നേതൃസമിതികളിെലെ അംഗത്വത്തിനുള്ള 75 വയസ് പരിധിക്കെതിരെ നിബന്ധനക്കെതിരെ സിപിഐഎം പാർട്ടി കോൺഗ്രസിൽ സംസ്ഥാന ഘടകങ്ങളുടെ നീക്കം. പ്രായപരിധി നിബന്ധന ഒഴിവാക്കണമെന്ന് കേരളം ബംഗാൾ ഉൾപ്പെടെയുളള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് ചർച്ചയിൽ ആവശ്യം ഉയർന്നു. നേതാക്കൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് നേതൃത്വത്തിൽ ശൂന്യത സൃഷ്ടിക്കുമെന്ന വാദം ഉയർത്തിയാണ് പ്രായപരിധി നിബന്ധന നീക്കണമെന്നെ ആവശ്യം മുന്നോട്ട് വെക്കുന്നത്. പൊളിറ്റ് ബ്യൂറോയിൽ നിന്ന് മാത്രം ഏഴ് നേതാക്കളാണ് 75 വയസ്സ് പൂർത്തിയായി ഒഴിയാനിരിക്കുന്നത്.
കണ്ണൂരിൽ ചേർന്ന 23 ആം പാർട്ടി കോൺഗ്രസാണ് പാർട്ടി ഭരണഘടന ഭേദഗതിയിലൂടെ 75 വയസ്സ് എന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇത് ഗുണം ചെയ്തില്ലെന്ന അഭിപ്രായം സിപിഐഎമ്മിൽ ശക്തമാണ്. കേരളത്തിൽ ജി.സുധാകരൻ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു.ഇത് പാർട്ടി കോൺഗ്രസ് വേദിയിലും ഉയരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്റെ ഗ്രൂപ്പ് ചർച്ചയിലാണ് പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന ആവശ്യം ഉയർന്നത്. കേരളത്തിന്റെ ഗ്രൂപ്പ് ചർച്ചയിലും നാലുപേർ ഇക്കാര്യം ഉന്നയിച്ചു. പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള പാർട്ടി ഘടകങ്ങളുെടെ ഗ്രൂപ്പ് ചർച്ചയിലും സമാനമായ ആവശ്യം ഉയർന്നുവെന്നാണ് സൂചന. പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടെന്നാണ് ബംഗാൾ ഘടകം ചൂണ്ടിക്കാട്ടുന്നത്. ബംഗാൾ സംസ്ഥാന സമ്മേളനത്തിലും ഈ വിമർശനം ഉയർന്നിരുന്നു. പാർട്ടി കോൺഗ്രസിലെ പൊതു ചർച്ചകളിലും കേരളവും ബംഗാളും ആവശ്യത്തിൽ ഉറച്ച് നിന്നാൽ പ്രായപരിധി നിബന്ധനയിൽ പുനരാലോചനക്ക് നേതൃത്വം നിർബന്ധിതമായേക്കും. പക്ഷെ ഇതിന് പാർട്ടി ഭരണഘടനയിൽ ഭേദഗതി വേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഏഴു പി ബി അംഗങ്ങളാണ് 75 വയസ്സ് പിന്നിട്ടത്. പ്രകാശ് കാരാട്ട്, ബൃന്ദകാരാട്ട്, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, മണിക്ക് സർക്കാർ, ജി രാമകൃഷ്ണൻ എന്നിവരാണ് പിണറായിയെ കൂടാതെ ഒഴിയുന്നത്.
സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താൻ വിഷമിക്കുന്ന പാർട്ടിക്ക് ഇത്രയും നേതാക്കൾ ഒറ്റയടിക്ക് കളമൊഴിയുന്നത് തിരിച്ചടി ഉണ്ടാക്കുമെന്നാണ് സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം. അതുകൊണ്ടാണ് പ്രായം മാത്രം മാനദണ്ഡമാക്കാതെ. പ്രവർത്തന പാരമ്പര്യവും പ്രവർത്തന പരിചയവും കണക്കിലെടുക്കണമെന്ന നിർദ്ദേശമാണ് ഉയരുന്നത്.
click on malayalam character to switch languages