൂഹം ശക്തം; പോരാട്ടത്തിന് ഹിന്ദു-മുസ്ലിം കാർഡ് ഇറക്കി സ്മൃതി ഇറാനി

വയനാട് പോര, അമേഠിയിലും രാഹുൽ ​ഗാന്ധി എന്ന അഭ്യൂഹം ശക്തം; പോരാട്ടത്തിന് ഹിന്ദു-മുസ്ലിം കാർഡ് ഇറക്കി സ്മൃതി ഇറാനി


വയനാട്ടിലെ പോര് കഴിഞ്ഞ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ പോകുന്നുവെന്നും, പത്രിക സമർപ്പിക്കുന്നതിന് മുൻപ് അദ്ദേഹം രാമക്ഷേത്രം സന്ദർശിക്കുമെന്നും വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അതിന് പിന്നാലെയിതാ, ബിജെപി സ്ഥാനാർത്ഥിയും അമേഠിയിലെ പാർട്ടിയുടെ സിറ്റിങ് എംപിയുമായ സ്മൃതി ഇറാനി അയോധ്യയിലെ രാമക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞു. ഞായറാഴ്ചയായിരുന്നു സ്മൃതി ഇറാനിയുടെ സന്ദർശനം. വയനാടിൽ നിന്ന് രാഹുൽ അമേഠിയിലെത്തുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയം പയറ്റിത്തന്നെ നേരിടാനുള്ള ശ്രമമാണ് ബിജെപി ക്യാംപിൽ നടക്കുന്നത്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അമേഠിയിലും റായ്ബറേലിയിലും പത്രിക സമർപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ ഉയർന്നത്. ഈ രണ്ട് സീറ്റിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസിനായി സീറ്റൊഴിച്ചിട്ട സമാജ്‌വാദി പാർട്ടിയും മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ അമേഠിയിൽ വീണ്ടും മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകിയതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ സ്മൃതി ഇറാനി രാമക്ഷേത്രത്തിലെത്തി. എന്നുമാത്രമല്ല, ഇവിടെയെത്തി മറ്റ് അനേകം ഭക്തരുടെ നെറ്റിയിൽ കുറി വരക്കുകയും ചെയ്തു കേന്ദ്ര മന്ത്രി കൂടിയായ സ്മൃതി ഇറാനി. കോൺഗ്രസിനെ എന്നും ഹിന്ദു വിരുദ്ധ പാർട്ടിയെന്നും രാമക്ഷേത്രത്തെ എതിർക്കുന്നവരെന്നും വിമർശിക്കുന്ന ബിജെപി ക്യാംപിനെ സംബന്ധിച്ചിടത്തോളം രാഹുൽ ഗാന്ധിയുടെ രാമക്ഷേത്ര സന്ദർശനം രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഉള്ളത്. ഇത് മുൻകൂട്ടി കണ്ടുള്ള രാഷ്ട്രീയ ചർച്ചയാണ് സ്മൃതി ഇറാനിയുടെ രാമക്ഷേത്ര സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടത്.

അമേഠിയിലെ ഗൗരിഗഞ്ചിലുള്ള കോൺഗ്രസ് ഓഫീസിലേക്ക് ദില്ലി രജിസ്ട്രേഷനിലുള്ള രണ്ട് എസ്‌യുവികൾ എത്തിയതിന് പിന്നാലെയാണ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കാനെത്തുന്നുവെന്ന അഭ്യൂഹം പരന്നത്. ഇതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് രംഗത്ത് വന്നു. ‘രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്കുള്ള ക്ഷണം നിരസിച്ച അയാൾ (രാഹുൽ ഗാന്ധി) ഇപ്പോൾ തെരഞ്ഞെടുപ്പ് കാലം ആയതുകൊണ്ട് അയോധ്യയിലേക്ക് പോവുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ദൈവത്തെ ഓർക്കുന്നയാളാണ് അയാൾ’ – എന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.രാമക്ഷേത്ര പ്രതിഷ്‌ഠയെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയവത്കരിച്ചുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതൃത്വം ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് വിട്ടുനിന്നത്. എന്നാൽ ഇതായിരുന്നില്ല സോണിയ ഗാന്ധിയും മൻമോഹൻ സിങും രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കാതിരിക്കാനായി കാരണമായി ചൂണ്ടിക്കാട്ടിയത്.

