ലണ്ടന്‍: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക്( BAWN ) തങ്ങളുടെ മൂന്നാമത് പിങ്ക് ജന്മദിനം സ്ത്രീത്വത്തിന്റെ മഹനീയമായ ആഘോഷമാക്കി മാറ്റി.ലോകമെമ്പാടും ബ്രെസ്റ്റ് ക്യാന്‍സര്‍ അവബോധ മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പിറവിയെടുത്ത ബ്രിട്ടീഷ് ഏഷ്യന്‍ വനിതാ സംഘടനയാണ് ബോണ്‍.
ബ്രെസ്റ്റ് ക്യാന്‍സര്‍ അവബോധ ക്ലാസ്സും,ക്യാന്‍സര്‍ റിസേര്‍ച്ചിനുള്ള സഹായ നിധി സമാഹരണവുമായി ബോണ്‍ ഒരിക്കല്‍ക്കൂടി മികച്ച മാതൃക കാട്ടിയിരിക്കുകയാണ്.ഈസ്റ്റ് ഹാം ടൌണ്‍ ഹാളില്‍ വെച്ച് നടന്ന ആഘോഷത്തില്‍ മികവുറ്റ കലാ പരിപാടികള്‍ കൂടി ചേര്‍ന്നപ്പോള്‍ ‘ബോണ്‍’ന്റെ പിങ്ക് ജന്മ ദിനാഘോഷം ശ്രദ്ധേയമായി.
ബോണിന്റെ ഫൗണ്ടറും ചെയര്‍ പേഴ്സനുമായ ഡോ. ഓമന ഗംഗാധരന് ജന്മദിന സന്ദേശം നല്കി.’BAWN’ എന്ന സംഘടനയിലൂടെ ബ്രിട്ടനിലുള്ള ഏഷ്യന്‍ വനിതകളുടെ ആരോഗ്യ,സാംസ്കാരിക,സാമൂഹ്യ രംഗങ്ങളില്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളും, ഭാവിയില്‍ വിഭാവനം ചെയ്യുന്ന കര്‍മ്മ പദ്ധതികളും അദ്ധ്യക്ഷ വിശദമാക്കി.പൊതു വേദികളില്‍ വനിതകളുടെഅനിവാര്യമായ അവകാശ ശബ്ദമായി ‘ബോണ്‍’ ഉയര്‍ന്നു വരും എന്നും ഡോ.ഓമന പറയുകയുണ്ടായി.
‘ബോണ്‍’ ന്റെ വളര്‍ച്ച സമ്പന്നമായ ഏഷ്യന്‍ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതിനും,വനിതകളുടെ ഉന്നമനത്തിനും,ഒരുമിക്കലിനും, അവകാശങ്ങള്‍ നേടുന്നതിനും ഭാവിയില്‍ മുതല്‍ക്കൂട്ടാവും എന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാധികാരി ജെറാള്ഡിന് തന്റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു.
ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവല്‍ക്കരണ വേളയില്‍ പങ്കെടുത്ത ഹെഡ്വിഗ് ഒരിക്കല്‍ തനിക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്ന രോഗം പിടിപെട്ടതും പിന്നീട് ഫലപ്രദമായ ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായി സുഖപ്പെട്ട സന്തോഷം സദസ്സിനു പങ്കു വെച്ചത് ഏവര്‍ക്കും പ്രതീക്ഷകളുടെ അനുഭവം പകര്‍ന്നു.
പുഷ്പാലംകൃത പിങ്ക് പട്ടു തുണി വിരിച്ച പീഠത്തില്‍ പ്രാര്ത്ഥനാപൂര്വ്വംഅര്ബ്ബുദ രോഗം വേര്‍പ്പെടുത്തിയ സ്നേഹ മനസ്സുകളുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചും,ആദരം അര്‍പ്പിച്ചും 3 പിങ്ക് മെഴുകു തിരികള്‍ കത്തിച്ചു കൊണ്ടാണ് ബോണിന്റെ മൂന്നാമത് പിങ്ക് ജന്മദിനാഘോഷത്തിന് നാന്ദി കുറിക്കപ്പെട്ടത്.ഡോ.ഓമന, ഖജാന്‍ജി എലിസബത്ത് സ്റ്റാന്‍ലി,രക്ഷാധികാരി ജെറാള്ഡിന് ഹുക്ക,ന്യൂഹാം കൗണ്‍സിലര്‍ ഐഷാ ചൗധരി, സ്പോണ്സര് സ്വയം പ്രോപ്പര്‍ട്ടി എം ഡി ഷീബാ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരി തെളിച്ചു.ന്യൂഹാം കൗണ്‍സിലര്‍ ജോസ് അലക്സാണ്ടര്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.
ബ്രെസ്റ്റ് ക്യാന്‍സര്‍ ചാരിറ്റി ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സുമായി ചേര്‍ന്നാണ് ബോണ്‍ ക്യാന്‍സര്‍ റിസേര്‍ച്ചിനുള്ള പ്രവര്‍ത്തന നിധി സമാഹരിച്ചത്. ന്യൂഹാമിലെ ബിസ്സിനസ്സുകാര്‍ അവരുടെ വ്യവസായ ശാലകളില്‍ നിന്നു നല്കിയ സമ്മാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ബോണ്‍ മുഖ്യമായും സഹായ നിധി സമാഹരിച്ചത്.
ബ്രെസ്റ്റ് ക്യാന്‍സര്‍ അവബോധവുമായി പിങ്ക് വസ്ത്രങ്ങള്‍ ധരിച്ചെത്തിയ മെമ്പര്മാര്മാരോടൊപ്പം ഇളം തലമുറക്കാരായ പെണ്‍കുട്ടികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. എലിസബത്ത് സ്റ്റാന്‍ലിയുടെ നന്ദി പ്രകടനത്തോടെ ബോണ്‍ പിങ്ക് ജന്മ ദിനാഘോഷം സമാപിച്ചു. ബ്രിട്ടനില്‍ ജീവിക്കുന്ന 18 വയസ്സിനു മുകളില്‍ പ്രായം ആയ ഏതൊരു വനിതക്കും ‘BAWN’ ല്‍ മെംബര്‍ഷിപ്പ് ലഭ്യമാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
click on malayalam character to switch languages