അപ്പച്ചൻ കണ്ണഞ്ചിറ
നോർവിച്ച്: യു കെ യിലെ നോർവിച്ചിൽ നിര്യാതയായ നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസിനു നാളെ മെയ് 9 ന് വെള്ളിയാഴ്ച്ച സ്നേഹോഷ്മളമായ യാത്രാമൊഴിയേകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം നോർവിച്ച് മലയാളി സമൂഹത്തിലും, സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ ഇടവകയിലും, നീണ്ടൂർ സംഗമത്തിലും സ്നേഹ സാന്നിദ്ധ്യമായിരുന്ന മേരിക്കുട്ടിക്ക് നാളെ (വെള്ളിയാഴ്ച) നോർവിച്ചിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാവും നൽകുക.
പൊതുദർശനം ഉച്ചക്ക് ഒരു മണി മുതൽ മൂന്നുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതുമായിരിക്കും. നോർവിച്ചിൽ സെന്റ് ജോർജ്ജ് റോമൻ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനത്തിനും, തിരുക്കർമ്മങ്ങൾക്കും ഉള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ് നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്. സഞ്ചു, സനു, സുബി എന്നിവർ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.
നോർവിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അർപ്പിക്കും. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമ്മീകത്വം വഹിക്കുന്നതാണ്.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയിൽ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും, അനുശോചന സന്ദേശങ്ങൾ നൽകുകയും. തുടർന്ന് ബോഡി തിരിച്ചു മോർച്ചറിയിലേക്ക് കൊണ്ടു പോകുന്നതുമാണ്.
നിയമനടപടികൾ പൂർത്തിയാക്കി ബോഡി നാട്ടിൽ എത്തിക്കുന്നതും, നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയിൽ സംസക്കരിക്കുന്നതുമാണ്.
പൊതുദർശനത്തിലും തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് വിടപറഞ്ഞ പ്രിയ സോദരിക്ക് യാത്രാമൊഴിയേകുവാനും, അനുശോചനവും അന്ത്യാഞ്ജലിലും അർപ്പിക്കുന്നതിനും, നിത്യശാന്തി നേരുന്നതിനും ഉള്ള അവസരമാണ് നോർവിച്ച് സെന്റ് ജോർജ്ജ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇതൊരറിയിപ്പായി കണക്കാക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.
Venue :
St. George’s R C Church, Sprowston Road, Norwich, Norfolk,
NR3 4HZ
click on malayalam character to switch languages