1 GBP = 122.89
breaking news

മാഞ്ചസ്റ്ററിൽ നടുറോഡിൽ കുത്തേറ്റ യുവാവ് മരിച്ചു; മുഖംമൂടി ധരിച്ച അക്രമികൾക്കായി തിരച്ചിൽ

മാഞ്ചസ്റ്ററിൽ നടുറോഡിൽ കുത്തേറ്റ യുവാവ് മരിച്ചു; മുഖംമൂടി ധരിച്ച അക്രമികൾക്കായി തിരച്ചിൽ

മാഞ്ചസ്റ്റർ: ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ കത്തിക്കുത്തിൽ 27 വയസ്സുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച (നവംബർ 14) പുലർച്ചെ 1.30ഓടെയാണ് ക്രംപ്സാൾ മേഖലയിലെ മോസ് ബാങ്കിൽ ആക്രമണം നടന്നത്. നിരവധി കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ യുവാവ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഇരുണ്ട വസ്ത്രങ്ങളും ബലാക്ലാവ (മുഖംമൂടി) ധരിച്ചെത്തിയ ഏതാനും പുരുഷന്മാരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തിന് ശേഷം പ്രതികൾ ആഷ് ട്രീ റോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവസ്ഥലത്ത് പോലീസ് സുരക്ഷാവലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും സമീപത്തെ വാഹനങ്ങൾക്കും ഓടകൾക്കും സമീപം പരിശോധന നടത്തുകയും ചെയ്തു. പ്രദേശത്ത് പോലീസ് നിരീക്ഷണവും സുരക്ഷാ സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്.

മരിച്ച യുവാവിന്റെ കുടുംബത്തെ വിവരം അറിയിച്ചതായും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകിവരുന്നതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.

‘അങ്ങേയറ്റം ദാരുണമായ ഈ ആക്രമണത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായത് വലിയ ദുരന്തമാണ്. മരിച്ചയാളുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. എല്ലാ അന്വേഷണ സാധ്യതകളും ഉപയോഗപ്പെടുത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്’ എന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ നീൽ ഹിഗിൻസൺ പറഞ്ഞു.

സംഭവത്തിന് ദൃക്സാക്ഷികളായവരോ അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ കൈവശമുള്ളവരോ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more