ഗ്രേറ്റ് ബ്രിട്ടന് രൂപത സ്ഥാപനത്തിന് ശേഷം ആദ്യമായി യുകെയിലെത്തിയ കത്തോലിക്കാ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ സഭയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനും വികാരി ജനറാള്‍ ഫാ. തോമസ് പാറയടി, ഫാ. മാത്യു ചൂരപ്പൊയ്കയിലിനും ക്ളിഫ്ടന്‍ രൂപത സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി. ശനിയാഴ്ച വൈകുന്നേരം 6.30 ഓടെ ബ്രിസ്റ്റോളിലെ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പിതാക്കന്മാരെ വികാരി ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം ആദരവോടെ വരവേറ്റു. തുടര്‍ന്ന് 7.30നു ആഘോഷമായി പിതാക്കന്മാരെ ദേവാലയത്തിനുള്ളിലേക്ക് വിശുദ്ധ കുര്‍ബ്ബാനക്കായി ആനയിച്ചു.
ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി മുഖ്യ കാര്‍മ്മികനായി, ഗ്രേറ്റ് ബ്രിട്ടന് രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ ഫാ. തോമസ് പാറയടി, കൂടാതെ വൈദികരായ ഫാ. സഖറിയാസ് കാഞ്ഞുപറമ്പില്‍, ഫാ. സിറില്‍ ഇടമന, ഫാ. സണ്ണി പോള്‍, ഫാ. ജോയി വയലില്‍, ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ഫാന്സുവ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. വിശുദ്ധ കുര്‍ബാന മദ്ധ്യേ നടന്ന സന്ദേശത്തില്‍ പിതാവ് യേശുവിനോട് കൂടെ ചേര്‍ന്ന് വലയെറിയുവാനും യേശുവിനോട് ചേര്‍ന്ന് ജീവിതം നയിക്കുവാനും ആ ജീവിതത്തിനു ഉയര്‍ച്ചകള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഉത്ബോധിപ്പിച്ചു.
ഗ്രേറ്റ് ബ്രിട്ടന് രൂപത ഉണ്ടാകുന്നതിനു മുന്‍പ് തന്നെ റോമിലേക്ക് എത്തിയിരുന്ന വിശ്വാസ സമൂഹങ്ങളിലൊന്നായിരുന്നു ബ്രിസ്റ്റോള്‍ എന്ന് ഓര്‍മ്മിപ്പിച്ച പിതാവ് ബ്രിസ്റ്റോളിലെ വിശ്വാസ സമൂഹത്തിനു നേതൃത്വം നല്കിയ ഫാ. പോള്‍ വെട്ടിക്കാട്ടിനെയും ഫാ. ജോയി വയലിനെയും അഭിനന്ദിച്ചു. സമൂഹത്തിനു ഉന്നതമായ മൂല്യങ്ങളും കുട്ടികള്‍ക്കുള്ള വേദപാഠങ്ങളും നല്കി നല്ല വിശ്വാസ സമൂഹത്തെ വളര്‍ത്തിയെടുത്തതിന് ബ്രിസ്റ്റോളിലുള്ളവരെ അഭിനന്ദിച്ചു. നിങ്ങളുടെ ചിരകാലാഭിലാഷമായ സ്വന്തമായി ദേവാലയം പണിയുന്നതിനുള്ള ആഗ്രഹം സഫലമാകുമെന്നും അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആദ്യമായി കൂദാശ നടത്തുന്ന പള്ളിയായി ബ്രിസ്റ്റോളിലെ ദേവാലയം ആകട്ടെയെന്നും പിതാവ് ആശംസിച്ചു. ബ്രിസ്റ്റോള്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ളാഘിച്ചു.
ചടങ്ങില്‍ പങ്കെടുത്ത പിതാക്കന്മാര്ക്കും മറ്റു വൈദികര്‍ക്കും വിശ്വാസ സമൂഹത്തിനും ഫാ. പോള്‍ വെട്ടിക്കാട്ട് സ്വാഗതം ആശംസിച്ചു. ക്ലിഫ്റ്റന്‍, പ്ലിമത്ത്, മിനിവിയാ, കാര്‍ഡിഫ് എന്നീ രൂപതകളിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പിതാക്കന്മാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വിശുദ്ധ കുര്‍ബാനക്ക് ശേഷം പിതാവ് വിശ്വാസികള്‍ക്കൊപ്പം സ്നേഹവിരുന്നില്‍ പങ്കെടുത്തു. തുടര്‍ന്ന് പിതാക്കന്മാര് സമൂഹത്തിലെ എല്ലാവരുമായി കുശലം പറഞ്ഞും ഫോട്ടോ എടുത്തും അവരിലൊരാളായി മാറി.
ട്രസ്റ്റി റോയി സെബാസ്റ്റ്യന്‍ പിതാക്കന്മാര്ക്കും മറ്റു വൈദികര്‍ക്കും മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്ന്നവര്ക്കും വിശ്വാസ സമൂഹത്തിനും നന്ദി രേഖപ്പെടുത്തി. കരുണയുടെ വര്‍ഷാവസാനത്തില്‍ സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ ലഭിച്ച അവസരത്തിന് ദൈവത്തിനോട് നന്ദി പറഞ്ഞു ബ്രിസ്റ്റോള്‍ സമൂഹം സ്വഭവനങ്ങളിലേക്ക് മടങ്ങി.
click on malayalam character to switch languages