1 GBP = 109.64
breaking news

‘വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ല’; തുടച്ചുനീക്കുമെന്ന് ട്രംപ്

‘വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ല’; തുടച്ചുനീക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇറാനെ തുടച്ച് നീക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഉപദേശകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ടെഹ്‌റാനില്‍ പരമാവധി സമ്മര്‍ദം ചെലുത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പ് വെക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാന്‍ അത്തരമൊരു പ്രവര്‍ത്തിക്ക് തുനിഞ്ഞാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഇറാനിയന്‍ ഭീഷണി വര്‍ഷങ്ങളായി ഫെഡറല്‍ അധികാരികള്‍ നിരീക്ഷിച്ചു വരികയാണ്.

നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന് പെന്നിസില്‍വാനിയയില്‍ വെച്ച് വെടിയേറ്റിരുന്നു. എന്നാല്‍ അത് ഇറാന്റെ വധശ്രമമായിരുന്നില്ലെന്ന് അധികാരികള്‍ വ്യക്തമാക്കിയിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ട്രംപിനെ വധിക്കാനുള്ള ഇറാന്റെ പദ്ധതി ഇല്ലാതാക്കിയതായി നീതി വകുപ്പ് നവംബറില്‍ പറഞ്ഞിരുന്നു. ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും 51കാരനായ ഫര്‍ഹാദ് ഷകേരിയെ സെപ്റ്റംബറില്‍ ഇറാന്‍ ചുമതലപ്പെടുത്തിയിരുന്നതായും ഇയാളിപ്പോള്‍ ഇറാനില്‍ ഒളിവിലാണെന്നും നീതി വകുപ്പ് ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പറഞ്ഞ് ഇറാനിയന്‍ അധികാരികളും രംഗത്തെത്തി. ഇറാന്‍-അമേരിക്ക ബന്ധം സങ്കീര്‍ണമാക്കാന്‍ ഇസ്രയേലുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ ഗൂഡാലോചനയാണെന്നായിരുന്നു വിദേശ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബഘേയി അന്ന് വ്യക്തമാക്കിയത്.

2020ല്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സിന്റെ ഖുദ്സ് സേനയുടെ നേതാവായ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ അന്നത്തെ യുഎസ് പ്രസിഡൻ്റായിരുന്ന ട്രംപായിരുന്നു ഉത്തരവിട്ടത്. 2020 ജനുവരി മൂന്നിനായിരുന്നു ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് വെച്ച് യു എസ് സൈന്യം‌ ഡ്രോൺ ആക്രമണത്തിലൂടെ സുലൈമാനിയെയും ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും വധിച്ചിരുന്നു. ‘ഭരണകൂട ഭീകരത’ എന്നായിരുന്നു കൊലപാതകത്തെ ഇറാൻ വിശേഷിപ്പിച്ചത്. ഖാസിം സുലൈമാനിയെ വധവുമായി ബന്ധപ്പെട്ട് 60 ഉന്നത യു എസ് ഉദ്യോഗസ്ഥരെ ഇതിന് പിന്നാലെ ഇറാൻ കരിമ്പട്ടിയിൽ പെടുത്തിയിരുന്നു. അന്നത്തെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയനായിരുന്നു ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more