1 GBP = 116.26
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള; ഹാട്രിക് കിരീടനേട്ടവുമായി സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ, റണ്ണറപ്പായി സാലിസ്ബറി മലയാളി അസോസിയേഷൻ, വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത്

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള; ഹാട്രിക് കിരീടനേട്ടവുമായി സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ, റണ്ണറപ്പായി സാലിസ്ബറി മലയാളി അസോസിയേഷൻ, വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത്

സുജു ജോസഫ്, പിആർഒ, യുക്മ സൗത്ത് വെസ്റ്റ്

യോവിൽ: ജൂൺ പതിനഞ്ച് ഞായറാഴ്ച്ച യോവിലിൽ നടന്ന യുക്മ സൗത്ത് സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ(എസ് എം സി എ) ഹാട്രിക് കിരീടനേട്ടവുമായി ഓവറാൾ ചാമ്പ്യന്മാരായി. 232 പോയിന്റുമായാണ് എസ്എംസിഎ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. 179 പോയിന്റുകൾ നേടി സാലിസ്ബറി മലയാളി അസോസിയേഷൻ (എസ് എം എ) രണ്ടാം സ്ഥാനവും 93 പോയിന്റുകളുമായി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ (ഡബ്ല്യൂ എം എ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആവേശകരമായ മത്സരങ്ങളാണ് കായികമേളയിലുടനീളം പ്രതിഫലിച്ചത്. മുന്നൂറിലധികം കായികതാരങ്ങൾ മാറ്റുരച്ച കായികമേളയിൽ കിഡ്സ് വിഭാഗത്തിൽ ജെയ്‌സ് ജിനോയെസും, സ്റ്റെഫിൻ ടിന്റു തോമസും വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ ആൻഡ്രിയ ജുവലും അക്ഷർ പങ്കേതും ചാമ്പ്യന്മാരായി. ജൂനിയർ വിഭാഗത്തിൽ തനയ സജീവും ആരോൺ ബോബിൻ ചാക്കോയും ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ അലീന ബിജുവും ജോ പോൾ താച്ചിലും വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ അഡൽറ്റ്‌സിൽ ഇരു വിഭാഗങ്ങളിലുമായി നാലുപേരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. ഫീമെയിൽ വിഭാഗത്തിൽ ചിഞ്ചു ജോസും ഐശ്വര്യ നിഖിലും ചാമ്പ്യൻ പട്ടം പങ്കിട്ടപ്പോൾ പുരുഷ വിഭാഗത്തിൽ മോനു ജോസഫും അതുൽ ജോബിയും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. സീനിയർ അഡൽറ്റ്‌സിൽ സൗമ്യ സജീവും അരുൺ തോമസും വ്യക്തിഗത ചാമ്പ്യന്മാരായി. സൂപ്പർ സീനിയർ വനിതാ വിഭാഗത്തിൽ രാജി ബിജുവും മിനി ജോസഫും ചാമ്പ്യൻ പട്ടം പങ്കിട്ടപ്പോൾ പുരുഷ വിഭാഗത്തിൽ ബെൻസി എബ്രഹാം ചാമ്പ്യനായി.

രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷനോടെ യോവിലിലെ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ ആരംഭിച്ച സൗത്ത് വെസ്റ്റ് കായികമേളക്ക് അംഗ അസോസിയേഷനുകളിൽ നിന്ന് വൻപിച്ച പിന്തുണയാണ് ലഭിച്ചത്. ഒൻപത് മണിയോടെ ആരംഭിച്ച കായികതാരങ്ങളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ് ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത പ്രാസംഗികനായ സെക്രട്ടറി ജോബി തോമസ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടായിരുന്നു സമ്മേളനത്തിന് തുടക്കമിട്ടത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ കായികമേള ഔദ്യോഗിമായി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ യുക്മ മുൻ പ്രസിഡന്റും ദേശീയ സമിതിയംഗവുമായ ഡോ ബിജു പെരിങ്ങത്തറ, ദേശീയ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. റീജിയണൽ ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ ഉദ്‌ഘാടന സമ്മേളനത്തിന് നന്ദി പറഞ്ഞു.

കായികതാരങ്ങളുടെ ബാഹുല്യം കൊണ്ട് മുഴുവൻ മത്സരങ്ങളിലും പതിവിലും വിപരീതമായി കൂടുതൽ കായികതാരങ്ങളും പങ്കെടുത്തത് കൊണ്ടും ഇക്കുറി വ്യക്തമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് റീജിയണൽ കമ്മിറ്റി പ്രവർത്തനങ്ങൾ നടത്തിയത്. വിവിധ സോണുകളായി തിരിച്ച് റീജിയണൽ ഭാരവാഹികളും ആതിഥേയരായ എസ് എം സി എ ഭാരവാഹികളും നേതൃത്വം കൊടുത്ത് നടത്തിയ കായികമേള മത്സരങ്ങൾ ഇക്കുറി സമയബന്ധിതമായി പൂർത്തിയാക്കാനായി എന്നത് അഭിമാനിക്കാനാവുന്ന നേട്ടം തന്നെയാണ്. റീജിയണൽ വൈസ് പ്രസിഡന്റുമാരായ ചാർളി മാത്യു, ടെസ്സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ സാനി മൈക്കിൾ, ശാലിനി റിജേഷ്, യുക്മ സൗത്ത് വെസ്റ്റ് ആർട്സ് കോർഡിനേറ്റർ ബിജോയ് വർഗ്ഗീസ്, നേഴ്‌സസ് ഫോറം കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി, ഇന്റെർണൽ ഓഡിറ്റർ ഉമ്മൻ ജോൺ, യുക്മ ന്യൂസ് കോർഡിനേറ്റർ ഡിനു ഡൊമിനിക്, എസ് എം സി എ ഭാരവാഹികളായ ഗിരീഷ് കുമാർ, ബവറിൻ ജോൺ, ടിനു തോമസ്, ടോബിൻ തോമസ്, സിക്സൺ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായികമേളയുടെ മത്സരങ്ങൾ നിയന്ത്രിച്ചത്.

മത്സരങ്ങൾക്കൊടുവിൽ നടന്ന ആവേശകരമായ വടംവലി മത്സരത്തിൽ എക്സിറ്റർ മലയാളി അസോസിയേഷൻ വിജയികളായി. വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തുമെത്തി. എന്നാൽ വടംവലിയിൽ വനിതകൾക്കായി ആദ്യമായി നടത്തിയ പ്രദർശന മത്സരത്തിൽ പ്ലിമത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ടീമാണ് വിജയികളായത്. രണ്ടാം സ്ഥാനം വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ നേടി.

സമ്മാനദാന ചടങ്ങിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ലൈഫ് ലൈൻ പ്രൊട്ടെക്റ്റ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഫസ്റ് കോൾ, ജിയ ട്രാവൽ & ടൂർഴ്സ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, ബെറ്റർ ഫ്രെയിംസ്, നീലിസ് ബോട്ടിക്, ഗ്രേസ് കാർസ്, ജെ എം പി സോഫ്‌റ്റെവെയേഴ്സ് തുടങ്ങിയവരായിരുന്നു കായികമേളയുടെ സ്പോൺസേഴ്‌സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more