7 ഓസ്കാറുകൾ നേടിയ ഓപ്പൺഹൈമറിന് ശേഷം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ഒഡീസി എന്ന ഫാന്റസി അഡ്വെഞ്ചർ ചിത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്. ഹോമറിന്റെ ഇതിഹാസകൃതിയെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ആയ നോളൻ എങ്ങനെ തിരശീലയിലേയ്ക്ക് ആവിഷ്‌കരിക്കും എന്ന ആകാംക്ഷയിൽ ഇരിക്കുമ്പോൾ ആണ് പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽ ഒരു വമ്പൻ വഞ്ചിയിൽ പ്രാചീന കാലഘട്ടങ്ങളിലെപോലുള്ള പ്രത്യേക വേഷം ധരിച്ച് നിൽക്കുന്ന നടൻ ടോം ഹോളണ്ടിനെയും സംഘത്തെയും അവർക്കൊപ്പം നിൽക്കുന്ന ക്രിസ്റ്റഫർ നോളനേയും കാണാം. സാധാരണ ഹോളിവുഡിൽ കപ്പലും കടലുമെല്ലാം ഉൾപ്പെടുന്ന സീനുകൾ ഗ്രാഫിക്സിന്റെ സഹായം തേടാനായി ഗ്രീൻ സ്‌ക്രീനിൽ ചിത്രീകരിക്കുകയാണ് പതിവ്. എന്നാൽ cgi ഒഴിവാക്കി, ചിത്രീകരിക്കാൻ അത്യധികം ശ്രമകരവും ചിലവുമേറിയ രംഗങ്ങൾ സാഹസികമായി ക്യാമറയിൽ പകർത്തുന്നതിൽ പ്രസിദ്ധനായ ക്രിസ്റ്റഫർ നോളന് ഇതെല്ലാം നിസ്സാരമെന്നാണ് ആരാധകർ പറയുന്നത്.
ട്രോജൻ യുദ്ധത്തിൽ പങ്കെടുത്ത ശേഷം തന്റെ നാട്ടിലേയ്ക്ക് തിരിച്ച് പോകുന്ന ‘ഇത്താക്ക’ എന്ന രാജ്യത്തെ രാജാവായ ഒഡീസിയസ്സിന് തന്റെ മാർഗ്ഗമധ്യേ നേരിടേണ്ടി വരുന്ന തടസ്സങ്ങളും സാഹസങ്ങളുമാണ് പ്രാചീന കവിയായ ഹോമർ രചിച്ച ഈ ഇതിഹാസകൃതിയുടെ പ്രമേയം. ചിത്രത്തിൽ ഒഡീസിയസ് ആയെത്തുന്നത് മാറ്റ് ഡേമൻ ആണ്. ഒഡീസിയസ്സിന്റെ മകനായ ‘ടെലെമക്കസ്’ എന്ന കഥാപാത്രത്തെയാണ് ടോം ഹോളണ്ട് അവതരിപ്പിക്കുന്നത്. സിസിലി, മൊറോക്കോ, യുകെ എന്നിവിടങ്ങളിൽ വെച്ചാണ് ഒഡീസിയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ചിത്രത്തിൽ ഇരുവരെയും കൂടാതെ റോബർട്ട് പാറ്റിൻസൺ, സെൻഡായ, എലിയറ്റ് പേജ്, ചാർലിസ് തെരൺ, തുടങ്ങിയ കൂറ്റൻ താരനിരയുണ്ട്. മായാജാലവും ഭീകരജന്തുക്കളും അതിസാഹസിക രംഗങ്ങളും എല്ലാം നിറഞ്ഞ കൃതിയെ സിനിമയാക്കുമ്പോൾ ഗ്രാഫിക്സിന്റെ സഹായം തേടിയെ പറ്റൂ എങ്കിലും, കഴിവതും പ്രായോഗികമായി ചിത്രീകരിക്കാൻ ആണ് ക്രിസ്റ്റഫർ നോളൻ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഭീമാകാരനായ രാക്ഷസ കഥാപാത്രത്തെ ആനിമട്രോണിക്ക്സിന്റെ സഹായത്തിൽ സ്‌ക്രീനിൽ കൊണ്ടുവരാൻ, ഒരു കൂറ്റൻ പാവയെ ഇതിനകം അണിയറപ്രവർത്തകർ നിർമ്മിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
click on malayalam character to switch languages