1 GBP = 126.71

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു; കലാമേളയിൽ നവാഗതരായി ടോണ്ടൻ മലയാളി അസോസിയേഷനും ട്രൂറോ മലയാളി അസോസിയേഷനും ഈസ്റ്റ് ഡെവൺ മലയാളി അസോസിയേഷനും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു; കലാമേളയിൽ നവാഗതരായി ടോണ്ടൻ മലയാളി അസോസിയേഷനും ട്രൂറോ മലയാളി അസോസിയേഷനും ഈസ്റ്റ് ഡെവൺ മലയാളി അസോസിയേഷനും

സുജു ജോസഫ്, പി ആർ ഓ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ

സാലിസ്ബറി: യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ 18 ന് സാലിസ്ബറിയിൽ നടക്കുന്ന സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. നാന്നൂറിലധികം മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന കലാമേളയിൽ ഇക്കുറി മത്സരാർത്ഥികളുടെ എണ്ണത്തിൽ സർവ്വകാല റിക്കോർഡാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കലാമേളയുടെ ആവേശം അംഗ അസോസിയേഷനുകളും ഏറ്റെടുത്തിരിക്കുകയാണ് ഇക്കുറി. കലാമേളയിൽ നവാഗതരായി ഇക്കുറി ടോണ്ടൻ മലയാളി അസോസിയേഷനും ട്രൂറോ മലയാളി അസോസിയേഷനും ഈസ്റ്റ് ഡെവൺ മലയാളി അസോസിയേഷനും ഇക്കുറിയുണ്ടാകും. കലാമേളയിൽ ആദ്യമായി മാറ്റുരയ്ക്കാനെത്തുന്ന ടോണ്ടൻ മലയാളി അസോസിയേഷൻ യുക്മ പ്രതിനിധികളായ വിനു വി നായർ, ബിജു ഏലംതുരുത്തിൽ, ജിജി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനകം തന്നെ കാര്യമായ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞുവെന്ന് പ്രസിഡന്റ് ജതീഷ് പണിക്കർ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ യുക്മ അംഗമായ ട്രൂറോ മലയാളി അസോസിയേഷൻ ആദ്യമായാണ് കലാമേളയുടെ ഭാഗമാകുന്നത്. കലാമേളയിൽ പങ്കെടുക്കുന്നതിനുള്ള പരിശീലന പരിപാടികൾ ഇതിനകം തന്നെ അണിയറയിൽ ഒരുങ്ങുന്നതായി ഭാരവാഹികളായ പ്രസിഡന്റ് അനീഷ് വർഗ്ഗീസ്, സെക്രട്ടറി ജിസ് ദേവസ്യ, ട്രഷറർ സിബിൻ ബാബു എന്നിവർ അറിയിച്ചു. അതേസമയം പുതുതായി അംഗത്വമെടുത്ത ഈസ്റ്റ് ഡെവൺ മലയാളി അസോസിയേഷൻ പരമാവധി മത്സരാർത്ഥികളുമായെത്തുന്നതിനുള്ള ഒരുക്കത്തിലാണെന്ന് ഭാരവാഹികളായ പ്രസിഡന്റ് പ്രിൻസ് കുര്യൻ, സെക്രട്ടറി അനില സോബിൻ, ട്രഷറർ ലോജി തോമസ് എന്നിവർ പറഞ്ഞു.

റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസ്സോസിയേഷനാകും ഇക്കുറിയും കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക. തുടർച്ചയായി ഇത് നാലാം തവണയാണ് റീജിയണൽ കലാമേളയ്ക്ക് സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നത്. സാലിസ്ബറിയിലെ ഗൊഡോൾഫിൻ സ്‌കൂളിൽ നാല് വേദികളിലായി രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷൻ ലിങ്കുകളും ഇതിനകം തന്നെ അംഗ അസ്സോസിയേഷനുകൾക്ക് അയച്ചു നൽകിയിട്ടുണ്ടെന്നും, ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്നും സെക്രട്ടറി ജോബി തോമസ് അറിയിച്ചു. നാനൂറിലേറെ മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന കലാമേള വേദിയിൽ ഇക്കുറിയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് സുനിൽ ജോർജ്ജ് അറിയിച്ചു. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകാര്യമുള്ള ഗൊഡോൾഫിൻ സ്‌കൂളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കുന്നുണ്ട്. റീജിയണൽ കലാമേള ഇക്കുറിയും വൻ വിജയമാക്കുവാൻ എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ എന്നിവർ അറിയിച്ചു.

ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ഫസ്റ്റ് കോൾ, ജിയ ട്രാവെൽസ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, ബെറ്റർ ഫ്രെയിംസ് എന്നിവരാണ് കലാമേളയുടെ സ്‌പോൺസർമാർ. ജെ എം പി സോഫ്റ്റ്വെയർ ടെക്നിക്കൽ പാർട്ട്ണറും യുക്മ ന്യൂസ് മീഡിയ പാർട്ണറുമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more