യുക്മ ദേശീയ നേതൃയോഗം ഏപ്രിൽ 5 ശനിയാഴ്ച ബർമിംങ്ഹാമിൽ….. റീജീയണൽ നാഷണൽ പോഷക സംഘടനാ ഭാരവാഹികളുടെ സംഗമവേദിയിൽ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും
Apr 04, 2025
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ ( യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ്) പുതിയ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിൽ അടുത്ത രണ്ട് വർഷങ്ങളിലെ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ട് വർഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.2009 ജൂലൈ 4 ന് സ്ഥാപിതമായ യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികൾക്കിടയിൽ തലയെടുപ്പോടെ നിൽക്കുകയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി, ഒരു പുതിയ നേതൃനിര രൂപപ്പെടുത്തി രണ്ട് വർഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും ഏറെ അഭിമാനകരവുമായ ചുമതലയാണ് പുതിയ ഭാരവാഹികൾ ഏറ്റെടുത്തിരിക്കുന്നത്.
യുക്മ ദേശീയ ഭാരവാഹികൾ, ദേശീയ സമിതി അംഗങ്ങൾ, റീജണൽ ഭാരവാഹികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക നേതൃയോഗം ഏപ്രിൽ 5 ശനിയാഴ്ച ബർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരുന്നു. പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതി നേതൃത്വം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ചുവട് വെയ്പ്പാണ് ഈ നേതൃയോഗം.
യുക്മ റീജിയണൽ നാഷണൽ ഭാരവാഹികളുടെ സംഗമവേദിയാകുന്ന വാൽസാളിലെ റോയൽ ഹോട്ടലിൽ രാവിലെ ഒൻപതരയോടെ നടക്കുന്ന ദേശീയ സമിതി യോഗത്തിന് ശേഷം പതിനൊന്ന് മണിയോടെയാകും നേതൃയോഗം ആരംഭിക്കുക. പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രണ്ടു വർഷക്കാലത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. വിവിധ റീജിയണൽ ഭാരവാഹികളും, പോഷക സംഘടനാ നേതാക്കളും തങ്ങളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിവരിക്കും.
പ്രവർത്തന മികവിൻ്റെ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കി പതിനാറാമത് വർഷത്തിലേക്ക് കടക്കുവാനൊരുങ്ങുന്ന യുക്മയുടെ പ്രവർത്തനങ്ങൾ യു കെ മലയാളികൾക്ക് കൂടുതൽ പ്രയോജനകരമാവുന്ന വിധത്തിൽ രൂപം കൊടുക്കുവാനുള്ള ശ്രമത്തിലാണ് പുതിയ ദേശീയ, റീജിയണൽ നേതൃത്വങ്ങൾ. യുക്മ രൂപീകൃതമായ കാലം മുതൽ സംഘടിപ്പിച്ച് വരുന്ന കലാമേള, കായികമേള, 2017 മുതൽ നടത്തി വരുന്ന കേരള പൂരം വള്ളംകളി, യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ യു കെ മലയാളി സമൂഹത്തിനും, ജന്മനാടിനും പ്രയോജനകരമാകുന്ന വിധത്തിലുള്ള പദ്ധതികൾ, യുക്മ യൂത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കൻമാർക്ക് പുത്തൻ ദിശാബോധവും ജീവിത വിജയത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്നിവക്ക് പുറമെ കൂടുതൽ വൈവിധ്യമാർന്ന മറ്റ് പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പടെ നിരവധി കാര്യങ്ങളാണ് പുതിയ ദേശീയ നേതൃത്വം റീജിയണൽ കമ്മിറ്റികളുടെ സഹകരണത്തോട് കൂടി നടപ്പിലാക്കുവാൻ ഒരുങ്ങുന്നത്.
ഭാവിപ്രവർത്തനങ്ങൾ ചർച്ച ചെയ്ത് ആസൂത്രണം ചെയ്യുന്നതിനൊപ്പം തന്നെ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുള്ള പ്രധാന മാർഗ്ഗമാണ് നേതൃയോഗം കൊണ്ടുദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ജയകുമാർ നായർ പറഞ്ഞു. വിവിധ സെഷനുകളായി നടക്കുന്ന നേതൃയോഗത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ വാൽസാളിലെ റോയൽ ഹോട്ടലിൽ ഒരുക്കിയതായി ട്രഷറർ ഷീജോ വർഗ്ഗീസ് അറിയിച്ചു.
യുക്മയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള കർമ്മ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടി ചേരുന്ന ഈ സുപ്രധാന യോഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
click on malayalam character to switch languages