ജറുസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അധികാര പിടി അയയുന്നു. ചരിത്രപരമായ നീക്കത്തിലൂടെ പ്രതിപക്ഷ കക്ഷികൾ പാർലമെന്റിന്റെ (നെസെറ്റ്) പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുകയും ലജിസ്ലേറ്റീവ് അജണ്ടയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു.
ഗഡി ഐസൻകോട്ടിന്റെ ‘യഷാർ’ പാർട്ടിയിലെ മാതൻ കഹാനയെയാണ് നെസെറ്റിന്റെ 26ാമത് സ്പീക്കറായി തെരഞ്ഞെടുത്തത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയിലെ അമീർ ഒഹാനയെ മാറ്റിയാണ് കഹാന ഈ പദവിയിലെത്തിയത്.
ഒക്ടോബർ 27ലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനു ശേഷമുള്ള ഐസൻകോട്ട് പക്ഷത്തിന്റെ ആദ്യ നിർണായക നീക്കമാണിത്. 120 അംഗ പാർലമെന്റിൽ വലതുപക്ഷ-അൾട്രാ ഓർത്തഡോക്സ് കക്ഷികളുടെ കൂട്ടായ്മയായ നെതന്യാഹുവിന്റെ പക്ഷത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, നാല് ജൂത പാർട്ടികളുടെ 48 സീറ്റുകളും ജോയിന്റ് ലിസ്റ്റ്, റഅം എന്നീ രണ്ട് അറബ് പാർട്ടികളുടെ 19 സീറ്റുകളും ഉൾപ്പെടെ പ്രതിപക്ഷത്തിന് 67 സീറ്റുകളുണ്ട്.
നെസെറ്റിന്റെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്ത മാതൻ കഹാന
അടുത്ത സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ഈ മാസം ആദ്യം ഐസൻകോട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. നെതന്യാഹുവിന് പകരക്കാരനാകാൻ നാലര ആഴ്ചവരെയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ കെയർടേക്കർ സർക്കാരായി തുടരുന്ന നെതന്യാഹുവിനെതിരെ ശക്തമായ മേൽനോട്ടവും നിയന്ത്രണവും ഏർപ്പെടുത്താനാണ് പുതിയ സഖ്യത്തിന്റെ നീക്കം.
മാതൻ കഹാനയുടെ നിയമനം ‘മാറ്റത്തിന് വോട്ട് ചെയ്ത കേവല ഭൂരിപക്ഷത്തെ പ്രതിഫലിപ്പിക്കുന്ന കൃത്യമായ ജനാധിപത്യപരമായ നീക്കം’ ആണെന്ന് ഐസൻകോട്ട് പ്രതികരിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ നിർണായക നെസെറ്റ് കമ്മിറ്റികളിലേക്ക് ഐസൻകോട്ട് ബ്ലോക്ക് ഇതിനകം തന്നെ ഇടക്കാല അധ്യക്ഷന്മാരെ നിയമിച്ചിട്ടുണ്ട്. ബജറ്റിലും തന്ത്രപരമായ വിഷയങ്ങളിലുമുള്ള മേൽനോട്ടം ഇതിലൂടെ ശക്തമാകും. പ്രതിപക്ഷ കക്ഷിയായ ‘ഇസ്രായേൽ ബെയ്തേനു’ പാർട്ടി നേതാവും പുതിയ ഫോറിൻ അഫയേഴ്സ് ആൻഡ് ഡിഫൻസ് കമ്മിറ്റി അധ്യക്ഷനുമായ അവിഗ്ഡോർ ലിബർമാൻ സുരക്ഷാ മേധാവികളെ ഉടൻ തന്നെ വിളിച്ചുവരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2023ൽ രാജ്യവ്യാപകമായ വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ നെതന്യാഹുവിന്റെ മുൻ സർക്കാരിന്റെ ജുഡീഷ്യൽ അട്ടിമറികൾ റദ്ദാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന നിയമനിർമാണ ലക്ഷ്യങ്ങളിൽ ഒന്ന്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റിയ ബില്ലും അറ്റോർണി ജനറലിന്റെ അധികാരം വെട്ടിക്കുറക്കുന്ന നിയമങ്ങളും റദ്ദാക്കാൻ പ്രത്യേക സമിതികൾ രൂപീകരിച്ചുകഴിഞ്ഞു. മാധ്യമ-വാർത്താ മേഖലകളിൽ സർക്കാർ നിയന്ത്രണം വർധിപ്പിച്ച റെഗുലേഷനുകളും എടുത്തുകളയാൻ സമിതി രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് കാരണമായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ നെതന്യാഹു തയാറാകാത്ത സാഹചര്യത്തിൽ, അതിനായി ഒരു സ്റ്റേറ്റ് കമ്മീഷൻ ഓഫ് എൻക്വയറി രൂപീകരിക്കാനും ഐസൻകോട്ട് ബ്ലോക്ക് പ്രതിജ്ഞബദ്ധമാണ്.
