ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനാൽ പാകിസ്താന് സഹായം നൽകരുതെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ച് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) വീണ്ടും വായ്പ അനുവദിച്ചു. ദീർഘകാല വായ്പാ പദ്ധതിയായ എക്സ്റ്റൻഡഡ് ഫണ്ട് ഫസിലിറ്റിക്കു (ഇ.എഫ്.എഫ്) കീഴിൽ 102 കോടി ഡോളറാണ് ഇത്തവണ പാകിസ്താന് ലഭിച്ചതെന്ന് ആ രാജ്യത്തെ കേന്ദ്ര ബാങ്ക് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ പാകിസ്താന് 700 കോടി ഡോളറിന്‍റെ വായ്പ നൽകാമെന്ന് ഐ.എം.എഫ് അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുള്ള രണ്ടാം ഗഡുവാണിത്. ഇതുവരെ 200 കോടി ഡോളറിനു മുകളിൽ പാകിസ്താൻ കൈപ്പറ്റി.
പാകിസ്താന് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിന് ചേർന്ന ഐ.എം.എഫ് എക്സിക്യുട്ടീവ് യോഗത്തിൽ എതിർപ്പറിയിച്ച് ഏതാനും രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളെയും നേരിടാനുള്ള ആർ.എസ്.എഫ് ഫണ്ടിനു കീഴിൽ 140 കോടി ഡോളറാണ് അന്ന് ഐ.എം.എഫ് അനുവദിച്ചത്. പ്രതിഷേധ സൂചകമായി ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. സഹായങ്ങൾക്കായി നൽകുന്ന പണം പാകിസ്താൻ നേരായ രീതിയിലല്ല ഉപയോഗിക്കുന്നതെന്നും സർക്കാറിനെ നിയന്ത്രിക്കുന്നത് പാക് സൈന്യമാണെന്നും ഇന്ത്യ പറഞ്ഞു. എന്നാൽ വായ്പ അനുവദിച്ച ഐ.എം.എഫിന്‍റെ തീരുമാനത്തെ പാകിസ്താൻ സ്വാഗതം ചെയ്തു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാര്‍ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ചു. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി എന്നിവരാണ് സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയാണ് സേന മേധാവിമാർ രാഷ്ട്രപതിയെ കണ്ടത്.
ഭീകരതക്കെതിരായ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ വിജയമാക്കി മാറ്റിയ സായുധ സേനകളുടെ ധീരതയെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പാകിസ്താനെതിരെ നടത്തിയ സൈനിക നടപടിയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചിരുന്നു. ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലേറെ ഭീകരരെ വധിച്ചു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ 1960ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി.
click on malayalam character to switch languages