1 GBP = 109.64
breaking news

യുഎസ്എഐഡി ഫണ്ട്: ‘ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു’; വീണ്ടും പ്രതികരിച്ച് ട്രംപ്

യുഎസ്എഐഡി ഫണ്ട്: ‘ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു’; വീണ്ടും പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ: തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യക്ക് നൽകിവരുന്ന യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്പമെൻ്റ്) ഫണ്ടിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശത്ത് ഗണ്യമായ തുക ചെലവഴിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ട്രംപ് ചോദ്യം ചെയ്തു. ശനിയാഴ്ച നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ (സിപിഎസി) സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്ക പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ നിർദ്ദേിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു.

‘ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യുഎസ്എഐഡി ഫണ്ടിൽ നിന്ന് 18 മില്യൺ യുഎസ് ഡോളറാണ് ധനസഹായമായി നൽകിയത്. എന്തുകൊണ്ട്? നമ്മൾ പഴയ പേപ്പർ ബാലറ്റുകളിലേക്ക് പോകണം. അവർ (ഇന്ത്യ) നമ്മളെ തിരഞ്ഞെടുപ്പിൽ സഹായിക്കട്ടെ. നമ്മൾ തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യയ്ക്ക് പണം നൽകുന്നു. അവർക്ക് പണത്തിന്റെ ആവശ്യമില്ല. ലോകത്തിൽ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവർക്ക് 200 ശതമാനം താരിഫ് ഉണ്ട്. യുഎസ് ഏർപ്പെടുത്തുന്ന ഉയർന്ന താരിഫുകളിൽ നിന്നും ഇന്ത്യ നേട്ടമുണ്ടാകുന്നുണ്ട്. എന്നിട്ടും തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ അവരെ സഹായിക്കുന്നു. അവർ നമ്മളെ നന്നായി മുതലെടുക്കുകയാണെ’ന്നും ട്രംപ് പറഞ്ഞു.

യുഎസ്എഐഡി ഫണ്ടിംഗുമായി ബന്ധപ്പെട്ട് നേരത്തെയും വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് രം​ഗത്തെത്തിയിരുന്നു. 21 മില്യൺ ഡോളർ തുക സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നൽകിയതെന്ന ട്രംപിൻ്റെ പരാമർശം വിവാദമായിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പിലും സമാന രീതിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതികൾ നടപ്പിലാക്കാമെന്നിരിക്കെ ഇന്ത്യക്ക് രാജ്യം വലിയ തുക നൽകേണ്ട ആവശ്യമെന്താണെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബം​ഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്താൻ ഒരു സംഘടനയ്ക്ക് മാത്രമായി 29 മില്യൺ ഡോളർ നൽകിവരുന്നതിനേയും അദ്ദേഹം വിമർശിച്ചിരുന്നു.

ആരോപണം ചർച്ചയായതോടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. യുഎസ്എഐഡി ഫണ്ടിംഗിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിലെ അംഗങ്ങൾ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അത് ആശങ്കാജനകമാണ്. സർക്കാർ അതിന്റെ വസ്തുതകൾ അന്വേഷിച്ചു വരികയാണെന്നും എസ് ജയ്ശങ്കർ പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more