കഹാനയുടെ തെരഞ്ഞെടുപ്പ് തടയാൻ നെതന്യാഹുവും സഖ്യകക്ഷികളും പരമാവധി ശ്രമിച്ചിരുന്നു. അറബ് പാർട്ടികളുടെ പിന്തുണയോടെയാണ് ഇത് നേടിയതെന്നാരോപിച്ച് അവർ ഇതിനെ ചെറുക്കാൻ നോക്കിയെങ്കിലും, സ്വന്തം പാർട്ടികളും പലതവണ പാർലമെന്റിൽ അറബ് എം.പിമാരുടെ പിന്തുണ തേടിയിട്ടുള്ളവരാണ്. വോട്ടെടുപ്പ് വേളയിൽ കഹാനയെ പിന്തുണച്ച ഓരോ അറബ് എംപിക്കും നേരെ നെതന്യാഹുവിന്റെ ബ്ലോക്ക് അംഗങ്ങൾ ‘ലജ്ജ’ എന്ന് ആക്രോശിച്ചു.
വോട്ടെടുപ്പ് ഫലത്തെ തുടർന്ന് ലിക്കുഡ് പാർട്ടി ഇതിനെ രൂക്ഷമായി വിമർശിക്കുകയും, ‘തീവ്രവാദ പിന്തുണക്കാരുടെ’ വോട്ടുകളോടെയാണ് കഹാന തെരഞ്ഞെടുക്കപ്പെട്ടതെന്നും ഇത് നെസെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയാണെന്നും വിശേഷിപ്പിച്ചു.
നെസെറ്റിൽ മേധാവിത്വം സ്ഥാപിച്ചെങ്കിലും നെതന്യാഹുവിനെ പുറത്താക്കാനുള്ള ഐസൻകോട്ടിന്റെ പദ്ധതികൾക്ക് മുന്നിൽ വലിയ തടസ്സങ്ങളുണ്ട്. നാല് ജൂത പ്രതിപക്ഷ പാർട്ടികൾ മാത്രം ഉൾപ്പെടുത്തി 48 സീറ്റുകളുള്ള ഒരു ‘ദേശീയ അടിയന്തര സർക്കാർ’ രൂപീകരിക്കാനാണ് ഐസൻകോട്ട് ലക്ഷ്യമിടുന്നത്. വിവിധ ഇളവുകൾ നൽകി, സർക്കാരിനെ താഴെ വീഴാതെ സംരക്ഷിക്കാൻ അറബ് പാർട്ടികൾ പുറത്തുനിന്ന് പിന്തുണ നൽകുമെന്ന നിലപാടിലാണ്.
എന്നാൽ സഖ്യത്തിലെ മറ്റ് നേതാക്കൾ വ്യത്യസ്ത ദിശകളിലാണ് നീങ്ങുന്നത്. അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള യാതൊരു സർക്കാരിനെയും ലിബർമാൻ എതിർക്കുന്നു. പകരം, നെതന്യാഹുവുമായി പരമ്പരാഗതമായി സഖ്യത്തിലുള്ള രണ്ട് അൾട്രാ ഓർത്തഡോക്സ് പാർട്ടികളായ ‘ഷാസ്’, ‘യുണൈറ്റഡ് തോറ ജൂതയിസം’ എന്നിവരുമായി ചർച്ച നടത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
click on malayalam character to switch languages