‘അയോധ്യ കഴിഞ്ഞാൽ അയാൾ അമേഠിയിലെ ജയസിൽ പോകും. അവിടെ വച്ച് അവരുടെ പാർട്ടി പ്രവർത്തക ഇസ്രത്ത് അയാൾക്ക് കൽമ വായിച്ചുകേൾപ്പിക്കും’- എന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജയസ് എന്നറിയപ്പെടുന്ന സ്ഥലത്താണ് സൂഫി കവി മാലിക് മൊഹമ്മദ് ജയസി ജനിചച്ചത്. 16ാം നൂറ്റാണ്ടിലെ കവിയായിരുന്ന ഇദ്ദേഹമാണ് പ്രശസ്തമായ പദ്മാവത് എന്ന കവിത രചിച്ചത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കോൺഗ്രസ് ഭരണകാലത്ത് ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ അമേഠിയിലും റായ് ബറേലിയിലും സ്ഥാപിച്ചിരുന്നു.

എന്നാൽ രാഹുൽ ഗാന്ധിയുടെ അയോധ്യ സന്ദർശനമോ ജയസ് സന്ദർശനമോ ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് പത്രിക സമർപ്പണത്തിനുള്ള സമയം തുടങ്ങിയത്. വെള്ളിയാഴ്ച വരെ പത്രിക സമർപ്പിക്കാൻ സമയമുണ്ട്. അതേസമയം ഇത്തവണ രാഹുൽ ഗാന്ധി മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് അമേഠി ഡിസിസി പ്രസിഡൻ്റ് പ്രദീപ് സിംഘൽ പറയുന്നത്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങൾ തന്നെ മത്സരിക്കണമെന്ന ആഗ്രഹമാണ് ഉള്ളത്.

അതേസമയം റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ അഭാവത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് റായ്ബറേലിയിലോ അമേഠിയിലോ റോബർട് വദ്ര മത്സരിക്കുന്നതിൽ താത്പര്യമില്ല. ഒരൊറ്റ കോൺഗ്രസ് പ്രവർത്തകന് പോലും വദ്ര സ്വീകാര്യനല്ലെന്നാണ് വിമർശനം.

രണ്ട് ദിവസം മുൻപ് ഉത്തരാഖണ്ഡിലെ ഋഷികേശിലേക്കുള്ള തീർത്ഥാടന സമയത്താണ് റോബർട് വദ്ര തൻ്റെ നിലപാട് പറഞ്ഞത്. അമേഠിയിലെ ജനങ്ങൾക്ക് താൻ അവിടെ മത്സരിക്കണമെന്ന ആഗ്രഹമുണ്ട്, 1999 മുതൽ താൻ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്, 2004 ൽ സോണിയാജിക്ക് വേണ്ടി താനവിടെ പ്രവർത്തിച്ചിട്ടുണ്ട്. സ്മൃതി ഇറാനി മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എനിക്കെതിരെ അവർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു, പക്ഷെ ഒന്നു പോലും തെളിയിക്കാനായില്ലെന്നും വദ്ര പറഞ്ഞു.

1999 ലാണ് അമേഠിയിൽ സോണിയ ഗാന്ധി മത്സരിച്ച് ജയിക്കുന്നത്. 2004 ൽ ഇവിടെ രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ചു. രണ്ടാഴ്ച മുൻപും മണ്ഡലത്തിൽ മത്സരിക്കണമെന്ന് റോബർട് വദ്ര താത്പര്യം അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more