ബാങ്കോക്ക്: ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു. മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ 838 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1670 പേർക്ക് പരിക്കേറ്റതായാണ് മ്യാൻമർ സൈനിക നേതാവ് വ്യക്തമാക്കിയത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിന് കൈത്താങ്ങായി ഇന്ത്യ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അവിടത്തെ ജനസുരക്ഷയ്ക്കായ് പ്രാർത്ഥിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടർ പ്യൂരിഫയർ, സോളാർ ലാമ്പ്, ജനറേറ്റർ അടക്കം 15 ടൺ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങൾ ഇന്ത്യ മ്യാന്മറിലേക്ക് അയച്ചു.
ബാങ്കോക്കിൽ നിലവിൽ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മ്യാൻമാറിനൊപ്പം ഭൂകമ്പം വലിയ നാശം വിതച്ച തായ്‌ലാൻഡിൽ പ്രധാനമന്ത്രി പെയ്‌തൊങ്ടാൺ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലും മെട്രോ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കയാണ്.
7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനിൽ അനുഭവപ്പെട്ടത്. 1.7 കോടിപ്പേർ പാർക്കുന്ന അംബരചുംബികളാൽനിറഞ്ഞ നഗരമാണ് ബാങ്കോക്ക്. പ്രകമ്പനമനുഭവപ്പെട്ടതിനുപിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
click on malayalam character to switch languages