1 GBP = 109.64
breaking news

പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും’; നെതന്യാഹുവിനോട് ഡൊണാൾഡ് ട്രംപ്

പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും’; നെതന്യാഹുവിനോട് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ പുനർനിർമിച്ച് എല്ലാവരേയും ഉൾക്കൊള്ളുന്ന പ്രദേശമാക്കും. പലസ്തീനികളെ ഗാസയ്ക്ക് പുറത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ട്രംപ് പ്രസിഡന്റായ ശേഷം വൈറ്റ് ഹൗസിലെത്തുന്ന ആദ്യ നേതാവാണ് നെതന്യാഹു.

ഹമാസിനെ ഉൻമൂലനം ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിൽ ഇടപെട്ടതിൽ ട്രംപിന് നന്ദിയെന്ന് നെതന്യാഹുവും അറിയിച്ചു. ‘ഗാസയെ യുഎസ് ഏറ്റെടുക്കും. പ്രദേശത്തെ എല്ലാ ബോംബുകളും ആയുധങ്ങളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും തയ്യാറാണ്. ഗാസയിൽ പുതിയ ഭവനങ്ങളും തൊഴിലുകളും സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റും. ഇത് വെറുതെ പറയുന്നതല്ല. താൻ പങ്കുവെച്ച ആശയം എല്ലാവർക്കും ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അങ്ങോട്ട് അയയ്‌ക്കേണ്ടി വന്നാൽ അതും ചെയ്യും’, ട്രംപ് പറഞ്ഞു.

പലസ്തീൻ പൗരന്മാർ ജോർദാനിലേക്കോ, ഈജിപ്തിലേക്കോ പോകണമെന്ന തൻറെ മുൻ പ്രസ്താവനയെ ഊട്ടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് അവിടെ ജീവിച്ച് മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയിൽ പലസ്തീന്‍ അനുകൂലികൾ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി രം​ഗത്തെത്തി. പലസ്തീന്‍ വില്‍പ്പനയ്ക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ഗാസയില്‍ തുടരാനുളള പലസ്തീനികളുടെ ആഗ്രഹം ലോക നേതാക്കള്‍ മാനിക്കണമെന്ന് പലസ്തീന്‍ യുഎന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പറഞ്ഞു. തകര്‍ക്കപ്പെട്ടെങ്കിലും ഗാസ തങ്ങളുടെ മാതൃരാജ്യമാണെന്നും റിയാദ് മന്‍സൂര്‍ കൂട്ടിച്ചേർത്തു. പലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന നിര്‍ദേശം നിരസിക്കുന്നതയായി സൗദി അറേബ്യയും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more